ദുബൈ: യു.എ.ഇയുടെയും അറബ് ലോകത്തെയും ചരിത്രമായി മാറുന്ന ചാന്ദ്രദൗത്യം നവംബറില്‍. യു.എ.ഇ.യുടെ റാഷിദ് റോവര്‍ ഈ വരുന്ന നവംബറില്‍ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. ജപ്പാന്‍ ആസ്ഥാനമായുള്ള ഐസ്‌പേസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം വിജയിച്ചാല്‍ ആഗോളതലത്തില്‍ യു.എ.ഇയുടെ നേട്ടം ശ്രദ്ധേയമാവും. ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍നിന്നും മിഷന്‍ വണ്‍ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവര്‍ കുതിക്കുക.
സെപ്തംബറോടെ പരീക്ഷണം പൂര്‍ത്തീകരിക്കും. വിക്ഷേപണത്തിന് മുമ്പായി ജര്‍മനിയില്‍നിന്ന് യു.എസിലേക്ക് അയക്കുമെന്നും അന്തിമപരിശോധന നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചാന്ദ്രദൗത്യം വിജയകരമായാല്‍ ആഗോളതലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത് രാജ്യമായി യു.എ.ഇ. മാറും. ചന്ദ്രനില്‍ സ്വപ്നതടാകം എന്ന ഭാഗത്തായിരിക്കും റാഷിദ് റോവര്‍ ഇറങ്ങുകയെന്ന് എമിറേറ്റ്സ് ലൂണാര്‍ മിഷന്‍ പദ്ധതി മാനേജര്‍ ഡോ.ഹമദ് അല്‍ മര്‍സൂഖി അറിയിച്ചു. ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ പേരിലാണ് യു.എ.ഇയുടെ ചാന്ദ്രദൗത്യം അറിയപ്പെടുന്നത്.
Comments are closed for this post.