അങ്കാര: തുർക്കിയെ നടുക്കിയ ഭൂകമ്പത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങളുടെ ഉടമകളെക്കുറിച്ചും നിർമ്മിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി തുർക്കി നീതിന്യായ മന്ത്രി ബെക്കിർ ബോസ്ദാഗ്. 600 ലധികം ആളുകൾക്കെതിരെയാണ് നിലവിൽ അന്വേഷണം ആരംഭിച്ചത്. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ ചിലരെ ജയിലിടക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം നടക്കുന്ന 612 പ്രതികളിൽ 184 പേരെയാണ് വിചാരണ തീർപ്പാക്കാതെ ജയിലിലടച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ളവരിൽ നിർമാണ കരാറുകാരും കെട്ടിട ഉടമകളും മാനേജർമാരും ഉൾപ്പെടുന്നുവെന്ന് മന്ത്രി ബെക്കിർ ബോസ്ദാഗ് ശനിയാഴ്ച ടെലിവിഷൻ ചാനലിലൂടെ വ്യക്തമാക്കി. കെട്ടിടങ്ങളിൽ തെളിവുകൾ കണ്ടെത്തുന്നത് ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി നടന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അരലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെട്ട ഭൂകമ്പത്തിന്റെ ആക്കം കൂട്ടിയത് കെട്ടിടങ്ങൾ കൂട്ടത്തോടെ തകർന്നതാണ്. മിക്ക കെട്ടിടങ്ങൾക്കും ഭൂകമ്പത്തെ ചെറുക്കാനായില്ല. കെട്ടിട നിർമാണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ ഭരണം പരാജയപ്പെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിട നിർമ്മാതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചത് .
ഈ മാസം ആദ്യമായിരുന്നു തുർക്കിയിൽ ലോകത്തെ തന്നെ ഞെട്ടിച്ച ഭൂകമ്പം നടന്നത്. തെക്കൻ തുർക്കിയിൽ 44,000-ത്തിലധികം മരണങ്ങളും വടക്കൻ സിറിയയിൽ 5,500-ലധികം മരണങ്ങളുമാണ് ഫെബ്രുവരി 6-ന് 7.8-ഉം 7.6-ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂലം സംഭവിച്ചത്.
Comments are closed for this post.