ഇനി അടിമുടി മാറും. റീ ബ്രാന്‍ഡിങിനൊരുങ്ങി ട്വിറ്റര്‍. ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉടന്‍ മാറ്റിയേക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്‌സ് (X) എന്നാക്കി മാറ്റുമെന്ന് മസ്‌ക് വീണ്ടും പ്രഖ്യാപിച്ചു. നല്ല ഒരു ലോഗോ തയ്യാറായ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാര്‍ക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ഇന്ന് തന്നെ ട്വിറ്ററിന്റെ ചിഹ്നമായിരുന്ന ‘നീലക്കിളിയെയും’ മസ്‌ക് പറത്തിവിടുമെന്ന് ഉറപ്പായി.
And soon we shall bid adieu to the twitter brand and, gradually, all the birds
— Elon Musk (@elonmusk) July 23, 2023
പരിചിതമായ കിളിയുടെ ലോഗോ ഇനി അധികകാലമില്ല, ട്വിറ്ററെന്ന പേരിനോടും മസ്‌കിന് താല്‍പര്യമില്ല. നീല നിറവും, പേരും മാറ്റി എക്‌സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. മനുഷ്യനിലെ അപൂര്‍ണതകളുടെ പ്രതിഫലനമാണ് എക്‌സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാല്‍ പറ്റുമെങ്കില്‍ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് പ്രഖ്യാപനം. ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്‌സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു.
ചൈനയിലെ വീ ചാറ്റ് മാതൃകയില്‍ എല്ലാ സേവനവും ഒറ്റ ആപ്പില്‍ കിട്ടുന്ന സംവിധാനമാക്കി എക്‌സിനെ മാറ്റുകയാണ് മസ്‌കിന്റെ സ്വപ്നം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ഒരു സൂപ്പര്‍ ആപ്പ്. വന്‍ പ്രഖ്യാപനങ്ങള്‍ ഒരു വശത്ത് നടത്തുമ്പോഴും കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിന്ന നില്‍പ്പില്‍ നയം മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്ന ആപ്പില്‍ തുടരാന്‍ പരസ്യദാതാക്കള്‍ക്ക് താല്‍പര്യമില്ല. ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്‌ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
Comments are closed for this post.