2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രക്ഷാദൗത്യത്തിനെത്തിയ ഇന്ത്യന്‍ വനിതാ സൈനികയ്ക്ക് ചുംബനപ്പൂക്കള്‍ കൊണ്ട് നന്ദിയറിയിച്ച് തുര്‍ക്കി വനിത

അങ്കാറ: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാദൗത്യത്തിനെത്തിയ ഇന്ത്യന്‍ വനിതാ സൈനികയ്ക്ക് ചുംബനപ്പൂക്കള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കുന്ന തുര്‍ക്കി വനിതയുടെ ചിത്രം വൈറലായി. ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എ.ഡി.ജി പി.ഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഓപറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ പെട്ടവരെ കണ്ടെത്തുന്നതിന് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്തുവരുന്നു. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും തുര്‍ക്കിയിലെത്തിയിട്ടുണ്ട്. ഇവരോടൊപ്പം മെഡിക്കല്‍ സംഘവുമുണ്ട്. ഇന്ത്യയില്‍ നിന്ന് മരുന്നുകളും എത്തിച്ചുനല്‍കി. നാല് സൈനിക വിമാനങ്ങളിലായാണ് ഇന്ത്യന്‍ സംഘം തുര്‍ക്കിയിലെത്തിയത്.

ഇന്ത്യന്‍ സൈന്യം താല്‍ക്കാലിക ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ ഇതിനകം 21,000 പേര്‍ മരിച്ചു. സിറിയയില്‍ 3,377 പേരും തുര്‍ക്കിയില്‍ 17,674 പേരും മരിച്ചതായി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 21,051 ആയി. ഏഴ് നഗരങ്ങളിലായി ആശുപത്രികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News