2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

രണ്ടില നല്‍കാന്‍ ജോസഫ് തയ്യാറായാലും ജോസ് കെ. മാണി സ്വീകരിച്ചേക്കില്ല; പിന്നില്‍ ജോസഫിന്റെ ചെയര്‍മാന്‍ഷിപ്പ് അംഗീകരിക്കലാവുമെന്ന പേടി

കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കാനുള്ള അവകാശം പി.ജെ ജോസഫിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതോടെ പാലായില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങി യു.ഡി.എഫ്.

രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയെങ്കിലും ജോസ് ടോം സ്വതന്ത്രനായി മത്സരിക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് അവരുടെ നീക്കങ്ങള്‍. ചിഹ്നം അനുവദിക്കേണ്ടത് നിലവില്‍ ചെയര്‍മാന്റെ അധികാരമുള്ള പി.ജെ ജോസഫാണ്.

സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കാന്‍ പി.ജെ ജോസഫിനുമേല്‍ യു.ഡി.എഫ് നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ജോസ് കെ. മാണി വിഭാഗം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിലപാടിലെത്തിയിട്ടുണ്ട്. സ്വതന്ത്ര ചിഹ്നത്തില്‍ ജയിച്ചുവന്നാലും കേരള കോണ്‍ഗ്രസ്(എം) നിയമസഭാകക്ഷിയുടെ ഭാഗമായി നില്‍ക്കാന്‍ ജോസ് ടോമിന് കഴിയും.

കെ.എം മാണിയുടെയും പാര്‍ട്ടിയുടെയും പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. അതേസമയം, യു.ഡി.എഫ് സമ്മര്‍ദഫലമായി ജോസഫ് ചിഹ്നം അനുവദിച്ചാല്‍ പിന്നീടാരെങ്കിലും ഇത് ചോദ്യംചെയ്ത് കോടതിയെയോ തെരഞ്ഞെടുപ്പ് കമ്മിഷനെയോ സമീപിച്ചാല്‍ കുരുക്കാകുമെന്ന് ജോസ് കെ. മാണി വിഭാഗത്തിന് ആശങ്കയുണ്ട്.

കൂടാതെ ചിഹ്നത്തിനുവേണ്ടി ജോസഫിന്റെ നേതൃത്വം അംഗീകരിക്കണമെന്ന ഉപാധി അംഗീകരിക്കുന്നതിനോടും അവര്‍ക്ക് താല്‍പര്യമില്ല. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്നതുവരെ ചിഹ്നത്തിന്റെ കാര്യത്തില്‍ സമയമുണ്ട്.

കെ.എം മാണി തന്നെയാണ് ചിഹ്നമെന്നും പാര്‍ട്ടി ചിഹ്നം ആവശ്യമില്ലെന്നുമുള്ള തരത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപിന്നാലെ ജോസ് ടോം പറഞ്ഞത് ജോസഫിനെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിക്ക് ആവശ്യമില്ലെങ്കില്‍ ചിഹ്നം നല്‍കുന്ന പ്രശ്‌നമില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.