ഏക ഡയറക്ടറായി എലോണ്‍ മസ്‌ക്; ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടു
വാഷിങ്ടണ്‍: ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സ്ഥിരീകരണ പ്രക്രിയ (യൂസര്‍ വെരിഫിക്കേഷന്‍ പ്രോസസ്) പരിഷ്‌കരിക്കുമെന്ന് കമ്പനി ഡയറക്ടര്‍ എലോണ്‍ മസ്‌ക്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്ന് ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം എലോണ്‍ മസ്‌ക് ഒരു ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കുന്ന മുഴുവന്‍ പ്രക്രിയയും നവീകരിക്കുമെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ട്വിറ്ററിന്റെ സൈറ്റ് സന്ദര്‍ശിക്കുന്ന ലോഗ് ഔട്ട് ചെയ്ത ഉപയോക്താക്കളെ ട്രെന്‍ഡിങ് ട്വീറ്റുകള്‍ കാണിക്കുന്ന എക്‌സ്‌പ്ലോര്‍ പേജിലേക്ക് റീഡയറക്ട് ചെയ്യണമെന്നു മസ്‌ക് നിര്‍ദേശിച്ചിരുന്നു.
ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള നീല ടിക്ക് മാര്‍ക്കിന് നിരക്ക് ഈടാക്കുന്നത് പരിഗണനയിലുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സാങ്കേതിക വിവര പ്രസിദ്ധീകരണമായ പ്ലാറ്റ്‌ഫോര്‍മര്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് ചില സേവനങ്ങള്‍ക്കും പണമീടാക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചിട്ടുണ്ട്.
തന്റെ ദശലക്ഷക്കണക്കിന് അനുയായികളോട് എഡിറ്റ് ബട്ടണ്‍ വേണോ എന്ന് ചോദിച്ച് ഏപ്രിലില്‍ മസ്‌ക് ട്വിറ്റര്‍ വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മാസം ആദ്യം ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമാക്കുകയുണ്ടായി. 70 ശതമാനത്തിലധികം പേര്‍ എഡിറ്റ് ബട്ടണ്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലോക ധനാഢ്യരില്‍ ഒന്നാമനായ എലോണ്‍ മസ്‌ക് ട്വിറ്ററിലെ ഓഹരികള്‍ സ്വന്തമാക്കിയ ശേഷമുള്ള വലിയ അഴിച്ചുപണികളും പരിഷ്‌കരണങ്ങളും തുടരുകയാണ്. നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുടുകയും ഏക ഡയറക്ടറായി മസ്‌ക് ചുമതലയേല്‍ക്കുകയും ചെയ്തു. ട്വിറ്ററിലെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതി തയ്യാറാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനായി പേരുവിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments are closed for this post.