ചെന്നൈ: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. തന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമില്ലെന്നും പത്തുരൂപയുടെ ചീര്‍പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമാണ് ഉദയിനിധി പറഞ്ഞത്. സന്യാസിയുടെ കയ്യില്‍ എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും ഉദയനിധി ചോദിച്ചു. കരുണാനിധിയുടെ മകനെ വിരട്ടാന്‍ നോക്കണ്ടയെന്നും സനാതന ധര്‍മ്മത്തിലെ അസമത്വത്തിനെതിരെ ഇനിയും വിമര്‍ശനം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് അങ്ങേര്‍ക്കെന്താണിത്ര താല്‍പര്യം. ഇത്രയുമധികം പണം എവിടെ നിന്നാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമൊന്നുമില്ല. പത്ത് രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. അതുകൊണ്ട് ഭീഷണി കൊണ്ട് പേടിപ്പിക്കാനൊന്നും നോക്കണ്ട. തമിഴ്‌നാടിന് വേണ്ടി റെയില്‍വെ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ മകനാണ് ഞാന്‍.’ ഉദയനിധി പറഞ്ഞു.
ശനിയാഴ്ച്ച ചെന്നൈയില്‍ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ഉദയനിധിയുടെ സനാതന ധര്‍മ്മ വിമര്‍ശനം. ഡെങ്കിപ്പനി, മലേറിയ, കോവിഡ് പോലെ സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്നാണ് മന്ത്രി പറഞ്ഞത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങല്‍ മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ ഉദയനിധിക്കെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയത്.
ഡി.എം.കെ നേതാവ് ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് ഞാന്‍ പത്തുകോടി രൂപ പാരിതോഷികം നല്‍കും. അഥവാ ആരും അതിന് മുതിര്‍ന്നില്ലെങ്കില്‍ ഞാന്‍ തന്നെ അയാളെ കണ്ടുപിടിച്ച് തലയറുക്കും. സനാതന ധര്‍മ്മത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ ഇവിടെ പല മതങ്ങളും നശിച്ചു. ഇന്നും നിലനില്‍ക്കുന്നത് സനാതന ധര്‍മ്മം മാത്രമാണ്. അത് ഒരിക്കലും നശിക്കുകയില്ല. നശിപ്പിക്കാനുമാകില്ല,’ പരമഹംസ പറയുകയുണ്ടായി. തുടര്‍ന്ന് ഉദയനിധിക്കെതിരെയും ഡി.എം.കെക്കെതിരെയും മുദ്രാവാക്യം മുഴക്കി പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രത്തില്‍ വാളുകൊണ്ട് വെട്ടുകയും ചെയ്തിരുന്നു.
Comments are closed for this post.