
ദുബൈ: ടേക്ക് ഓഫിന് വേണ്ടി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലൂടെ ഒരേസമയം നീങ്ങിയ രണ്ടു വിമാനങ്ങള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രാത്രി 9.45ഓടെ ദുബൈയില്‍നിന്ന് ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും പറക്കാനിരുന്ന എമിറേറ്റസ് വിമാനങ്ങളാണ് ടേക്ക് ഓഫിന് വേണ്ടി ഒരേസമയം ഒരേ റണ്‍വേയിലൂടെ ഓടിത്തുടങ്ങിയത്.
എന്നാല്‍ എയര്‍പോര്‍ട്ട് അധികൃതരുടെയും വൈമാനിക ജീവനക്കാരുടെയും സമയോചിത ഇടപെടലിലൂടെ നിരവധി പേരുടെ ജീവന് രക്ഷിക്കാനായി. ഇരുവിമാനങ്ങളും ഒരേസമയം ഒരേ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? വിമാനങ്ങളുടെ പുറപ്പെടല്‍ സമയം ഏതായിരുന്നു? തുടങ്ങി സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കൃത്യം 9.45ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ-ഹൈദരാബാദ് വിമാനമാണ് റണ്‍വേയില്‍നിന്ന് ആദ്യം പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍ ടേക്ക് ഓഫിനായി മണിക്കൂറില്‍ 240 കിലോമീറ്ററില്‍ വേഗതയില്‍ റണ്‍വേയിലൂടെ പാഞ്ഞ വിമാനത്തിന് മുന്നില്‍ ദുബൈ-ബംഗളൂരു വിമാനം പ്രത്യക്ഷപ്പെട്ടതോടെ പൊടുന്നനെ ടേക്ക് ഓഫ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.
റണ്‍വേയില്‍ മുക്കാല്‍ കിലോമീറ്ററിലധികം ചെന്ന് സുരക്ഷിതമായി വിമാനം നിന്നതോടെയാണ് അധികൃതര്‍ക്ക് ശ്വാസം നേരെ വീണത്. ഇരുവിമാനങ്ങളുടെയും ടേക്ക് ഓഫിനിടയില്‍ അഞ്ചു മിനുട്ട് വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ വിശദീകരിക്കുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി ആഭ്യന്തര അന്വേഷണം നടത്താന്‍ യു.എ.ഇ സിവില്‍ ഏവിയേഷന്‍ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ച വിഷയത്തില്‍ എമിറേറ്റ്സ് എയര്‍വേയ്സും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ എ.സി.ടി ക്ലിയറന്‍സില്ലാതെ ഓടിത്തുടങ്ങിയ ദുബൈ-ഹൈദരാബാദ് വിമാനമാണ് സുരക്ഷാവീഴ്ച നടത്തിയതെന്നാണ് വിലയിരുത്തല്‍.