കോഴിക്കോട്: മലയാളി മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത് തെലങ്കാന പൊലിസ്. ‘ഈനാട്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ഈനാട്’ വാര്‍ത്ത പങ്കുവെച്ച്, തന്റെ പേര് യു.എ.പി.എ കേസില്‍ വന്നതിനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. വേണുഗോപാല്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വിവരം പലരും അറിഞ്ഞത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലബാര്‍ ജേര്‍ണല്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികളെ കേസില്‍ ഉള്‍പ്പെടുത്തിയതായാണ് വാര്‍ത്ത. മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി. റഷീദ്, സി.പി. ഇസ്മായില്‍, സി.പി. മൊയ്തീന്‍ (മലപ്പുറം), പ്രദീപ്, വര്‍ഗീസ് എന്നിവരാണ് പ്രതിപ്പട്ടികയിലുളള മലയാളികള്‍.
യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ഉയര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍’ എന്ന വിഭാഗത്തില്‍ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്ണ്‍ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ. മുരളിയുടെ പേരുള്ളത്. ‘മറ്റ് നേതാക്കള്‍’ എന്ന വിഭാഗത്തിലാണ് സേതുനാഥിന്റെ ഉള്‍പ്പടെയുള്ള പേരുകളുള്ളത്. ബഹുജന സംഘടനകളയുടെ നേതാക്കള്‍ എന്ന് വിശേഷിപ്പിച്ച് തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
സാംസ്‌കാരിക സംഘടനയായ ‘വിരാസം ‘നേതാവ് എന്ന നിലക്കാണ് വേണുഗോപാലിനെ കേസില്‍ പ്രതിയാക്കിയത്. എന്നാല്‍ 14 വര്‍ഷം മുമ്പ് ‘വിരാസം’ വിട്ട തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. മുമ്പ് രണ്ട് തവണ യു.എ.പി.എ കേസ് തനിക്കെതിരെ ചുമത്താന്‍ തെലങ്കാന പൊലിസ് ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാല്‍ വിശദമാക്കുന്നു.
സെപ്തംബര്‍ 15 ന് സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 23 പേര്‍ക്കെതിരെ പുതിയ യു.എ.പി.എ കേസെന്നും സെപ്തംബര്‍ 21ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
Comments are closed for this post.