
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള ടു വീലര്‍ ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ എട്ടെടുത്താല് മാത്രം പോര. റോഡ് നിയമങ്ങളും ട്രാഫിക് മര്യാദകളും പഠിക്കുകയും ഇന്ധനക്ഷമതകൂട്ടുന്ന വിധം വാഹനം ഓടിക്കുന്നത് അറിഞ്ഞിരിക്കുകയും വേണം. ഇതെല്ലാം പഠിച്ചെടുക്കുന്നതിന് രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.
കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് നാലാഴ്ചത്തെ പരിശീലനം നിര്‍ബന്ധമാക്കിയതു പിന്നാലെയാണ് ടു വീലര്‍ ലൈസന്‍സിന് രണ്ടാഴ്ചത്തെ പരിശീലനം ബാധകമാക്കിയത്. പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അപായ സൂചനാ ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം പുതുതായി നിരത്തിലിറക്കുന്ന കാറുകളില്‍ നിര്‍ബന്ധമാക്കുന്നത് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ടു വീലര്‍ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് തിയറി, പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ കൂടി സമര്‍പ്പിക്കണം. രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനത്തില്‍ 20 സെഷനുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തിയറി ക്ലാസില്‍ ഏഴ് സെഷനും പ്രായോഗിക പരിശീലനത്തില്‍ 13 സെഷനുകളുമുണ്ടാവും.
തിയറി ക്ലാസില്‍ റോഡ് മര്യാദകള്‍, ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, വാഹനത്തെ പറ്റിയുള്ള പ്രാഥമിക വിജ്ഞാനം, പ്രഥമ ശുശ്രൂഷ, റോഡിലെ പെരുമാറ്റം, അപകടങ്ങള്‍ സംബന്ധിച്ച സ്ഥിതിവിര കണക്കുകളും കേസ് സ്റ്റഡികളും, ഇന്ധനം പാഴാവുന്നത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, പരിസ്ഥിതി മലിനീകരണം കുറയ്ക്കല്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പ്രായോഗിക പരിശീലനത്തില്‍ വാഹനം ഓടിക്കാനുള്ള പഠനത്തിനു പുറമേ വാഹനത്തിന്റെ പ്രാഥമിക അറ്റകുറ്റപ്പണികളും ഉള്‍പ്പെടുത്തണം. രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാഹന മൈലേജ് കൂട്ടാനും ഇന്ധനം പാഴാവുന്നത് ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങളും പ്രായോഗിക പരിശീലനത്തില്‍ പെടുത്തിയിട്ടുണ്ട്. ട്രക്കുകള്‍ പോലെ വലിയ വാഹനങ്ങളുള്ള റോഡുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കന്നുകാലികളും തെരുവുനായകളും ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചുള്ള മുന്‍കരുതല്‍ എന്നിവയും അറിഞ്ഞിരിക്കണം.
Comments are closed for this post.