2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

14 ദിർഹത്തിന്റെ ഭക്ഷണം ഓർഡർ ചെയ്ത യുവാവിന് നഷ്ടം 14,000 ദിർഹം; യുഎഇയിൽ സോഷ്യൽ മീഡിയ തട്ടിപ്പ് വർധിക്കുന്നു

14 ദിർഹത്തിന്റെ ഭക്ഷണം ഓർഡർ ചെയ്ത യുവാവിന് നഷ്ടം 14,000 ദിർഹം; യുഎഇയിൽ സോഷ്യൽ മീഡിയ തട്ടിപ്പ് വർധിക്കുന്നു

ദുബൈ: ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്ത യുവാവിന് 14,000 ദിർഹം നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയ വഴി കണ്ട പരസ്യത്തിലൂടെ 14 ദിർഹത്തിന്റെ ഭക്ഷണം ഓർഡർ ചെയ്തതോടെയാണ് 14,000 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. വ്യാജ ലിങ്ക് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് 13 വർഷമായി ദുബൈയിൽ താമസിക്കുന്ന രാഹുൽ ഖില്ലാരെ എന്ന യുവാവാവിന് തിരിച്ചടിയായത്.

സാധാരണ പ്രാദേശിക ഇ-കൊമേഴ്‌സിൽ നിന്ന് പലചരക്ക് സാധനങ്ങളും ഭക്ഷണങ്ങളും ഓർഡർ ചെയ്യുന്ന വ്യക്തിയാണ് രാഹുൽ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സർഫ് ചെയ്യുമ്പോൾ, ഒരു ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് സമാനമായ ഒരു പരസ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഒരു കോംബോ ഭക്ഷണത്തിനായുള്ള 14 ദിർഹം എന്നതായിരുന്നു ഓഫർ. ഇതിൽ ആകൃഷ്ടനായ രാഹുൽ ലിങ്കിൽ ക്ലിക്കുചെയ്‌ത് ഡീൽ വാങ്ങുന്നതിനായി തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകി.

ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടയിൽ തന്നെ ഓർഡർ ചെയ്തത് വിജയകരമെന്ന്‌ കാണിച്ച് ഒരു സന്ദേശം ലഭിച്ചു. എന്നാൽ സന്ദേശത്തിലെ പണത്തിന്റെ കണക്ക് വായിച്ച് അയാൾ ഞെട്ടി. 14 ദിർഹത്തിന് പകരം 14,000 ദിർഹമാണ് ഇയാളിൽ നിന്ന് ഈടാക്കിയത്.

“ഞാൻ പരസ്യത്തിൽ ക്ലിക്കുചെയ്‌ത് 14 ദിർഹം മാത്രം വിലയുള്ള ഭക്ഷണം തിരഞ്ഞെടുത്തു. പരിശോധിച്ചതിന് ശേഷം, ഞാൻ നൽകിയ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നോട് ചോദിച്ചു. തുടർന്ന്, ഞാൻ എന്റെ ഓർഡർ പ്രോസസ്സ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ അത് പ്രവർത്തിച്ചില്ല, ഞാൻ അവിടെ കുടുങ്ങി. ഒ.ടി.പി (ഒറ്റത്തവണ പാസ്‌വേഡ്) നൽകാൻ എന്നോട് ആവശ്യപ്പെട്ടില്ല. പക്ഷേ എന്റെ അക്കൗണ്ടിൽ നിന്ന് 14,000 ദിർഹം കുറച്ചതായി എനിക്ക് അറിയിപ്പ് ലഭിച്ചു.” – രാഹുൽ പറയുന്നു.

സോഷ്യൽ മീഡിയകളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരായി പണം നഷ്ടമാകുന്നവർ നിരവധിയാണ്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായ പണം ബാങ്കുകൾ തിരിച്ചു നൽകില്ല. സോഷ്യൽ മീഡിയ സൈറ്റുകൾക്ക് പകരം ഓരോ കമ്പനികളുടെയും യഥാർത്ഥ വെബ്‌സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ അധികൃതർ നിർദേശിച്ചു.

സോഷ്യൽ മീഡിയ വഞ്ചനകൾക്കെതിരെ ജാഗ്രത പാലിക്കാനും വ്യക്തിപരവും സാമ്പത്തികവുമായ വിശദാംശങ്ങൾ പങ്കിടുമ്പോൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാനും താമസക്കാരോട് യുഎഇ അധികൃതർ നേരത്തെ തന്നെ ഉപദേശം നൽകിയിരുന്നു. യുഎഇയിലെ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് അവർ സ്വീകരിക്കേണ്ട സുരക്ഷിതമായ നടപടികളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിന് പതിവായി സന്ദേശങ്ങളും ഇമെയിലുകളും അയയ്‌ക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.