
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ മഞ്ഞുരുക്കം. ഇരുവരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് രണ്ട് നാറ്റോ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം ഒഴിഞ്ഞത്. ജോ ബൈഡനുമായി ഫലപ്രദവും ആത്മാര്‍ഥവുമായ ചര്‍ച്ച നടന്നുവെന്ന് ഉര്ദുഗാന് പ്രതികരിച്ചു.
ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയും യു.എസും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഉര്ദുഗാന് പറഞ്ഞു.
‘വളരെ നല്ല കൂടിക്കാഴ്ച’യായിരുന്നുവെന്ന് ബൈഡനും പിന്നീട് പ്രതികരിച്ചു. ഇരുവരും ഒരു മണിക്കൂറിലേറെ നേരമാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവും ഫലപ്രദവുമായിരുന്നുവെന്ന് ബൈഡന് പറഞ്ഞു.
ബൈഡനും ഉര്‍ദുഗാനും തമ്മില്‍ വര്‍ഷങ്ങളായി അറിയാമെങ്കിലും തെരഞ്ഞെടുപ്പ് കാലം മുതല്‍ ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശിച്ചിരുന്നു. ഉര്ദുഗാന് ഒരു സ്വേച്ഛാധിപതിയാണെന്നും ബൈഡന് വിമര്‍ശിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍, ഓട്ടോമന്‍ കാലത്തു നടന്നെന്ന് പറയുന്ന അര്‍മേനിയന്‍ ‘കൂട്ടക്കൊല’യെ യു.എസ് അംഗീകരിച്ചിരുന്നു. ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് തുര്‍ക്കിയുടെ വാദം. ഇതും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു.
സിറിയയില്‍ കുര്‍ദുകളെ സഹായിക്കുന്ന യു.എസ് നിലപാടിനെയും ഉര്ദുഗാന് വിമര്‍ശിച്ചിരുന്നു. സഖ്യരാജ്യമാണെങ്കില് സഹായിക്കേണ്ടത് തുര്‍ക്കിയെ ആണെന്നും തീവ്രവാദികളെ അല്ലെന്നും ഉര്ദുഗാന് പറഞ്ഞിരുന്നു.