അബുദാബി: വേനൽക്കാലം ആരംഭിക്കാനിരിക്കെ തൊഴിൽ സമയത്തിൽ കർശന നിർദേശവുമായി യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). വേനൽക്കാലത്ത് സൂര്യനു കീഴിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് നിരോധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉച്ചസമയത്ത് തൊഴിലെടുത്താൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു
നിരോധനം എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയായിരിക്കും. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന നിർമാണപ്രവർത്തികൾ ഉൾപ്പെടെ നിർത്തിവെക്കണം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, രാവിലെയും ഉച്ചക്ക് ശേഷവുമുള്ള രണ്ട് ഷിഫ്റ്റുകളിലുമായി എട്ട് മണിക്കൂറുകളിൽ കൂടുതൽ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നും നിർദേശമുണ്ട്.
നിരോധനത്തിന്റെ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒരു തൊഴിലാളിക്ക് 5,000 ദിർഹം എന്ന കണക്കിലാകും പിഴ ഈടാക്കുക. ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയാൽ പരമാവധി 50,000 ദിർഹം വരെയും പിഴയായി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതു ജനങ്ങൾക്കും തൊഴിലാളികൾക്കും ചെയ്യാവുന്നതാണ്. ഇതിനായി എല്ലാ സമയത്തും പ്രവർത്തിക്കുന്ന കോൾ സെന്റർ ഒരുക്കിയിട്ടുണ്ട്. 20 ഭാഷകളിൽ ഇവിടെ പരാതികൾ സ്വീകരിക്കാൻ ആളുകളുണ്ട്.
വേനൽക്കാലത്ത് പകൽ സമയത്ത് കടുത്ത ചൂടായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ജോലിസമയത്തിൽ ക്രമീകരണം വരുത്തിയിരിക്കുന്നത്. ചൂട് കൂടുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളും ഗുരുതര രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. സൂര്യതാപം മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
Comments are closed for this post.