2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഇന്ധനം തീർന്ന ഇരട്ട എൻജിനുകൾ


ഇന്ത്യയുടെ സിരകളിൽ ജനാധിപത്യം സദാഉണ്ടെന്നതാണ് ഈ യു.എസ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഏറ്റവും വലിയ നുണ. ഇന്ത്യയിൽ നടക്കുന്ന നെറികെട്ട വിവേചനത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. മോദി ഇതു പറയുമ്പോള്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മണിപ്പൂര്‍ കത്തുകയായിരുന്നു. വിവേചനമാണ് മണിപ്പൂരിലെ കലാപത്തിന്റെ അടിസ്ഥാന കാരണം. അതംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. മണിപ്പൂരില്‍ അക്രമങ്ങള്‍ തുടങ്ങിയിട്ട് രണ്ടു മാസമാകുന്നു. സംസ്ഥാന പൊലിസും കേന്ദ്രസേനയുമെല്ലാമുണ്ട്. എന്നിട്ടും കലാപം കൂടുന്നതല്ലാതെ കുറയുന്നില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അതെക്കുറിച്ച് പറയാനൊന്നുമില്ല. ദേശീയ സുരക്ഷയുടെ ഹൃദയത്തിലേക്ക് നീളുന്ന ഏതു പ്രതിസന്ധി രാജ്യത്തുണ്ടാകുമ്പോഴും മോദി മൗനം പാലിക്കും. നേട്ടങ്ങള്‍ തന്റെതല്ലെങ്കിലും ഏറ്റെടുക്കാന്‍ മടിയില്ല. കോട്ടങ്ങള്‍ ഏറ്റെടുക്കാറുമില്ല.


മണിപ്പൂരൊഴികെ രാജ്യത്തെ മറ്റെല്ലാം കാര്യങ്ങളും മോദി പറയുന്നുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് പറയുന്നുണ്ട്. പ്രതിപക്ഷ ഐക്യം വരുന്നത് ജയിലില്‍പ്പോകാനുള്ള പേടികൊണ്ടാണെന്ന് പറയുന്നുണ്ട്. മുത്വലാഖ് നടപ്പാക്കിയത് മുസ് ലിം സ്ത്രീകളെ സംരക്ഷിക്കാനാണെന്ന് പറയുന്നുണ്ട്.


മണിപ്പൂരിലെ അക്രമങ്ങളുടെ വ്യാപ്തിയും ക്രൂരതയും അതിഭീകരമാണ്. ഭരണഘടനയുടെ 355 നടപ്പാക്കിയ ശേഷവും ‘ഇരട്ട എൻജിൻ’ സര്‍ക്കാരിന് അക്രമം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് ബി.ജെ.പി ഭരണവും കേന്ദ്രത്തില്‍ മോദി സര്‍ക്കാരും കൂടിയാകുമ്പോള്‍ ഇരട്ട എൻജിന്‍ ഭരണമാണ് ലഭിക്കുകയെന്നായിരുന്നല്ലോ ബി.ജെ.പി വാഗ്ദാനം. കേന്ദ്രത്തില്‍ മോദിയുണ്ട്. മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരുമുണ്ട്. പക്ഷേ കലാപ ഭൂമിയില്‍ അക്രമികളും ഇരകളും മാത്രമേയുള്ളൂ. സര്‍ക്കാര്‍ ഒരിടത്തുമില്ല. ബി.ജെ.പിയുടെ ഇരട്ട എൻജിനുകളിലൊന്ന് ഇന്ധനം തീര്‍ന്നു കിടക്കുന്നു. രണ്ടാമത്തെ എൻജിൻ ഡല്‍ഹിയിലെ ലോക്കോ ഷെഡ്ഡില്‍ ഒളിച്ചിരിക്കുന്നു.


ആവലാതികളുമായി മോദിയെ കാണാനെത്തിയ ബി.ജെ.പി എം.എല്‍.എമാരുടെ 30 അംഗ സംഘത്തെ മുഖം കാണിക്കാന്‍ പോലും തയാറാകാതെയാണ് മോദി യു.എസിലേക്ക് വിമാനം കയറിയത്. 10 ദിവസത്തിലധികം കാത്തിരുന്ന എം.എല്‍.എമാര്‍, നിരാശയോടെ തിരിച്ചുപോയി. മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘവും മോദിയെ കാണാന്‍ രണ്ടാഴ്ച കാത്തിരുന്ന് മടങ്ങി. അമിത്ഷാ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പറയാനുണ്ടായിരുന്നത് എല്ലാം ശാന്തമാകുമെന്ന അലസ ഉറപ്പാണ്. യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. മണിപ്പൂര്‍ ശാന്തമാക്കാന്‍ അവിടെ സന്ദര്‍ശിക്കേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിക്കുണ്ട്. അദ്ദേഹം അതിന് തയാറല്ല. മണിപ്പൂര്‍ വെറുതെ ശാന്തമാകില്ല. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാൽ, ബിരേന്‍ സിങ് സര്‍ക്കാര്‍ അക്കാര്യത്തിൽ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ പിരിച്ചു വിടാനും മോദി തയാറല്ല.


കഴിവില്ലായ്മയും അവഗണനയും പക്ഷപാതവുമാണ് ബിരേന്‍ സിങ് സര്‍ക്കാര്‍. അതിലേക്ക് രണ്ടു മാസത്തോളം നീണ്ടൊരു കലാപമെന്ന നാണക്കേട് കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു. എന്നിട്ടും ഒന്നും ചെയ്യാതിരിക്കുകയാണ് കേന്ദ്രം. എല്ലാം സ്വയം കത്തിത്തീരാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ കാത്തിരിക്കുന്നത്. എങ്കില്‍ കലാപമടങ്ങുമ്പോഴേയ്ക്ക് അവിടെയൊന്നും ബാക്കിയുണ്ടാകില്ല. സുരക്ഷയും ക്രമസമാധാനവുമുള്ള രാജ്യം കെട്ടിപ്പടുക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന വലിയ നുണയാണ് മണിപ്പൂരില്‍ പൊളിഞ്ഞു വീണിരിക്കുന്നത്. ബി.ജെ.പിയുടെ ആഴത്തിലുള്ള കഴിവില്ലായ്മയും പക്ഷപാതിത്വവും വെളിപ്പെട്ടിരിക്കുന്നു. നിരവധി വംശീയ വിഭാഗങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളുമുള്ള മണിപ്പൂര്‍ പോലെയൊരു സംസ്ഥാനത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയാണ് സുസ്ഥിരത നിലനിര്‍ത്താന്‍ കഴിയുക.


അതിന് മൂന്ന് കാര്യങ്ങളെങ്കിലും അത്യാവശ്യമാണ്. ഭരണഘടനാ മൂല്യങ്ങള്‍ നിഷ്പക്ഷമായി നടപ്പാക്കാന്‍ കഴിവുള്ള ഭരണകൂടമാണ് ഇതില്‍ ആദ്യത്തേത്. സ്വത്വത്തെ ബഹുമാനിക്കുന്ന, എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കാത്ത രാഷ്ട്രീയ സംസ്‌കാരമാണ് രണ്ടാമത്തേത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വികസന വിവരണമാണ് മൂന്നാമത് വേണ്ടത്. ഈ മൂന്ന് കാര്യങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ തോറ്റുപോയിരിക്കുന്നു. സര്‍ക്കാര്‍ മണിപ്പൂരിനെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അക്രമങ്ങളുടെയും സൈനികവല്‍ക്കരണത്തിന്റെയും അഭൂതപൂര്‍വമായ തലത്തിലേക്ക് മാറ്റി. അവസരവാദപരമായി വംശീയതയെ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്കും ഭിന്നിപ്പിച്ചു ഭരിക്കാനും ഉപയോഗിച്ചു. പരസ്പരം തര്‍ക്കിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്ക് മുകളില്‍ ഭരണകൂടം ഉള്ളതായി നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരു വിഭാഗത്തിന്റെ ഭാഗമായതോടെ മറ്റു വംശീയ വിഭാഗങ്ങള്‍ക്ക് തങ്ങള്‍ തങ്ങളെതന്നെ സംരക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് വളര്‍ന്നതാണ് മണിപ്പൂരിലെ അവസാനിക്കാത്ത അക്രമങ്ങളുടെ അടിസ്ഥാനം.
മണിപ്പൂരിലെ ഭൂരിപക്ഷ രാഷ്ട്രീയം എപ്പോഴും സങ്കീര്‍ണമായിരുന്നു. ഈ ചരിത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് അധികാരത്തിലെത്താനുള്ള അവസരം നല്‍കിയത്. വിഭാഗീയതയെ ബി.ജെ.പി നന്നായി ഉപയോഗിച്ചു. ആദ്യ ഘട്ടത്തില്‍ മെയ്തികള്‍ മാത്രമല്ല, കുക്കികളും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തു. പുതിയ രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കുന്നതിന് പകരം സര്‍ക്കാര്‍ തുടര്‍ച്ചയായി തെറ്റുകള്‍ വരുത്തി. ആ തെറ്റുകളുടെ തുടര്‍ച്ചയായിരുന്നു മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുത്താനുള്ള നീക്കം. വടക്കുകിഴക്കന്‍ മേഖലയിലെ സങ്കീര്‍ണമായ സാമൂഹിക വിള്ളലുകളെ അഭിമുഖീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കഴിവ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ രാഷ്ട്രീയ പരിമിതികളും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.


യു.എസ് സന്ദര്‍ശനത്തിന് ശേഷം രാജ്യത്തെത്തിയ മോദി ആദ്യമായി രാജ്യത്ത് സംസാരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ഫോട്ടോയെടുക്കാന്‍ മാത്രം ഒത്തു കൂടിയവരെന്ന് പരിഹസിക്കാനാണ്. അപ്പോഴും മണിപ്പൂരിനെക്കുറിച്ചൊന്നുമില്ല. പ്രധാനമന്ത്രീ, താങ്കളുടെ കണ്‍മുന്നില്‍ മണിപ്പൂര്‍ കത്തുന്നുണ്ട്. കണ്ണു തുറന്നൊന്ന് നോക്കാനാവുമോ അങ്ങയ്ക്കു, ഇനിയെങ്കിലും വീണ വായിക്കുന്നത് മതിയാക്കൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.