ദുബായ്: നാഷണൽ ഇൻ-കൺട്രി വാല്യൂ (ഐസിവി) സർട്ടിഫിക്കറ്റ് നേടാൻ ആഗ്രഹിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) ക്കുള്ള ഫീസിൽ കുറവുവരുത്തി യുഎഇ. ചൊവ്വാഴ്ചയാണ് യുഎഇ അധികൃതർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സാമ്പത്തിക മന്ത്രാലയവുമായി (MoE) സഹകരിച്ച് വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയം (MoIAT) പുറപ്പെടുവിച്ച ഉപദേശക പ്രകാരം, എസ്എംഇ-കൾക്കായുള്ള ദേശീയ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് പുതിയ കുറച്ച ഫീസ് അടച്ചാൽ മതി.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീസിൽ ഇളവ് വരുത്തിയത്. ഐസിവി പ്രോഗ്രാമിൽ ചേരാൻ എസ്എംഇകളെ പ്രോത്സാഹിപ്പിക്കുക കൂടി പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ഇപ്പോൾ, രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് 500 ദിർഹം മാത്രം നൽകിയാൽ ഐസിവി സർട്ടിഫിക്കേഷൻ ലഭിക്കും. പ്രോഗ്രാമിൽ ചേരുന്നതിലൂടെ, എസ്എംഇകൾക്ക് സർക്കാരുമായും പ്രമുഖ കമ്പനികളുമായും ടെൻഡറുകളിൽ അവരുടെ മത്സരശേഷി വർധിപ്പിക്കാൻ കഴിയും. ഇത് അവരുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആകർഷകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഈ നീക്കം പിന്തുണയ്ക്കുന്നു. കൂടാതെ ദേശീയ വ്യവസായങ്ങളുടെ വളർച്ചയ്ക്കും മത്സരക്ഷമതയ്ക്കും പിന്തുണ നൽകുന്നു.
2021-ൽ ആരംഭിച്ചതു മുതൽ ദേശീയ ഐസിവി പ്രോഗ്രാം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഇത് സമ്പദ്‌വ്യവസ്ഥയിലേക്ക് 53 ബില്യൺ ദിർഹം റീഡയറക്‌ട് ചെയ്‌തു. 2021-ൽ ലഭിച്ചതിനേക്കാൾ 25 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം ലഭിച്ചത്.
Comments are closed for this post.