2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടുമാസം കഴിഞ്ഞു; സംഭരിച്ച തേങ്ങയുടെ വില നല്‍കാതെ സര്‍ക്കാര്‍; കിട്ടാക്കടം 16 കോടി

രണ്ടുമാസം കഴിഞ്ഞു; സംഭരിച്ച തേങ്ങയുടെ വില നല്‍കാതെ സര്‍ക്കാര്‍; കിട്ടാക്കടം 16 കോടി

സുരേഷ് മമ്പള്ളി
കണ്ണൂര്‍: സംഭരിച്ച നാളികേരത്തിന്റെ വില രണ്ടുമാസം കഴിഞ്ഞിട്ടും അനുവദിക്കാതെ തെങ്ങുകര്‍ഷകരെയും പെരുവഴിയിലാക്കി സര്‍ക്കാര്‍. നാളികേരം തൂക്കിക്കൊടുത്ത് ഏഴും എട്ടും ആഴ്ചകള്‍ കാത്തിരുന്നിട്ടും അക്കൗണ്ടില്‍ കാശെത്തുന്നില്ല. തേങ്ങവിറ്റ കാശ് ജൂണ്‍ എട്ടിനുശേഷം ഒരാളുടെയും അക്കൗണ്ടില്‍ എത്തിയിട്ടില്ല. 16 കോടി രൂപയാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ബജറ്റില്‍ പച്ചത്തേങ്ങയുടെ താങ്ങുവില വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കൈയടി നേടാറുണ്ടെങ്കിലും ഗുണമൊന്നും കൃഷിക്കാര്‍ക്ക് ലഭിക്കാറില്ലെന്നു മാത്രം.
കഴിഞ്ഞ ബജറ്റില്‍ 34 രൂപയാണ് നാളികേരത്തിന് താങ്ങുവില നിശ്ചയിച്ചത്. എന്നാല്‍ സംഭരണകേന്ദ്രങ്ങളുടെ കുറവും സംഭരണത്തിലെ കടുത്ത നിബന്ധനകളും കാരണം തുടക്കം മുതലേ പദ്ധതിയില്‍ കല്ലുകടിയാണ്. കൃഷി ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കേരഫെഡ് തേങ്ങ സംഭരിക്കുക.

സംഭരണകേന്ദ്രങ്ങളില്‍ ഈ സാക്ഷ്യപത്രം നല്‍കി രജിസ്റ്റര്‍ ചെയ്യണം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10മുതല്‍ നാലുവരെ മാത്രമാണ് സംഭരണം. ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ 48 തേങ്ങയും ഒരേക്കര്‍ തെങ്ങിന്‍തോപ്പില്‍നിന്ന് പരമാവധി 3000തേങ്ങയും മാത്രമേ സംഭരിക്കൂ. നല്ല വിളവുള്ള ഒരു തെങ്ങില്‍നിന്ന് വര്‍ഷത്തില്‍ നൂറിലേറെ തേങ്ങ ലഭിക്കുമ്പോഴാണ് പകുതിയില്‍ താഴെ തേങ്ങയേ സംഭരിക്കൂ എന്ന കൃഷിവകുപ്പിന്റെ വിചിത്ര ന്യായം.

ഇത്തരം കടുത്ത നിബന്ധനകള്‍ കാരണം ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ അഞ്ചിലൊന്ന് പോലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കാന്‍ കഴിയുന്നില്ല. പൊതുവിപണിയില്‍ ഇന്നലെ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 25 രൂപയാണ്. കൊടുത്തയുടന്‍ പണം ലഭിക്കുമെന്നതിനാല്‍ 10രൂപവരെ നഷ്ടത്തില്‍ പൊതുവിപണിയില്‍ വില്‍ക്കുകയാണ് മിക്ക കര്‍ഷകരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.