കോഴിക്കോട്: നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വെച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഇരുവരും ഡോക്ടറെ ആക്രമിച്ചത്.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. വയനാട്ടില്‍ നിന്നുള്ളവരെന്ന് പറഞ്ഞു ചികില്‍സ തേടിയെത്തിയവര്‍ക്കൊപ്പമാണ് ഇരുവരും ചൊവ്വാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍ എത്തിയത്. ചെവിക്ക് അസ്വസ്ഥതയുള്ള ആളുമായാണ് ഇവര്‍ വന്നത്. ഇയാളെ പരിശോധിച്ചു മരുന്ന് നല്‍കിയപ്പോള്‍ കൂടെയുള്ള ആളിനും അസുഖം ഉണ്ടെന്നും മരുന്ന് വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അസുഖം ഒന്നുമില്ലെന്നും മരുന്ന് തരാന്‍ സാധിക്കില്ലെന്നും ആശുപത്രി ജീവനക്കാര്‍ ഇവരോട് പറഞ്ഞു. ഇതോടെ യുവാക്കള്‍ ജീവനക്കാരോട് കയര്‍ക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനം, അസഭ്യവര്‍ഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമപ്രകാരവുമാണ് കേസെടുത്തത്.
Comments are closed for this post.