2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എബ്രഹാം കരാറില്‍ നേട്ടമാര്‍ക്ക്?

 

ഇസ്‌റാഈലുമായി യു.എ.ഇയും ബഹ്‌റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ ഒപ്പിട്ട എബ്രഹാം കരാര്‍ 70 വര്‍ഷമായി നീളുന്ന ഫലസ്തീനിന്റെ അതിജീവന പോരാട്ടത്തെ എങ്ങനെയെല്ലാം ബാധിക്കാന്‍ പോകുന്നുവെന്നു കാത്തിരുന്നു കാണണം. വൈറ്റ്ഹൗസില്‍വച്ച് ഒപ്പിടല്‍ നടന്നെങ്കിലും കരാറിലെ വ്യവസ്ഥകള്‍ രഹസ്യമാണ്. അതായത് അറബ് ലോകത്ത് പരസ്യപ്പെടുത്താന്‍ കഴിയാത്ത ചിലതെല്ലാം കരാറിലുണ്ടെന്നര്‍ഥം. കൊവിഡിനെതിരായ പോരാട്ടം, ആരോഗ്യമേഖല, വിദേശ നയം, ഇന്റലിജന്‍സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് കരാറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറിന്റെ ഭാഗമായി യു.എ.ഇയെയും ബഹ്‌റൈനെയും ഇസ്‌റാഈലുമായി ബന്ധിപ്പിക്കുന്ന ടെലിക്കമ്മ്യൂണിക്കേഷന്‍ ലൈനുകളുടെ നിര്‍മാണവും വിമാന സര്‍വിസുകളും ടൂറിസം ചാനല്‍ തുറക്കുന്ന നടപടിയും ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. പരസ്പരമുള്ള വ്യാപാരബന്ധത്തിന്റെ വാതിലുകള്‍ ഉടന്‍ തുറക്കും. എന്നാല്‍ വെസ്റ്റ് ബാങ്കിനെ പൂര്‍ണമായും പിടിച്ചെടുത്ത് തങ്ങളുടെ ഭാഗമാക്കാനുള്ള ടെല്‍ അവീവിന്റെ പദ്ധതികള്‍ തടയാന്‍ എബ്രഹാം കരാറില്‍ വ്യവസ്ഥയുള്ളതായി അറിവില്ല.

ആരോഗ്യമേഖലയിലെ സഹകരണവും കൊവിഡിനെതിരായ പോരാട്ടവുമൊന്നും നയതന്ത്ര ബന്ധത്തിലെ ഗൗരവമുള്ള വിഷയങ്ങളല്ല. അതേസമയം, കരാറിലൂടെ അറബ് രാജ്യങ്ങളുടെ വിദേശനയത്തില്‍ ഇസ്‌റാഈലിന് സ്വാധീനിക്കാന്‍ കഴിയുന്നതും ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും ബഹിരാകാശ മേഖലയിലെ സഹകരണവും കരാര്‍ ഉയര്‍ത്തുന്ന ഗൗരവമുള്ള വിഷയങ്ങളാണ്. അത് ഗുണം ചെയ്യുക ഇസ്‌റാഈലിന് മാത്രമാണ്. അറബ് രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിലും ഇറാനുമായുള്ള തര്‍ക്കങ്ങളിലുമെല്ലാം നേരിട്ട് ഇടപെടാന്‍ കരാര്‍ അവരെ സഹായിക്കും. ലോകമെമ്പാടും ചാരക്കണ്ണുകള്‍ തുറന്ന് വച്ചിരിക്കുന്ന ആ രാജ്യം അറബ് ലോകത്തിന് വിശ്വസിക്കാന്‍ കൊള്ളാവുന്ന പങ്കാളിയല്ലെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ടതാണ്. ഹമാസിനെയും ഫലസ്തീനിലെ മറ്റു ചെറുത്തുനില്‍പ്പ് സംഘടനകളെയും മാത്രമല്ല, ഫലസ്തീന്‍ ജനതയെ ആകെ ഭീകരരായി കാണുന്നതാണ് അവരുടെ വിദേശനയം.

   

അറബ് വിദേശ നയമാകട്ടെ ഫലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതുമാണ്. പൊരുത്തപ്പെടാത്ത ഈ വിദേശ നയങ്ങളില്‍നിന്നും ആരാണ് വിട്ടുവീഴ്ച ചെയ്തതെന്ന് അറിയണമെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ മുഴുവന്‍ പുറത്തുവരിക തന്നെ വേണം. ഇതുവരെ ജോര്‍ദാനും ഈജിപ്തും മാത്രമാണ് അവരെ അംഗീകരിച്ചിരുന്ന അറബ് രാജ്യങ്ങള്‍. എന്നാല്‍ 2015ല്‍ അന്താരാഷ്ട്ര പാരമ്പര്യേതര ഊര്‍ജ്ജ ഏജന്‍സിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ അബൂദബിയില്‍ ഇസ്‌റാഈല്‍ നയതന്ത്ര ഓഫിസ് തുറന്നിരുന്നു.

ഒരു രാജ്യമെന്ന നിലയില്‍ ഇസ്‌റാഈലിനെ അംഗീകരിക്കാന്‍ പ്രയാസമുള്ളവരല്ല അറബ് ലോകം. ഫലസ്തീനിലും സിറിയയിലും ലബ്‌നാനിലുമുള്ള അധിനിവേശമാണ് പ്രശ്‌നം. 1967 മുതലാണ് അവര്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തു തുടങ്ങുന്നത്. അതിനു മുന്‍പുള്ള സാഹചര്യത്തിലേക്ക് മാറിയാല്‍ ആ രാജ്യത്തെ അംഗീകരിക്കാന്‍ തയാറാണെന്നാണ് ഹമാസിന്റെ പോലും നിലപാട്.
രണ്ടു രാജ്യങ്ങളെന്ന അറബ് ലോകത്തിന്റെ ദീര്‍ഘകാല ആവശ്യത്തിലേക്കുള്ള ചുവടുവയ്പ്പാകും കരാറെന്നാണ് യു.എ.ഇ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. അതിന് തയാറാകുമോയെന്നതാണ് പ്രശ്‌നം. അന്താരാഷ്ട്ര നിയമങ്ങളെയും കരാറുകളെയും കാറ്റില്‍പ്പറത്തി ഫലസ്തീനിന്റെ വലിയൊരു ഭാഗം ഭൂമി അന്യായമായി കൈവശപ്പെടുത്തിവച്ച രാജ്യമാണ് ഇസ്‌റാഈല്‍. കൂടുതല്‍ പ്രദേശങ്ങള്‍ കൈയടക്കാനും പദ്ധതിയുണ്ട്. കൈയടക്കുന്നത് വിട്ടുനല്‍കുന്നത് പോകട്ടെ, കൂടുതല്‍ പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്നു പോലും അവര്‍ പിന്നോട്ടുപോകുമെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല.
ഇറാനെ മേഖലയിലെ വലിയ ഭീഷണിയായി കാണുന്ന ഇസ്‌റാഈലിന് അറബ് രാജ്യങ്ങളുടെ സഹകരണം ഈ ഘട്ടത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. അതുകൊണ്ടാകും രാജ്യത്തെ തീവ്രവലതുപക്ഷത്തിന്റെ എതിര്‍പ്പുണ്ടായിട്ടും നെതന്യാഹു ഇത്തരത്തിലൊരു കരാറിന് തയാറായത്.

ഇറാന്‍ തന്നെയാണ് ബഹ്‌റൈനിന്റെയും യു.എ.ഇയുടെയും പ്രശ്‌നം. യമനിലെ ഹൂതികള്‍ക്ക് ഇറാന്‍ കൊടുക്കുന്ന പിന്തുണയും ബഹ്‌റൈനിലെ ജനസംഖ്യയിലെ 50 ശതമാനത്തോളം വരുന്ന ശിയാ വിഭാഗം സര്‍ക്കാരിനെതിരേ നടത്തിവരുന്ന പ്രക്ഷോഭത്തിലുള്ള ഇറാന്റെ സ്വാധീനവും അറബ് ഭരണാധികാരികളെ പേടിപ്പിക്കുന്നുണ്ട്. എന്നാല്‍, അതിന് മറുപടി ഇസ്‌റാഈലാണ് എന്നിടത്താണ് പ്രശ്‌നം. കരാറിന് തയാറായാല്‍ മേഖലയിലെ വലിയ സൈനിക ശക്തിയായി മാറ്റാന്‍ സഹായിക്കാമെന്ന് അമേരിക്ക യു.എ.ഇക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എഫ്35 സ്റ്റല്‍ത്ത്, ഇ.എ18ജി ഗ്രോവ്‌ലര്‍ പോലുള്ള ആധുനിക യുദ്ധവിമാനങ്ങള്‍, റീപ്പര്‍ ഡ്രോണുകള്‍ തുടങ്ങിയവ അബൂദബിക്ക് വില്‍ക്കാമെന്ന് യു.എസ് സമ്മതിച്ചിട്ടുണ്ട്. ബഹ്‌റൈനും വ്യോമപ്രതിരോധ ഉപകരണങ്ങള്‍ നല്‍കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം.
സഊദിയുള്‍െപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളെയും ഇസ്‌റാഈലുമായുള്ള ബന്ധത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. തുറന്ന വിപണിയുടെ ലോകത്ത് ചരിത്രപരമായ ശത്രുതകള്‍ക്കൊന്നും സ്ഥാനമില്ല. എങ്കിലും അവഗണിക്കാവുന്നതല്ല ഫലസ്തീനും ഒരു രാജ്യമെന്ന നിലയില്‍ നിലനില്‍ക്കാനുള്ള അവരുടെ അവകാശവും. അത് ബലികൊടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത അറബ് ലോകത്തിനുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News