അബുദാബി: യുഎഇ ഇന്ധന വില സമിതി ശനിയാഴ്ച രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനും ഡീസലിനും ഒക്‌ടോബർ മാസം സെപ്റ്റംബറിൽ ഉണ്ടായിരുന്നതിനേക്കാൾ വില നൽകേണ്ടി വരും. പെട്രോളിന് 2-3 ഫിൽസും ഡീസലിന് 17 ഫിൽസും ആണ് വർധിച്ചത്. അഞ്ച് ശതമാനം വാറ്റ് ഉൾപ്പെടെയുള്ള പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.44 ദിർഹമാണ് പുതിയ വില. രണ്ട് ഫിൽസ് വർധനയാണ് രേഖപ്പെടുത്തിയത്. സ്പെഷ്യൽ 95 ന് രണ്ട് വർധിച്ച് 3.33 ദിർഹമായി. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.26 ദിർഹം ആണ് പുതിയ വില. മൂന്ന് ഫിൽസിന്റെ വർധനയാണ് ഉണ്ടായത്.
അതേസമയം, ഈ മാസം ഏറ്റവും കൂടുതൽ വർധന ഉണ്ടായത് ഡീസലിനാണ്. 17 ഫിൽസിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ ലിറ്ററിന് 3.40 ദിർഹം ആയിരുന്ന വില ലിറ്ററിന് 3.57 ദിർഹമായി ഉയർന്നു.
തുടർച്ചയായി നാല് മാസമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചത്. പ്രാദേശിക ഇന്ധന വില ആഗോള നിരക്കിന് അനുസൃതമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എല്ലാ മാസവും നിരക്ക് വർധിപ്പിക്കുന്നത്. യുഎഇ ഇന്ധനവില കമ്മിറ്റിയാണ് ഓരോ മാസത്തിന്റെ അവസാന ദിനത്തിലും അടുത്ത മാസത്തേക്കുള്ള വില പ്രഖ്യാപിക്കുന്നത്.
Comments are closed for this post.