2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഒാപറേഷനുകൾ

ആർ.കെ.ബി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമ നിർമാണമെന്ന വിശേഷണത്തോടെ 1985ൽ രാജീവ് ഗാന്ധി സർക്കാരാണ് ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമം പാർലമെന്റിൽ പാസാക്കിയത്. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിന് തീരാകളങ്കമായ ‘ആയാറാം ഗയാറാം’ സംസ്‌കാരത്തിന് അറുതിവരുത്തുകയെന്ന ഏറ്റവും നല്ല ഉദ്ദേശത്തോടെയാണ് ഈ നിയമനിർമാണം രാജീവ് ഗാന്ധി നടത്തിയത്. ഇതിനുവേണ്ടി ഭരണഘടനയുടെ 102ാം വകുപ്പിൽ മാറ്റംവരുത്തുകയും പുതുതായി 10ാമത് ഒരു പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ത്യയിലെ ഏതെങ്കിലും ഒരു അംഗീകൃത രാഷ്ട്രീയപ്പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയുടെ വിപ്പ് ലംഘിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്താൽ ആ ജനപ്രതിനിധിയെ അയോഗ്യനാക്കുക എന്നതാണ് കൂറുമാറ്റ നിരോധന നിയമം വിഭാവനം ചെയ്യുന്നത്. ജനപ്രതിനിധിക്ക് നിയമസഭയിലോ പാർലമെന്റിലോ തോന്നിയപോലെ നിലപാടു മാറ്റാനുള്ള അമിതസ്വാതന്ത്ര്യത്തിന് ഈ നിയമം നിലവിൽ വന്നതോടെ കൂച്ചുവിലങ്ങു വീണു.

കൂറുമാറ്റ നിരോധന നിയമം
അട്ടിമറിക്കപ്പെടുന്നു

കൂറുമാറ്റ നിരോധന നിയമത്തിന് 2003ൽ പാർലമെന്റ് പാസാക്കിയ 91ാം ഭരണഘടനാ ഭേദഗതിയിലൂടെ ഒരു പാർട്ടി പിളർന്ന് മൂന്നിൽ രണ്ടുഭാഗം മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ മൂന്നാമതൊരു പാർട്ടിയായി നിലകൊള്ളുകയോ ചെയ്താൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ലെന്ന വകുപ്പ് കൂട്ടിച്ചേർത്തത് നിയമത്തിൽ വെള്ളം ചേർക്കുന്നതിനും ലഘൂകരിക്കുന്നതിനും കാരണമായി. ഈ പഴുത് മുതലെടുത്തുകൊണ്ട് 2014 ലും 2019 ലും കേന്ദ്രത്തിൽ അധികാരത്തിൽവന്ന ബി.ജെ.പി സർക്കാരുകൾ കോടിക്കണക്കിന് രൂപ ഒഴുക്കിക്കൊണ്ട് എം.എൽ.എമാർക്ക് വിലയിട്ട് കൂറുമാറ്റം നടത്തുന്നതാണ് ജനാധിപത്യ ഇന്ത്യ കണ്ടത്. എം.എൽ.എമാരുടെ രാജിയിലൂടെ മന്ത്രിസഭയ്ക്കു ഭൂരിപക്ഷം നഷ്ടപ്പെടുത്തുന്ന തന്ത്രവും നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ടുപേർ കൂറുമാറിയാൽ അയോഗ്യതയിൽനിന്നു രക്ഷപ്പെടാം എന്നതും നിയമത്തിലെ പഴുതുകളാണ്. ഈ പഴുതുകൾ വളരെ കൃത്യമായി ബി.ജെ.പി ഇന്ത്യയിൽ ഉപയോഗിച്ചുവരികയാണ്.
ജനാധിപത്യത്തിന്
വിലയിട്ട് ഓപറേഷൻ താമര
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയ ഉടൻ 2014ൽ അരുണാചൽപ്രദേശിൽ എം.എൽ.എമാരെ കൂറുമാറ്റുന്നതിന് രാജ്യം സക്ഷിയായി. അരുണാചൽ പ്രദേശിൽ 2014ൽ 42 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ് മന്ത്രിസഭയെ കൂറുമാറ്റത്തിലൂടെ ബി.ജെ.പി പുറത്താക്കി. മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ബി.ജെ.പി സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർത്താണു മന്ത്രിസഭയെ താഴെ ഇറക്കിയത്. കോൺഗ്രസിൽ നിന്നെത്തിയ പേമ ഖണ്ഡുവിനെ 2016 ജൂലൈ 17ന് മുഖ്യമന്ത്രിയാക്കി. മൂന്നു മാസത്തിനു ശേഷം മുഖ്യമന്ത്രിയടക്കം വിമത കോൺഗ്രസ് എം.എൽ.എമാരെല്ലാം പി.പി.എ വിട്ടു ബി.ജെ.പിയിൽ ചേർന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതെ വന്ന സാഹചര്യവും കൂറുമാറ്റത്തിന് വേണ്ടി ബി.ജെ.പി നഗ്നമായി ഉപയോഗിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 60 അംഗ മണിപ്പൂർ നിയമസഭയിൽ കോൺഗ്രസിന് 28 അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞു. ഭൂരിപക്ഷത്തിന് മൂന്ന് കുറവ്. അതുപോലെ 40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് 17 അംഗങ്ങൾ. ഭൂരിപക്ഷത്തിന് നാല് കുറവ്.

മണിപ്പൂരിൽ ബി.ജെ.പിക്ക് 21 സീറ്റേ ലഭിച്ചുള്ളു. ഗോവയിലാകട്ടെ ബി.ജെ.പിക്ക് 13 പേരെയേ ജയിപ്പിച്ചെടുക്കാനായുള്ളു. രണ്ടിടത്തും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്, പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെ അധികാരത്തിലേറും എന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാൽ മണിപ്പൂരിലും ഗോവയിലും പിന്നീട് അരങ്ങേറിയത് അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ഇടപെടലുകളായിരുന്നു. ഗോവ നിയമസഭയിലെ 15 കോൺഗ്രസ് എം.എൽ.എമാരിൽ 10 പേർ 2019ൽ ബി.ജെ.പിയിൽ ചേർന്നു. നിയമസഭാകക്ഷിയുടെ മൂന്നിൽ രണ്ടുപേർ കൂറുമാറിയതിനാൽ അയോഗ്യതയിൽനിന്നു എം.എൽ.എമാർ രക്ഷപ്പെട്ടു. ബി.ജെ.പിയിലേക്കു കൂറുമാറിയ 10 ഗോവ കോൺഗ്രസ് എം.എൽ.എമാരെയും രണ്ട് എം.ജി.പി എം.എൽ.എമാരെയും അയോഗ്യതയിൽനിന്ന് ബോംബെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

അടുത്തതായി കൂറുമാറ്റ നിരോധന നിയമത്തെ എങ്ങനെ പരിഹാസ്യമാക്കാമെന്ന് ബി.ജെ.പി കാണിച്ചുതന്നത് കർണാടകയിലാണ്. ഓപറേഷൻ താമര എന്ന പേരിൽ നടത്തിയ കാലുമാറ്റത്തിലൂടെ കോൺഗ്രസിലെയും ജെ.ഡി.എസിലെയും 15 എം.എൽ.എമാരെ വിലയ്ക്കുവാങ്ങി എം.എൽ.എ സ്ഥാനങ്ങൾ രാജിവയ്പ്പിച്ചു. ഇതേത്തുടർന്ന് എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നു. സ്പീക്കർ അയോഗ്യരാക്കിയെങ്കിലും ഇവർ എം.എൽ.എ സ്ഥാനങ്ങൾ രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി.
അതേപോല, തെലങ്കാനയിലെ 18 കോൺഗ്രസ് എം.എൽ.എമാരിൽ 12 പേർ ടി.ആർ.എസിൽ ചേർന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള ആറു തെലുഗുദേശം രാജ്യസഭാംഗങ്ങളിൽ നാലു പേരും ബി.ജെ.പിയിൽ ചേർന്നു. ഇവിടെയും കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള അംഗബലം ഉണ്ടാക്കി. 2020ൽ ഇതുപോലെ കോൺഗ്രസ് എം.എൽ.എമാരെ രാജിവയ്പ്പിച്ച് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശിലും ബി.ജെ.പി അധികാരത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം പുതുച്ചേരിയിലെ നാരായണ സ്വാമി സർക്കാരിനെയും ഇതുപോലെ എം.എൽ.എമാരെ വിലക്കെടുത്ത് അട്ടിമറിച്ചിരുന്നു.

ഒടുവിൽ മഹാരാഷ്ട്രയിലും

മഹാരാഷ്ട്രയിലും ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ ബി.ജെ.പി അധികാരം പിടിച്ചിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെപ്പോലും ഉപയോഗിച്ചുകൊണ്ട് എം.എൽ.എമാരെ സ്വാധീനിക്കാനും വിമതർക്കൊപ്പം നിൽക്കാനും സമ്മർദങ്ങളുണ്ടായതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുശേഷവും എം.എൽ.എമാരെ വിലക്കെടുത്ത് സമാനമായ അട്ടിമറി നീക്കം ബി.ജെ.പി നടത്തിയിരുന്നു. ശ്രമം പരാജയപ്പെട്ട ബി.ജെ.പി അന്ന് നാണം കെട്ട് പിൻവാങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായിരുന്ന ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കലഹിച്ച് മുന്നണി ബന്ധം പിരിയുകയായിരുന്നു. ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ഉറപ്പ് നൽകിയിരുന്നെന്നും തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി വാക്ക് മാറ്റിയെന്നും ആരോപിച്ചാണ് ശിവസേന അന്ന് സഖ്യം അവസാനിപ്പിച്ചത്.

ബി.ജെ.പിയുമായുള്ള സഖ്യം തകർന്നതോടെ പുതിയ സർക്കാർ രൂപീകരിക്കാൻ 2019 നവംബർ 22ന് രാത്രിയിൽ ശിവസേന-എൻ.സി.പി- കോൺഗ്രസ് യോഗം തീരുമാനമെടുത്തു. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ബി.ജെ.പി കഴിവതും ശ്രമം നടത്തി. ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് രഹസ്യമായി മുംബൈയിലെത്തി എൻ.സി.പി നേതാവ് അജിത് പവാറുമായി ധാരണയായി. ഇതിനെ തുടർന്ന് രാഷ്ട്രപതിഭരണം അവസാനിപ്പിക്കാനുള്ള ശുപാർശ അയക്കാൻ ഗവർണറുടെ സെക്രട്ടറിക്ക് 23ന് പുലർച്ചെ 2.10 ന് ഡൽഹിയിൽനിന്ന് നിർദേശം വന്നു. ഗവർണറുടെ ശുപാർശ ലഭിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി. പ്രധാനമന്ത്രിക്ക് പ്രയോഗിക്കാവുന്ന സവിശേഷാധികാരം ഉപയോഗിച്ച് ഗവർണറുടെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതിക്ക് അയച്ചു. തുടർന്ന് വെളുപ്പിന് 5.47നു ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് വിജ്ഞാപനം പുറത്തിറങ്ങി. വെളുപ്പിനെ 5.30 ന് ഫഡ്‌നാവിസും അജിത് പവാറും രാജ്ഭവനിലെത്തി. 7.50ന് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങിന്റെ വിവരം പുറത്തുവന്നത് 8.10 നാണ്. 8.40 നു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചതായി വാർത്തകൾ വന്നു.എന്നാൽ ആവശ്യത്തിന് എം.എൽ.എമാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് തുടർന്ന് രാജിവയ്ക്കുകയായിരുന്നു. സുപ്രിംകോടതി വിധിയും ഫഡ്‌നാവിസിന് എതിരായിരുന്നു. തുടർന്ന് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ സത്യപ്രതിജ്ഞ ചെയ്തു. പരാജയപ്പെട്ട ഈ അട്ടിമറി നീക്കം കടുത്ത അപമാനമാണ് ബി.ജെ.പിക്ക് സമ്മാനിച്ചത്. ഇതിന്റെ രാഷ്ട്രീയ പ്രതികാരമാണ് ഇപ്പോഴത്തെ അട്ടിമറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.