
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പുതിയ മേധാവിയും ശതകോടീശ്വരനായ ബിസിനസുകാരനുമായ ഇലോണ്‍ മസ്കിനെ വിമര്‍ശിച്ച് കൊണ്ട് വാര്‍ത്ത നല്‍കിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കും.
സസ്പെന്‍ഡ് ചെയ്ത അക്കൗണ്ടുകള്‍ ഇപ്പോള്‍ പുനഃസ്ഥാപിക്കണോ അതോ ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണോ എന്ന് ചോദിച്ച് മസ്ക് നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 3.69 ദശലക്ഷത്തില്‍ 59 ശതമാനം പേരും ഇപ്പോള്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് മറുപടി നല്കിയ പശ്ചാത്തലത്തിലാണ് നടപടി.
‘ ജനങ്ങള്‍ സംസാരിച്ചു. എന്റെ ലൊക്കേഷന്‍ ‘ഡോക്സ്’ ചെയ്ത അക്കൗണ്ടുകളുടെ സസ്പെന്ഷന് ഇപ്പോള്‍ പിന്‍വലിക്കുന്നു.’- മസ്ക് ട്വിറ്ററില്‍ കുറിച്ചു.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന് മാക്ക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ സള്ളിവന്, മാഷബിള്‍ റിപ്പോര്‍ട്ടര്‍ മാറ്റ് ബൈന്റര്‍, എന്നവര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ചിലരാണ്. യുഎസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവര്ത്തകന് ആരോണ്‍ റുപാറിന്റെ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, ട്വിറ്ററിന് എതിരായി അവതരിപ്പിച്ച് ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ വിന്റെ ഒരു അക്കൗണ്ടും ട്വിറ്ററില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഉപയോക്താക്കള്‍ക്ക് സംശയനിവാരണം നടത്താനായി ഉപയോഗിച്ചിരുന്ന @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
Comments are closed for this post.