ദുബൈ: ദേശീയ ഡിജിറ്റൽ ഐഡന്റിറ്റി സൊല്യൂഷൻ ആപ്പായ യുഎഇ പാസ് സുരക്ഷിതമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) അറിയിച്ചു. ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് അതോറിറ്റി രാജ്യത്തിന്റെ ഔദ്യോഗിക സേവനമായ യുഎഇ പാസ് സുരക്ഷിതമാണെന്ന് അറിയിച്ചത്.
ഡിജിറ്റൽ ഐഡന്റിറ്റി പൂർണ്ണമായും സുരക്ഷിതമാണെന്ന് “X” പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ അതോറിറ്റി സ്ഥിരീകരിച്ചു. യുഎഇ പാസ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് ചില സോഷ്യൽ മീഡിയ പേജുകളിൽ വ്യാജ പ്രചാരണങ്ങൾ ഉയരുന്ന സാഹചര്യത്തിൽകൂടിയാണ് അതോറിറ്റിയുടെ വെളിപ്പെടുത്തൽ. യുഎഇ പാസ് പൂർണമായും സുരക്ഷിതമാണെന്ന് അതോറിറ്റി ഉറപ്പുനൽകുന്നു.
യുഎഇ സാമ്പത്തിക മന്ത്രാലയം എല്ലാ സംവിധാനങ്ങളിലുമുള്ള സേവനങ്ങൾക്കായി യുഎഇ പാസ് ആണ് ഉപയോഗിച്ച് വരുന്നത്. താമസക്കാരുടെ ജീവിതത്തിന്റെ ഡിജിറ്റൽ നിലവാരം ഉയർത്താനുള്ള യുഎഇയുടെ ശ്രമങ്ങൾളുടെ ഭാഗമായാണ് യുഎഇ പാസ് കൊണ്ടുവന്നത്. താമസക്കാരുടെ ഡിജിറ്റൽ ഐഡന്റിറ്റി ഇവിടെ സുരക്ഷിതമായിരിക്കും. പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളുടെ സേവനങ്ങൾക്കും മറ്റ് സേവന ആവശ്യങ്ങൾക്കുമുള്ള തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാവുന്നതാണ്.
2023 ഓഗസ്റ്റ് മുതൽ ധനമന്ത്രാലയം അതിന്റെ സേവന പേജിലെ പരമ്പരാഗത ലോഗിൻ ഫീച്ചർ മാറ്റി യുഎഇ പാസ് ലോഗിൻ മെക്കാനിസം ആക്കിയിരുന്നു.
Comments are closed for this post.