2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യു.കെ കുടിയേറ്റം; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ വിസ സ്‌കീമുകള്‍ ഏതെന്നറിയാം

യു.കെ കുടിയേറ്റം; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ വിസ സ്‌കീമുകള്‍ ഏതെന്നറിയാം

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് യു.കെ. ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധവും, വമ്പിച്ച തൊഴില്‍ സാധ്യതയും, പഠന സമ്പ്രദായങ്ങളും എല്ലാം തന്നെയാണ് യു.കെയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറ്റിയത്. വൈദഗ്ദ്യമുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യം യു.കെയിലേക്കുള്ള കുടിയേറ്റം വ്യാപകമാക്കുകയും ചെയ്യുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ വൈദഗ്ദ്യ തൊഴിലാളി വിസയില്‍ 63 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-22 13,390 വിസയാണ് ഇന്ത്യക്കാര്‍ക്കായി അനുവദിച്ചിരുന്നതെങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 21,837 ആക്കി ഉയര്‍ന്നു. സമാനമായ വര്‍ധനവാണ് ഹെല്‍ത്ത് കെയര്‍ വിഭാഗത്തിലും, മറ്റ് തൊഴില്‍ മേഖലകളിലും ഉണ്ടായത്.

യു.കെ വിസ ലഭിക്കാനുള്ള യോഗ്യതകള്‍

ജോലി ഓഫറുള്ള വ്യക്തികള്‍ക്കോ, സ്റ്റുഡന്റ് വിസയിലോ, സംരംഭകനായോ ഇന്ത്യക്കാര്‍ക്ക് യുകെയിലേക്ക് വിസയ്ക്ക് അപേക്ഷിക്കാം. യുകെ പൗരനെ വിവാഹം കഴിച്ച ശേഷം കുടിയേറുന്നവര്‍ക്കും, നിക്ഷേപകനായി കുടിയേറുന്നവര്‍ക്കും, യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. നിലവിലെ യുകെ വിസ സ്‌കീമുകള്‍ക്ക് കീഴില്‍ അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് യുകെ ടെയര്‍ പോയിന്റ് സിസ്റ്റം പ്രകാരം സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് യോഗ്യത നിര്‍ണയിക്കുന്നത്. യു.കെയിലെ പ്രധാനപ്പെട്ട വിസ സ്‌കീമുകള്‍ ഇവയാണ്.

ടയര്‍ 1
വി.ഐ.പികളായി കണക്കാക്കുന്ന കുടിയേറ്റക്കാര്‍ക്കായി നല്‍കുന്ന വിസയാണിത്. യു.കെയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള സംരംഭകര്‍, കഴിവുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പോയിന്റ് സിസ്റ്റത്തില്‍ മൊത്തം 95 പോയിന്റുകള്‍ നേടിയിരിക്കണം. കുറഞ്ഞത് 2,00,000 പൗണ്ടെങ്കിലും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം.

ടയര്‍ 2

തൊഴിലിനായി യു.കെയിലെത്തുന്നവര്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയാണ് ടയര്‍ ടു വിസകള്‍. തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന ജോബ് ഓഫര്‍ അടങ്ങിയ കത്ത് വിസക്ക് അപേക്ഷിക്കാന്‍ ആവശ്യമാണ്. കായിക താരങ്ങള്‍ക്കുള്ള വിസകളും മതപരമായ വിസകളും ഈ സ്‌കീമില്‍ തന്നെയാണ് അനുവദിക്കുന്നത്.

കുറഞ്ഞത് 70 പോയിന്റുകളാണ് ടയര്‍ ടുവിന് വേണ്ടത്. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ജോബ് ഓഫര്‍/ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 30 പോയിന്റുകള്‍ നേടാം സ്‌കില്‍സ് ഷോര്‍ട്ടേജില്‍ ലിസ്റ്റ് ചെയ്ത ജോലിയാണെങ്കില്‍ ചെയ്തിട്ടുണ്ടെങ്കില്‍ 30 പോയിന്റുകളും ലഭിക്കും.

ടയര്‍ 4
യു.കെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റുഡന്റ് വിസയാണിത്. യു.കെയിലെ കോളജുകളില്‍ അഡ്മിഷന്‍ നേടിയ ലെറ്റര്‍ ആവശ്യമുണ്ട്. 16 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഐ.ഇ.എല്‍.ടി.എസ് പോലുള്ള ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ ഫലവും വേണം.

ടയര്‍ 5
യു.കെ നല്‍കുന്ന ഏറ്റവും സാധാരണമായ തരത്തിലുള്ള വിസയാണിത്. ടയര്‍ 5 വിസയിലൂടെ പ്രതിവര്‍ഷം 50,000 ലധികം ഉദ്യോഗാര്‍ഥികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ടെന്നാണ് കണക്ക്. സ്‌പോര്‍ട്‌സ്, ചാരിറ്റി, മതപരമായ ആവശ്യങ്ങള്‍ എന്നിവയടക്കം ആറോളം ഉപവിഭാഗങ്ങളും ഇതിന് കീഴിലുണ്ട്.

ബിസിനസ് വിസ
യു.കെയില്‍ ബിസിനസ് തുടങ്ങി ദീര്‍ഘ കാലത്തേക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ളതാണ് ബിസിനസ് വിസ. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. ആരോഗ്യ റിപ്പോര്‍ട്ടുകള്‍, ഉടമസ്ഥതയിലുള്ള ബിസിനസ് വിശദാംശങ്ങളും ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്ററും ആവശ്യമാണ്.

യു.കെ ഫാമിലി വിസ
യു.കെയില്‍ പൗരത്വം നേടിയ ആളുകളുടെ കുടുംബാങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന സ്‌പെഷ്യല്‍ വിസയാണിത്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.