2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

ഇരട്ടക്കുഞ്ഞുങ്ങളുടെ മരണവും ഒന്നാം നമ്പര്‍ കേരളവും


 

ആരോഗ്യവകുപ്പിന്റെ പോരിശ കൊട്ടിപ്പാടുന്ന കേരളനാട്ടില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെ കേട്ടിരുന്ന വാര്‍ത്തകള്‍ ആരോഗ്യരംഗത്തെ ഒന്നാം നമ്പര്‍ സംസ്ഥാനത്തുനിന്ന് ഇടയ്ക്കിടെ കേള്‍ക്കേണ്ടി വരുന്നതു ലജ്ജാകരമാണ്. സുപ്രഭാതം മഞ്ചേരി ലേഖകനായ കിഴിശ്ശേരി സ്വദേശി ശരീഫിന്റെയും സഹലയുടെയും ഇരട്ട ഗര്‍ഭസ്ഥശിശുക്കളാണ് വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരുടെ കരുണവറ്റിയ സമീപനം മൂലം മരിച്ചത്. നീണ്ട 14 മണിക്കൂറാണ് ചികിത്സ ലഭിക്കാതെ ആ കുടുംബത്തിനു നെട്ടോട്ടമോടേണ്ടി വന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അവഗണനയുടെ തുടക്കം. രോഗികളോടു സഭ്യമല്ലാതെ പെരുമാറുന്നതില്‍ നിരന്തരം പഴികേള്‍ക്കുന്ന ആതുരാലയമാണെങ്കിലും അവര്‍ക്ക് അതില്‍ ഒട്ടും ലജ്ജയില്ലെന്നു തെളിയിക്കുന്നതായി പൂര്‍ണഗര്‍ഭിണിയോടുള്ള സമീപനം. നേരത്തേ ചികിത്സ തേടിയപ്പോഴുണ്ടായ മോശമായ പെരുമാറ്റം കൊണ്ട് ഇവിടേയ്ക്കു പോകാന്‍ സഹല മടിച്ചുവെന്നതും ഇടയ്ക്ക് എടവണ്ണ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെന്നതും ഈ ആശുപത്രിയുടെ അവസ്ഥയെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരില്‍ ചിലരുടെ പെരുമാറ്റം ചികിത്സ തേടിയെത്തുന്നവര്‍ തങ്ങളുടെ അടിമകളാണെന്ന രൂപത്തിലാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യല്‍ ഇവരുടെ ക്രൂരവിനോദമാണ്. സാംസ്‌കാരിക ഗീര്‍വാണം പ്രസംഗിക്കുന്ന കേരളത്തിലാണിത് നിത്യസംഭവമാകുന്നത്.

ഏതാനും ദിവസം മുന്‍പാണ് ഇതേ മെഡിക്കല്‍ കോളജില്‍ നിന്നു വെന്റിലേറ്റര്‍ ഇല്ലെന്ന പേരില്‍ വയോധികക്കു ചികിത്സ നിഷേധിച്ചു മടക്കി അയച്ചത്. കഴിഞ്ഞമാസം അവസാനത്തിലാണ് ഇതേ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച നാലു ഗര്‍ഭിണികള്‍ക്കു ചികിത്സ നല്‍കാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേയ്ക്കു റഫര്‍ ചെയ്തത്. കൊവിഡ് ചികിത്സാ സൗകര്യമില്ലെന്നു പറഞ്ഞ് അവിടെ നിന്നും മടക്കി.

സഹലയ്ക്കു നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. പിന്നീടു രോഗമുക്തയായി. രോഗമുക്തയെ അകറ്റിനിര്‍ത്തരുതെന്നു അറിയാമായിരുന്നിട്ടും അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഭാര്യയെ മറ്റൊരു ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ ശരീഫ് തയാറായി. അതിന് സഹല കൊവിഡ് മുക്തയാണെന്ന സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നു. അതിനായി മെഡിക്കല്‍ സൂപ്രണ്ടിനെ സമീപിച്ചപ്പോഴും നീചമായ പ്രതികരണമാണ് ഉണ്ടായത്.
തനിക്കു പരിചിതനായ മാധ്യമപ്രവര്‍ത്തകനാണ് അപേക്ഷയുമായി മുന്നില്‍നില്‍ക്കുന്നതെന്ന പരിഗണനപോലും ഉണ്ടായില്ല. ആശുപത്രി നേരായ വഴിക്ക് നടത്തേണ്ട സൂപ്രണ്ട് ഇങ്ങനെ മോശമായി പെരുമാറിയതിലൂടെ ആ കസേരയില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്.

കോട്ടപ്പറമ്പ് ആശുപത്രിയിലും സമാനമായ ദുരനുഭവമാണുണ്ടായത്. 50 കിലോമീറ്റര്‍ താണ്ടി മഞ്ചേരിയില്‍ നിന്നു കോഴിക്കോട്ടെത്തിയ ഗര്‍ഭാശയ സ്തരം പൊട്ടി വെള്ളം ഒലിക്കുന്ന അവസ്ഥയിലുള്ള പൂര്‍ണഗര്‍ഭിണിയോട് ഗര്‍ഭിണികള്‍ക്കായി സര്‍വസജ്ജീകരണങ്ങളുമുള്ള കോട്ടപ്പറമ്പ് ആശുപത്രി അധികൃതര്‍ക്കും അലിവു തോന്നിയില്ല. ഇന്നലെ പാലക്കാട് ജില്ലയിലും സമാന സംഭവമുണ്ടായി. അതിനര്‍ത്ഥം ഇത്തരക്കാര്‍ക്കു കൂസലില്ലെന്നു തന്നെയാണ്.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്ന രൂപത്തിലല്ല ആരോഗ്യവകുപ്പിന്റെ പല സമീപനങ്ങളും. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട പാനൂരില്‍ ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റെയും പിടിവാശി നിമിത്തം ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവമുണ്ടായപ്പോഴും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന ഗീര്‍വാണം മന്ത്രി മുഴക്കിയിരുന്നു.
എന്നാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കു വീഴ്ച സംഭവിച്ചില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ശക്തമായ പ്രതിഷേധങ്ങളില്ലെങ്കില്‍ അതേ അവസ്ഥ തന്നെയായിരിക്കും മഞ്ചേരി, പാലക്കാട് സംഭവങ്ങളിലും ആവര്‍ത്തിക്കപ്പെടുക.

കൊവിഡ് മഹാമാരി പ്രതിരോധിക്കാന്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നു പറയുമ്പോള്‍ തന്നെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഗുണകരമാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ വീട്ടുകാര്‍ക്ക് തിരികെക്കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയിലാണെന്ന വാര്‍ത്തയും ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെയാണു കാണിക്കുന്നത്. പൊതുജനത്തിന്റെ ജീവന്‍കൊണ്ടു പന്താടാന്‍ എന്തിനാണ് ഒരു വകുപ്പ് എന്ന ചോദ്യമുയരുന്നത് പ്രതിപക്ഷത്തിന്റെ അടുക്കല്‍ നിന്നല്ല, പൊതുജനങ്ങള്‍ക്കിടയില്‍ നിന്നാണ്. അതു തിരിച്ചറിയുന്നത് നന്ന്.
അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ സമൂല അഴിച്ചുപണി ആവശ്യമാണെന്നാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത രീതിയിലുള്ള സമീപനങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

രോഗലക്ഷണങ്ങളില്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് മതി എന്നാണ് ആരോഗ്യവകുപ്പിന്റെ മാനദണ്ഡം. മുന്‍പ് കൊവിഡ് ബാധിതയായതിനാലാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നാണ് വാദം. മൂന്നു ജീവനുകള്‍ മരണത്തോട് മല്ലിടുമ്പോള്‍ കൊവിഡ് രോഗിയാണെന്ന കരുതലോടെ തന്നെ ചികിത്സ നടത്താന്‍ ഇവിടെ സംവിധാനമില്ലേ ?
സമീപകാലത്ത് കൊവിഡ് ഭീതിയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇനിയും ഒരു ജീവനും ഇങ്ങനെ പൊലിഞ്ഞുകൂടാ. അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുകയും വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.