ദുബായ്: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നവർക്ക് ദുബായിലേക്ക് പ്രവേശനാനുമതി നിഷേധിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഗോൾഡൻ വിസക്കാർക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റു വിസക്കാർക്ക് ആറ് മാസത്തിന് ശേഷം ദുബായ് കാണാൻ കഴിയില്ല.
യുഎഇ വിസയുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ തങ്ങുന്നതിന് വേണ്ടി അനുവദിച്ച പരമാവധി സമയം ആറ് മാസമാണ്. ഇത് ലംഘിച്ചാൽ പിന്നീട് ദുബായിലേക്ക് തിരിച്ചെത്താൻ ആകില്ല. എന്നാൽ മറ്റു എമിറേറ്റിലേക്ക് വിസയുള്ളവർക്ക് തക്കതായ കാരണമുണ്ടെങ്കിൽ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാവുന്നതാണ്.
മറ്റു എമിറേറ്റിലേക്ക് ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചതിന് ശേഷം ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വൈകിയതിന്റെ കാരണം ബോധിപ്പിക്കണം. എമിറേറ്റ്‌സ് ഐഡി, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പിനൊപ്പമാണ് കാരണം കാണിച്ചുള്ള അപേക്ഷയും വെക്കേണ്ടത്.
കാരണം കാണിക്കുന്നതിനൊപ്പം തന്നെ വൈകി യുഎഇയിൽ പ്രവേശിക്കുന്നതിന് പിഴയും ഒടുക്കണം. 180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതമാണ് പിഴ. റസിഡൻസ് വിസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.
വ്യക്തിഗത വിസയാണെങ്കിൽ ഐസിപി വെബ്സൈറ്റ് വഴിയും അല്ലാത്തവർ അതാതു കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ പിന്നീട് ഉടൻ തന്നെ യുഎഇയിൽ എത്തണം. 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചില്ലെങ്കിൽ വിസ റദ്ദാക്കപ്പെടും.
Comments are closed for this post.