2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

തൊഴില്‍ മേഖലയില്‍ രണ്ട് സുപ്രധാന ചുവടുകള്‍


തൊഴില്‍ മേഖലയില്‍ ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ഒന്ന് ഹൈക്കോടതി വിധിയിലൂടെയാണെങ്കില്‍ മറ്റൊന്ന് മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ മേഖലയിലും നിയമനങ്ങള്‍ക്ക് പൊലിസ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ് ഇതില്‍ പ്രധാനം. എയ്ഡഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധികള്‍, ദേവസ്വം ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കാണ് പൊലിസ് പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. പി.എസ്.സി വഴി ജോലി കിട്ടുന്നവര്‍ക്ക് നിലവില്‍ പൊലിസ് വെരിഫിക്കേഷന്‍ ഉണ്ട്. പൊലിസ് അന്വേഷണത്തില്‍ കേസുകളില്‍പെട്ട ആളല്ലെന്ന് ഓഫിസ് മേധാവിക്ക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ജോലിയില്‍ കയറിയ വ്യക്തിക്ക് സ്ഥിരനിയമനം ലഭിക്കൂ. അതുവരെ അയാള്‍ താല്‍ക്കാലിക ജീവനക്കാരായി തുടരണം. ജോലി കിട്ടിയ വ്യക്തി പൊലിസ് അന്വേഷണത്തില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണെന്ന് കണ്ടെത്തിയാല്‍ പിരിച്ചുവിടും. ഇതാണ് തുടര്‍ന്നുപോരുന്നത്.

എന്നാല്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. ഇത് ആപല്‍ക്കരമായ പല പ്രവണതകള്‍ക്കും കാരണമായി. ഈയിടെയായി പോക്‌സോ കേസുകളില്‍ പെടുന്ന അധ്യാപകരുടെ എണ്ണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് നിയമനങ്ങളിലൂടെ സ്‌കൂളുകളിലും കോളജുകളിലും ജോലിയില്‍ കയറുന്ന ഇത്തരക്കാരുടെ ഭൂതകാലം അന്വേഷിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ മെനക്കെടാറില്ല. അതുകൊണ്ടാണ് സ്വഭാവ ദൂഷ്യമുള്ള വ്യക്തികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായി കയറിപ്പറ്റുന്നതും പോക്‌സോ കേസുകളില്‍ പെടുന്നതും. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നതും കാണാതിരുന്നുകൂടാ. അതുപോലെ മന്ത്രിമാരുടെ നിര്‍ദേശത്താലും പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശകളാലും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കുന്നവരെക്കുറിച്ചും അവരുടെ പൂര്‍വ കാലത്തെക്കുറിച്ചും അവര്‍ ജോലിയില്‍ പ്രവേശിക്കുന്ന സ്ഥാപന മേധാവികളുടെ അന്വേഷണം ഉണ്ടാവാറില്ല. അത്തരം നിയമം നിലവില്‍ ഇല്ലതാനും. ഇതുകാരണം ക്രിമിനല്‍ കേസുകളില്‍പെട്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരം സ്ഥാപനങ്ങളില്‍ കയറിപ്പറ്റുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തോട് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവുകയില്ല. പല പൊതുമേഖലാ സ്ഥാപനങ്ങളും നശിച്ച് കുത്തുപാളയെടുക്കുന്നത് മന്ത്രിമാരും രാഷ്ട്രീയനേതാക്കളും നല്‍കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇത്തരം ആളുകള്‍ക്ക് നിയമനം നല്‍കുന്നതിനാലാണ്. മന്ത്രിസഭയുടെ പൊലിസ് പരിശോധന തീരുമാനം ഇത്തരം അനഭിലഷണീയ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് കരുതാം.

അതേപോലെയാണ് നോക്കുകൂലിയെന്ന പേരില്‍ സംഘടിത തൊഴിലാളി വര്‍ഗം നടത്തിക്കൊണ്ടിരിക്കുന്ന പിടിച്ചുപറി. തുമ്പയില്‍ നിന്ന് റോക്കറ്റ് വിടണമെങ്കില്‍ വരെ ഇവര്‍ക്ക് നോക്കുകൂലി കൊടുക്കേണ്ടിവരുന്നു. കോടതി നിരോധിച്ചിട്ടും സര്‍ക്കാര്‍ നിരോധിച്ചിട്ടും സംഘടനാ ബലത്തിന്റെ ഹുങ്കില്‍ ഇവര്‍ ഇപ്പോഴും നോക്കുകൂലി വാങ്ങുന്നു. മനുഷ്യര്‍ക്ക് കയറ്റിറക്ക് സാധ്യമാകാത്ത, യന്ത്രങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകുന്ന കയറ്റിറക്കിനുപോലും നോക്കുകൂലിയെന്ന പിടിച്ചുപറി നടത്താന്‍ അംഗീകൃത തൊഴിലാളി സംഘടനയിലെ അനുയായികള്‍ക്ക് യാതൊരു ലജ്ജയുമില്ല. സംയുക്ത തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി. രാജീവിന്റെ മുമ്പാകെ മേലില്‍ നോക്കുകൂലി വാങ്ങില്ലെന്ന് ഉറപ്പുപറഞ്ഞതായിരുന്നു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി നോക്കുകൂലി വാങ്ങുന്നത് ലജ്ജാകരമാണെന്ന് വരെ പറഞ്ഞുകളഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളൊക്കെയും തങ്ങളുടെ തൊഴിലാളികള്‍ ജോലി ചെയ്യാതെ കൂലി വാങ്ങുന്നതില്‍ ലജ്ജാവിവശരായതോടെയാണ് തങ്ങളുടെ തൊഴിലാളികള്‍ മേലില്‍ നോക്കുകൂലി വാങ്ങുകയില്ലെന്ന് മന്ത്രി പി. രാജീവിന് ഉറപ്പ് നല്‍കിയത്.

കുറുപ്പിന്റെ ഉറപ്പുപോലെ എന്ന നാടന്‍ പ്രയോഗം അക്ഷരാര്‍ഥത്തില്‍ തന്നെ പിന്നെയും ആവര്‍ത്തിച്ചു. തിരുവനന്തപുരത്തിനടുത്ത് വീടു പണിക്കിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി പോരെന്ന് പറഞ്ഞ് തൊഴിലാളികള്‍ സ്ഥലം ഉടമയെയും സൂപ്പര്‍വൈസറെയും മര്‍ദിച്ച വാര്‍ത്ത അല്‍പ ദിവസങ്ങള്‍ക്ക് മുമ്പാണ് പത്രങ്ങളില്‍ വന്നത്. തൊഴിലാളി സംഘടനാ നേതാക്കള്‍ മന്ത്രിക്ക് നല്‍കിയ ഉറപ്പിന് സംഘടിത തൊഴിലാളിവര്‍ഗം പുല്ലുവിലപോലും കല്‍പിക്കുന്നില്ലെന്നര്‍ഥം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നല്‍കിയ ഉത്തരവ് ശ്രദ്ധേയമാകുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ക്ക് അവരുടെ തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്താമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന വിധി. നേരത്തെ കയറ്റിറക്ക് തൊഴില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നുള്ളൂ. ഇത് സംഘടിതരായ തൊഴിലാളികള്‍ക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ. അത് പറ്റില്ലെന്നും അങ്ങനെ വന്നാല്‍ ഈ തൊഴില്‍ രംഗത്തേക്ക് മറ്റാര്‍ക്കും കടന്നുവരാനാവില്ലെന്നും മാനേജ്‌മെന്റ് നിശ്ചയിക്കുന്ന സ്വന്തം തൊഴിലാളികള്‍ക്ക് കയറ്റിറക്ക് നടത്താമെന്നും അതിന് മുന്‍ പരിചയം വേണ്ടെന്നുമുള്ള ഹൈക്കോടതി വിധി നോക്കുകൂലിയെന്ന പിടിച്ചുപറിക്ക് കോടതിയില്‍ നിന്ന് കിട്ടിയ മറ്റൊരു പ്രഹരമാണ്.

നമ്മുടെ തൊഴില്‍ മേഖല ശുദ്ധീകരിക്കാന്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവും വിദ്യാര്‍ഥികള്‍ക്കുനേരേ ചില അധ്യാപകരില്‍ നിന്നുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ അഴിമതിയുടെ കേളീരംഗമായി മാറാതിരിക്കാനും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ പൊലിസ് പരിശോധനാ തീരുമാനവും തികച്ചും സ്വാഗതാര്‍ഹമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.