കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോട്ടിലെ പാമ്പാടി ബി.ഡി.ഒ ഓഫിസിലാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് അടക്കമുളള നേതാക്കള്‍ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്റെ അമ്മ നല്‍കി. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.
പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നാമനിര്‍ദ്ദേശപത്രിക വച്ച് പ്രാര്‍ഥിച്ചു. അപ്പയുടെ അനുഗ്രഹം വാങ്ങി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി മുന്നോട്ട്’ എന്ന അടിക്കുറിപ്പോടെ ഇതിന്റെ ചിത്രങ്ങള്‍ ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നാണ് പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാലും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
Comments are closed for this post.