
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളെ ഭീഷണിപ്പെടുത്തി പാര്‍ലമെന്ററി സമിതി. നവംബറില്‍ അമിത്ഷായുടെ അക്കൗണ്ടുകള്‍ എന്തിന് ബ്ലോക്ക് ചെയ്തുവെന്നാണ് ചോദ്യമുന്നയിച്ചത്.
പൗരന്മാരുടെ അവകാശത്തിന് സംരക്ഷണം, സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയല്‍ എന്നീ അജണ്ടകള്‍ വച്ചാണ് ഇന്ന് യോഗം ചേര്‍ന്നത്. എന്നാല്‍, അമിത്ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെപ്പറ്റിയാണ് ചോദ്യമുന്നയിച്ചത്.
അമിത്ഷായുടെ പ്രൊഫൈല്‍ ചിത്രം കുറച്ചുസമയത്തേക്ക് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെയാണ് ചോദ്യംചെയ്തത്. ആരാണ് അതിന് അധികാരം നല്‍കിയതെന്നും പാര്‍ലമെന്ററി സമിതി ചോദിച്ചു. പകര്‍പ്പവകാശം ലംഘിച്ചതിനെ തുടര്‍ന്നാണ് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റര്‍ നല്കിയ മറുപടി.
യു.എസില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ പ്രസിഡന്റായിരിക്കെ തന്നെ ഡൊണാള്‍ഡ് ട്രംപിന്റെ പോലും അക്കൗണ്ട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിരന്തരം വിദ്വേഷ പരാമര്‍ശം നടത്തുന്ന ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയില്ലാത്തത് എന്തേയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചിരുന്നു.