2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എ.പി.എയില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി: അലനും താഹയും സി.പി.എം അംഗങ്ങള്‍ തന്നെയെന്ന് ജില്ലാ സെക്രട്ടറി, തള്ളിക്കളയുന്നത് മുഖ്യമന്ത്രിയെയും പി. ജയരാജനെയും

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കുറിച്ച് മുഖ്യമന്ത്രിയെയും പി. ജയരാജനെയും തള്ളി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിക്കളഞ്ഞ അലനും താഹയും സി.പി.എം അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പി.മോഹനന്‍ വ്യക്തമാക്കി. ഇവര്‍ ജയിലിലാണ്. അതുകൊണ്ട് ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പി.ജയരാജന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി.മോഹനന്‍ വ്യക്തമാക്കി. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലനും ഷുഹൈബിനുമെതിരേ പാര്‍ട്ടി നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ ആവര്‍ത്തിച്ചത്. അവരെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അലനും താഹയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട്ടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇവര്‍ക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തുന്നത്. ഇത് അതിശയിപ്പിക്കുന്ന നിലപാടാണെന്നും അതിലുപരി പാര്‍ട്ടിക്കുപറ്റിയ തെറ്റു തിരുത്താനുള്ള തയാറെടുപ്പാണെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടി നിലപാട് തിരിച്ചടിയാവുകയും യു.ഡി.എഫ് അതിനെ മുതലെടുക്കുകയും ചെയ്തതോടെയാണ് ഈ മനം മാറ്റമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

നേരത്തെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കം യു.എ.പി.എ കേസിലെ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയോ പൊലിസോ ഇതില്‍ നിന്നും പിറകോട്ടുപോയില്ല. കേസിപ്പോള്‍ എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അലനും താഹയും മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ബോംബ് വെച്ചതിനും ആളുകളെ കൊന്നതിനും തെളിവുകളുണ്ടെങ്കില്‍ മുഖ്യമന്ത്രി ഹാജരാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി മുതലെടുക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഇതു സി.പി.എമ്മിനെയും കൂടുതല്‍ കുരുക്കിലാക്കുകയായിരുന്നു.
നേരത്തേ തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും, അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നതില്‍ പ്രാദേശിക തലത്തില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. അതിലും ഇവരെ അര്‍ബന്‍ നക്‌സലുകളാണെന്നു തറപ്പിച്ചു പറഞ്ഞിരുന്നു. ഇവര്‍ക്കെതിരേ നടപടി എടുത്തതായും സൂചന നല്‍കിയിരുന്നു. ഇതിനുശേഷമാണിപ്പോള്‍ അവര്‍ക്കെതിരേ നടപടി എടുത്തിട്ടില്ലെന്ന് പി. മോഹനന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

പി.ജയരാജന്‍ പറഞ്ഞത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിങ്ങള്‍ ജയരാജന്‍ പറഞ്ഞു എന്ന് പറഞ്ഞിട്ട് എന്നോട് ചോദിച്ചാ ഞാനെന്ത് പറയാനാ? ജയരാജനോട് ചോദിച്ചിട്ട് പറയാമെന്ന് പി.മോഹനന്‍ പറഞ്ഞു.
ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തില്‍ പെട്ട് പോയിട്ടുണ്ടെങ്കില്‍ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോള്‍. അത്തരം സ്വാധീനത്തില്‍ പെട്ട് പോയിട്ടുണ്ടോ എന്ന് പാര്‍ട്ടി ഇപ്പോഴും പരിശോധിച്ചു വരികയാണെന്നും പി മോഹനന്‍ വ്യക്തമാക്കി.

പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കു ചേര്‍ന്ന ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ കാണാനെത്തിയ മുഖ്യമന്ത്രി നാട്ടില്‍ പുറത്തുണ്ടായിരുന്നെങ്കില്‍ ഈ പ്രക്ഷോഭങ്ങളില്‍ അണിചേരുമായിരുന്ന അലനെയും താഹയെയും തള്ളിപ്പറയുന്നതില്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി അലന്റെ അമ്മ സബിത ശേഖറും എത്തിയതോടെയാണ് സിപിഎം ഒരു വീണ്ടു വിചാരത്തിനൊരുങ്ങിയിരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News