2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇഫ്താറിന് പണമില്ലേ? സൗജന്യ ഭക്ഷണം ലഭിക്കാൻ ഈ റെസ്റ്റോറന്റിലേക്ക് വന്നോളൂ…

പുണ്യമാസമായ റമദാനിൽ യു.എ.ഇയിലെ മിക്ക റെസ്റ്റോറന്റുകളും നന്നായി അണിഞ്ഞൊരുങ്ങി രാതികാലങ്ങളിൽ മികച്ച ഭക്ഷണമാണ് ഒരുക്കുന്നത്. റെസ്റ്റോറന്റുകളിൽ ഇഫ്താറുകൾ ആഘോഷിച്ചും ആസ്വദിച്ചും മുന്നോട്ട് പോവുകയാണ്. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്‍തമായ ഒരു റെസ്റ്റോറന്റ് ഷാർജയിൽ തിരക്കിലാണ്. എല്ലാവരെയും പോലെ പ്രത്യേക മെനുകളും പ്രൊമോകളും കൊണ്ടുവരുന്നതിനുപകരം ഈ റെസ്റ്റോറന്റ് പാവപ്പെട്ടവർക്കായി സൗജന്യ ഇഫ്താർ ഒരുക്കുകയാണ്.

ഷാർജയിലെ അൽ നവാബ് റെസ്റ്റോറന്റ് ആണ് ഇത്തരത്തിൽ സൗജന്യ ഇഫ്താർ ജനങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ഇഫ്താർ ഭക്ഷണം സൗജന്യമായി ആവശ്യമുള്ള എല്ലാവരെയും ക്ഷണിക്കുകയാണ് ഈ റെസ്റ്റോറന്റ്. മുജാറയിലെയും മഹത്തയിലെയും ഔട്ലെറ്റുകളിൽ സൗജന്യ ഇഫ്താർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

‘നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇഫ്താർ ഞങ്ങൾ തരാം’ – ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് സ്ഥാപിച്ച സൈൻബോർഡ് ആളുകളെ സ്നേഹത്തോടെ ക്ഷണിക്കുന്നു. എന്നാൽ ഇഫ്താർ സമയത്തെ ഭക്ഷണം വിശ്വാസികൾക്ക് മാത്രമല്ല ഇവർ നൽകുന്നത്. മതത്തിനും ഭാഷക്കും ദേശത്തിനുമപ്പുറം എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് അൽ നവാബ്.

“അല്ലാഹുവിലേക്ക് അടുക്കുകയും നമ്മുടെ അനുഗ്രഹങ്ങൾ ആവശ്യമുള്ളവരുമായി പങ്കിടുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. നമ്മുടെ കമ്മ്യൂണിറ്റിയിലെ പല സഹോദരീസഹോദരന്മാരും അവരവരുടെ രാജ്യങ്ങളിലെ പണപ്പെരുപ്പത്തിനിടയിൽ തങ്ങളുടെ കുടുംബത്തെ പോറ്റാൻ ചെലവ് ചുരുക്കി. എല്ലാവർക്കും സൗജന്യ ഇഫ്താർ ഭക്ഷണം നൽകുന്ന ഞങ്ങളുടെ ഈ ചെറിയ പ്രവർത്തിയിലൂടെ അവരുടെ ഭാരം ലഘൂകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – അൽ നവാബ് റെസ്റ്റോറന്റിന്റെ ഉടമ ജഹാൻസേബ് യാസീൻ പറയുന്നു.

2021-ൽ ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്റ് തുറന്നപ്പോൾ സൗജന്യമായി ഡെലിവറി ബോയ്സിന് ഭക്ഷണം നൽകിയിരുന്നു. ഇതിന് അവർ ഏറെ ജഹാൻസേബ് യാസീനെ അഭിനന്ദിച്ചിരുന്നു. ഇതാണ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത, അല്ലെങ്കിൽ വീടുകളിൽ വലിയ ഉത്തരവാദിത്വമുള്ളവരെ സഹായിക്കണമെന്നും അവരുടെ പണം ലാഭിച്ച് നൽകണമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായതും.

ഈ റമദാനിൽ അൽ നവാബ് പ്രതിദിനം 700-ലധികം പേർക്കാണ് ഭക്ഷണം നൽകുന്നത്. ഓരോ ഭക്ഷണ പെട്ടിയിലും 500 ഗ്രാം ചിക്കൻ ബിരിയാണി, ഒരു കൂട്ടം ഈത്തപ്പഴം, പഴങ്ങൾ, സാലഡ്, ഒരു വാട്ടർ ബോട്ടിൽ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷണത്തിനായി എത്തുന്നവരിൽ വിവിധതരം ആളുകൾ ഉണ്ട്. ബൈക്ക് റൈഡർമാർ, ജോലി അന്വേഷകർ, അടുത്തുള്ള നിർമ്മാണ സ്ഥലത്ത് നിന്നുള്ള തൊഴിലാളികൾ, ഡ്രൈവർമാർ, പ്രദേശത്തെ താമസക്കാർ തുടങ്ങിയവരെല്ലാം ഇവിടെ എത്തുന്നു.

ഭക്ഷണത്തിന് പകരമായി കഴിക്കുന്നവരോട് ഹോട്ടൽ മാനേജ്‍മെന്റിന് ഒരു കാര്യം മാത്രമാണ് പറയാൻ ഉള്ളത്, ‘നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരോട് ഒരു മടിയും കൂടാതെ ഇവിടെ വരാൻ പറയുക.’

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.