2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യു.എച്ച്. മടങ്ങി, ഉണരാത്ത ഉറക്കത്തിലേക്ക്, ഇപ്പോഴും അണമുറിയാതെ അനുശോചന പ്രവാഹം

തൊടുപുഴ: യു.എച്ച്.സിദ്ധീഖ് വണ്ടിപ്പെരിയാര്‍ മസ്ജിദുന്നൂറിലെ പള്ളിപ്പറമ്പില്‍ നിദ്രയിലാണ്ടു. ഇനി ഉണരാത്ത ഉറക്കം. രാവിലെ പത്തുമണിയോടെയായിരുന്നു ചടങ്ങുകള്‍. ഇപ്പോഴും ആ അകാല വിയോഗം ഉള്‍ക്കൊള്ളാനാകാതെ ആയിരങ്ങളുണ്ട്. അനുസ്മരണങ്ങളും അനുശോചനങ്ങളും പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും വാര്‍ത്തകളും സങ്കടങ്ങളുമായി അണമുറിയാതെ ഒഴുകുന്നു. കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം സിദ്ധീഖിനെ ഓര്‍ക്കുന്നു.

 

ഫേസ് ബുക്ക് കുറിപ്പ്

ഉച്ചസൂര്യന്‍ അസ്തമിച്ചപോലെയായി സിദ്ദിഖിന്റെ വിയോഗം

അരിമല ആശുപത്രിയുടെ ഐ.സി.യുവില്‍ കാണുമ്പോള്‍ ഉറങ്ങുകയാണെന്നാണ് തോന്നിയത്. ഒരു മരണത്തിന്റെ മുദ്ര ചാര്‍ത്തിയ മുഖം അവനിലുണ്ടായിരുന്നില്ല. കാസര്‍കോട്ട് എത്തി ഞങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ആഗ്രഹം ചേതനയറ്റ മുഖത്തും പ്രകടമായിരുന്നു. ‘ഒന്നു മയങ്ങട്ടെ ഇപ്പവരാം’എന്നുപറഞ്ഞ ഉച്ചമയക്കക്കാരന്റെ വാശിയാണെന്നു തോന്നി. എവിടെയൊക്കെയോ, സമ്മേളനങ്ങളിലും സമരമുഖങ്ങളിലും കണ്ട മുഖത്തിനു മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു.
പതിവു ചിരി. ‘സുസ്‌മേരവദനം’ ഒരു കളിയെഴുത്തുകാരെന്റ ഭാവമാണെന്ന് പത്രപ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്നും മനസിലാകും.
ഒരുപക്ഷെ ആ വാദം തെറ്റാണെങ്കിലും ദുരന്തമുഖങ്ങളില്‍ ആനന്ദഭാവം ഉണ്ടാകാറില്ല. 158പേര്‍ മംഗളുരു വിമാനത്താവളത്തില്‍ വെന്തുമരിക്കുന്നതു കാണുമ്പോഴും. കളിയെഴുത്തുകാരനായ സിദ്ദിഖ് അങ്ങനെയായിരിക്കില്ല. തന്റെ മേഖലകളില്‍ ഇഷ്ടക്കാര്‍ തോല്‍ക്കുമ്പോഴും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്, അത് കളയാറില്ല. മാധ്യമപ്രവര്‍ത്തകരുടെ ജീവിത പ്രരാബ്ധങ്ങളില്‍ വരുമാനം ഈ സ്‌മേരവദനം മാത്രമായിരിക്കും. അല്ലാത്തപക്ഷം പ്രതിസന്ധിയുടെ ഈ കെട്ടകാലത്ത്, പ്രത്യേകിച്ച് ചെറുകിട പത്രങ്ങളില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുള്ളും മുനയും അനുഭവിക്കുന്ന പത്രപ്രവര്‍ത്തകനു ചിരിക്കാന്‍ എവിടെ നേരം.? സിദ്ദിഖും മറ്റൊരു ലാവണത്തിലല്ലല്ലോ. അവന്റെ ജീവിതത്തിന്റെ പിന്നാമ്പുറത്തുപോകണ്ട, മുന്നാമ്പുറത്തുതന്നെയുണ്ടാകും ജീവിതത്തിന്റെ സ്വപന്ങ്ങള്‍ കരിഞ്ഞുണങ്ങുന്ന കാലം, കണികണ്ടുണരാനുള്ള കാഴ്ച്ച. അതിനെ അതിജീവിക്കാന്‍ അവനില്ല. അവന്റെ കുടുംബത്തിനു ആകും. ആകണം. അതിനു തണലും തുണയുമായി എല്ലാവരുമുണ്ടാകണം. ഇങ്ങോട്ടേക്കുള്ള വരവില്‍. ഈ കാസര്‍കോട്ടുകാരെ ചേര്‍ക്കാനുള്ള വരവില്‍, പാളങ്ങള്‍ക്കു മുകളില്‍ നിന്ന് പ്രാണന്‍ പറന്നുപോയ സുഹൃത്തെ നിനക്ക് ആത്മശാന്തി.
രവീന്ദ്രന്‍ രാവണേശ്വരം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.