2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പിതാവ് മരിച്ചതിനെ തുടർന്ന് പഠനം മുടങ്ങി; ഇന്ത്യൻ വിദ്യാർഥിനിയെ പഠിപ്പിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിലെ ജോലിയിലെത്തിച്ച് ദുബൈ സ്വദേശി, അജ്ഞാതനായ രക്ഷകന് നന്ദി…

പിതാവ് മരിച്ചതിനെ തുടർന്ന് പഠനം മുടങ്ങി; ഇന്ത്യൻ വിദ്യാർഥിനിയെ പഠിപ്പിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിലെ ജോലിയിലെത്തിച്ച് ദുബൈ സ്വദേശി, അജ്ഞാതനായ രക്ഷകന് നന്ദി…

ദുബൈ: 2020 ലെ കോവിഡ് സമയത്താണ് സരീൻ ചൗഗുലേ എന്ന ദുബൈ പ്രവാസിയായ വിദ്യാർഥിനിക്ക് തന്റെ പിതാവിനെ നഷ്ടമായത്. കാൻസറും കോവിഡും ബാധിച്ചതിനെ തുടർന്ന് പിതാവ് നഷ്ടപ്പെട്ടതിന് പിന്നാലെ മാതാവിന്റെ ജോലിയും നഷ്ടമായി. ഇതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സരീൻ ചൗഗുലേ ഇപ്പോൾ ബിരുദപഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിൽ വെളിച്ചമായ എമിറാത്തി യുവാവിന് നന്ദി പറയുകയാണ് സരീൻ ചൗഗുലേ ഇപ്പോൾ.

“ഞാനും അമ്മയും ആ ശ്രേഷ്ഠാത്മാവിനോട് എക്കാലവും നന്ദിയുള്ളവരാണ്…” ദുബൈയിലെ സെന്റ് മേരീസ് സ്‌കൂളിലെ മുൻ വിദ്യാർഥിനിയായ സരീൻ ചൗഗുലേ ന്യൂ ഡൽഹിയിൽ നിന്ന് പറയുന്നു. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഗസ്റ്റ് സർവീസ് അസോസിയേറ്റ് ആണ് സരീൻ ചൗഗുലേ ഇപ്പോൾ.

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത സഹായം പാഴായിട്ടില്ലെന്ന് അദ്ദേഹം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അന്ന് ഞങ്ങൾക്ക് ലഭിച്ച സഹായത്താൽ ഇന്ന് എന്റെ ജീവിതം മാറ്റിമറിക്കാനും സ്വന്തം കാലിൽ നിൽക്കാനും മാതാവിനെ സഹായിക്കാനും കഴിയുന്ന അവസ്ഥയിലാണ് ഞാൻ. എന്നെങ്കിലും, അദ്ദേഹത്തെപ്പോലെ, എനിക്കും എവിടെയെങ്കിലും ആരുടെയെങ്കിലും ജീവിതത്തിൽ മാറ്റം വരുത്താൻ ആഗ്രഹമുണ്ട്.”

2020ൽ ഗൾഫ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ തുടർന്നാണ് അജ്ഞാതനായ ഒരു എമിറാത്തി സരീനെ പഠനത്തിൽ സഹായിക്കാൻ എത്തിയത്. ദുബൈയിൽ പ്രവാസിയായ ഇന്ത്യക്കാരൻ കാൻസറും കോവിഡും കാരണം മരണത്തോട് മല്ലിടുന്നതായിരുന്നു ആ റിപ്പോർട്ട്. അദ്ദേഹത്തിന്റെ ചികിത്സക്ക് സഹായം നൽകാമെന്ന നിലക്കാണ് സ്വദേശിയയായ യുവാവ് സഹായിക്കാൻ കുടുംബത്തെ ബന്ധപ്പെട്ടത്. പക്ഷെ അപ്പോഴേക്കും 71 കാരനായ അദ്ദേഹം മരിച്ചിരുന്നു.

സരീൻ കുടുംബത്തോടൊപ്പം – ഫയൽ ഫോട്ടോ

ഇതിനിടക്ക് ഭർത്താവിന്റെ ചികിത്സയുമായി മറ്റും നിൽക്കുന്നതിനാൽ സരിന്റെ മാതാവിന്റെ ജോലിയും നഷ്ടമായിരുന്നു. ഇതോടെ എങ്ങിനെ ദുബൈയിൽ തുടരുമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇതോടെ ദുബൈ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റിയിൽ നിയമ പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ സരീന് പണമില്ലാത്തതിനാൽ സീറ്റ് ഉപേക്ഷിച്ച് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങേണ്ടി വന്നു.

ഈ സമയത്താണ് യുവാവായ യുഎഇ സ്വദേശി അവളുടെ ജീവിതത്തിന് വെളിച്ചമായി വന്നത്. മുംബൈയിലെ ഒരു കോളേജിൽ ബാച്ചിലേഴ്സ് ഓഫ് സയൻസ് ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് പ്രോഗ്രാമിൽ സരിൻ അഡ്മിഷൻ നേടി. പഠനച്ചെലവ് എല്ലാം വഹിച്ചത് ആ യുവാവ് ആയിരുന്നു. ഈ വർഷം മെയ് മാസത്തിൽ ത്രിവത്സര ഡിഗ്രി പൂർത്തിയാക്കി സരിൻ. ശേഷം ഇപ്പോഴിതാ അവൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിരിക്കുന്നു.

“ഞാൻ ഇപ്പോൾ ജോലിയിൽ പ്രവേശിച്ചു. ആ സമയത്ത് ഞങ്ങൾക്ക് ലഭിച്ച സഹായം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ എവിടെയായിരുന്നുവെന്ന് ചിന്തിക്കുമ്പോൾ എനിക്ക് ഇപ്പോഴും ഭയമാണ്. ഒരിക്കൽ മാത്രം കണ്ടുമുട്ടിയ ഒരു അപരിചിതന് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ കഴിയുമെന്ന് തനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയുന്നില്ല’ അവൾ പറഞ്ഞു.

ഗൾഫ് ന്യൂസ് ഈ വാർത്തയിലെ ആ അജ്ഞാത യുവാവിനെ ബന്ധപ്പെട്ടെങ്കിലും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. താൻ ചെയ്തത് തന്റെ കടമ മാത്രമാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം.

“അവരുടെ ജീവിതം ഒരു സങ്കടകരമായ കഥയായിരുന്നു. ഒരു മുസ്‌ലിം എന്ന നിലയിൽ സഹായിക്കാൻ ഞാൻ ബാധ്യസ്ഥനാണെന്ന് എനിക്ക് തോന്നി. അത് മാത്രമാണ് ഞാൻ ചെയ്തത് ”അദ്ദേഹം പറഞ്ഞു.

സരീൻ ഒരു മിടുക്കിയായ പെൺകുട്ടിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “എല്ലായ്‌പ്പോഴും, പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് അവളും മാതാവും സുതാര്യമായിരുന്നു. കോളേജിലെ അവളുടെ പുരോഗതിയെക്കുറിച്ച് എനിക്ക് പ്രതിവാര അപ്‌ഡേറ്റുകളും ലഭിച്ചു” അദ്ദേഹം പറഞ്ഞു.

“എല്ലാം അല്ലാഹുവിന്റെ ഇഷ്ടമാണ്. നമ്മൾ ജനിക്കുമ്പോൾ, നമുക്ക് ഒരിക്കലും ഒരു മെനു നൽകിയിട്ടില്ല. നമുക്കോരോരുത്തർക്കും എവിടെയും ആരുമാകാം. കാലക്രമേണ നാം സമ്പാദിക്കുന്നത്, മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കാവുന്ന ദൈവത്തിന്റെ അനുഗ്രഹങ്ങൾ മാത്രമാണ്. ഇത് നന്ദിയുടെ അടയാളമാണ്. ” – പൊതുസമൂഹത്തിൽ നിന്നും അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ആ നന്മ വറ്റാത്ത മനുഷ്യൻ പറയുന്നു.

ഇനി ജീവിതത്തിൽ എന്തെന്ന് അറിയാതെ നിന്ന സരിൻ ഇന്ന് സ്വന്തമായി സമ്പാദിക്കുന്നു. മാതാവിനെ സംരക്ഷിക്കുന്നു. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞെന്ന് കരുതിയിടത്ത് നിന്നാണ് അവളിപ്പോൾ സന്തോഷവതിയായിരിക്കുന്നത്. അതെ, ജീവിതത്തിന്റെ ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. നല്ല കാര്യങ്ങൾ നല്ല സമയത്ത് സംഭവിക്കുന്നു.

Courtesy: Gulf News


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.