കുവൈത് ശ്രമങ്ങളെ അഭിനന്ദിച്ച് ചതുർ രാഷ്‌ട്ര സഖ്യത്തിലെ യുഎഇയും ഈജിപ്‌തും രംഗത്തെത്തി
റിയാദ്: മൂന്നര വർഷമായി നില നിൽക്കുന്ന ഖത്തർ പ്രശ്‌ന പരിഹാരത്തിനായി സഊദി ശ്രമങ്ങളെ പിന്തുണക്കുമെന്ന് യുഎഇ. സഊദിയുടെ നേതൃത്വത്തിലുള്ള യുഎഇ ഉൾപ്പെടുന്ന ചതുർ രാഷ്ട്രങ്ങളും ഖത്തറും തമ്മിലുള്ള വിള്ളൽ ഉടൻ പരിഹരിക്കാനിടയുണ്ടെന്ന വാർത്തകൾക്കിടെയാണ് സഊദി ശ്രമങ്ങളെ പിന്തുണച്ച് യുഎഇ വിദേശ കാര്യ മന്ത്രി അൻവർ ഗർഗാഷ് അനുകൂലമായി ട്വീറ്റ് ചെയ്‌തത്. ഖത്തർ സഊദി പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നും ഈ മാസം അവസാനത്തോടെ ബഹ്‌റൈനിൽ ചേരുന്ന ജിസിസി ഉച്ചകോടിയോടെ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പ് വെക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റു നാല് രാജ്യങ്ങൾ ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് യുഎഇ സഊദി ശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി യുഎഇയും സഊദിക്കൊപ്പം ഉണ്ടാകുമെന്നുറപ്പായി. ഈജിപ്‌തും കുവൈത്ത് ശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നാല് രാജ്യങ്ങൾക്ക് വേണ്ടി സഊദി അറേബ്യയുടെ നല്ല ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും വിജയകരമായ ഗൾഫ് ഉച്ചകോടി പ്രതീക്ഷിക്കുന്നുവെന്നും ഗർഗാഷ് ട്വീറ്റിൽ വ്യക്തമാക്കി. സഊദി-ഖത്തർ പ്രശ്‌ന പരിഹാരത്തിനായി അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങൾ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധം ഏർപ്പെടുത്തിയ ചതുർ രാഷ്‌ട്രത്തിലെ ഈജിപ്‌തും കുവൈത്ത് ശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായുള്ള കുവൈത്ത് ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രതിസന്ധിയുടെ എല്ലാ കാരണങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ഒരു പരിഹാരത്തിന് ഈ പ്രശംസനീയമായ ശ്രമങ്ങൾ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്‌ത് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
2017 ജൂണിലാണ് ഗൾഫ് സഹകരണ സഖ്യത്തിലെ പ്രമുഖ രാജ്യം കൂടിയായ ഖത്തറിനെതിരെ സഊദിയുടെ നേതൃത്വത്തിൽ യുഎഇ, ബഹ്‌റൈൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. പിന്നീട് പല തവണ ജിസിസി ഉച്ചകോടികൾ ചേരുകയും പ്രശ്‌ന പരിഹാരത്തിനായി വിവിധ ഭാഗങ്ങളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാകുകയും ചെയ്‌തെങ്കിലും ഇരു ഭാഗങ്ങളും തങ്ങളുടെ വാദഗതിയിൽ ഉറച്ച് നിന്നതോടെ ഉപരോധം നീണ്ടു പോകുകയായിരുന്നു.
Comments are closed for this post.