അങ്കാറ: തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തുടരും. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉര്‍ദുഗാന്‍ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്. 54.3 ശതമാനം വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതിരാളി കെമാല്‍ കിലിഷ്ദറോഗ്ലുവിന് 45.57 ശതമാനം വോട്ടും ലഭിച്ചു.
ആദ്യ റൗണ്ടില്‍ മുന്നിലെത്തിയെങ്കിലും അധികാരത്തിന് ആവശ്യമായ 50 ശതമാനം വോട്ട് നേടാന്‍ ഉര്‍ദുഗാന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഇതാദ്യമായാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുന്നത്.
Kısıklı'dayız. 🇹🇷 https://t.co/KQSKDAroPD
— Recep Tayyip Erdoğan (@RTErdogan) May 28, 2023
പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും മുന്‍വിധി കലര്‍ന്ന പ്രവചനങ്ങള്‍ക്കുള്ള തിരുത്താണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജയം. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉര്‍ദുഗാന്‍ തരംഗത്തെ അതിജയിക്കാന്‍ കഴിയാത്ത നിരാശയിലാണ് തുര്‍ക്കി പ്രതിപക്ഷം.
കടുത്ത പരീക്ഷണങ്ങള്‍ ആയിരുന്നു ഇക്കുറി. അര ലക്ഷം പേരുടെ ജീവന്‍ കവര്‍ന്ന ഭൂകമ്പം, സാമ്പത്തിക പ്രതിസന്ധി, അഭയാര്‍ഥി പ്രവാഹം- ഉര്‍ദുഗാന്‍ യുഗം ഇതോടെ തീര്‍ന്നെന്ന് പ്രതിപക്ഷവും പടിഞ്ഞാറും ഉറപ്പിച്ചതാണ്. പക്ഷെ രണ്ടാം ഘട്ടത്തിലും മുഖ്യ എതിര്‍ സ്ഥാനാര്‍ഥി കെമാലിന് അടിപതറി. അറബ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുമായി കൂടുതല്‍ അടുപ്പം രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നടപടികള്‍ക്കാവും ഉര്‍ദുഗാന്റെ ഇനിയുള്ള നീക്കം.
1994ല്‍ ഇസ്‌ലാമിക് വെല്‍ഫെയര്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച് ഇസ്തംബുള്‍ മേയര്‍ ആയാണ് രാഷ്ട്രീയത്തില്‍ ഉര്‍ദുഗാന്റെ തുടക്കം. പിന്നീട് തുര്‍ക്കി പ്രധാനമന്ത്രി പദത്തില്‍. അതിനു പിന്നാലെ പ്രസിഡന്റ് പദം. 2001ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിട്ട ഉര്‍ദുഗാന്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് രൂപം നല്‍കി.
Comments are closed for this post.