
വാഷിങ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട ന്യൂക്ലിയര്‍ കേന്ദ്രം ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ തീരുമാനം മാറ്റിയെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്നതതല കൂടിയാലോചന നടത്തുന്നതിനിടെയാണ് ട്രംപ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും യോഗത്തിലുണ്ടായിരുന്നു. കൂടെ, ട്രംപിന്റെ പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജനറല്‍ മാര്‍ക് മിലേ തുടങ്ങിയവരും ഉണ്ടായിരുന്നു.
ട്രംപ് യോഗത്തില്‍ ഉറച്ച തീരുമാനമെന്ന നിലയ്ക്കാണ് പറഞ്ഞത്. എന്നാല്‍ മറ്റുള്ളവരെല്ലാം കൂടി പിന്തിരിപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതു രീതിയില്‍ ആക്രമിക്കാമെന്ന ഒപ്ഷന്‍ മാത്രമാണ് ട്രംപ് ചോദിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരിക്കുകയാണ്.
ഇറാനെതിരെ കടുത്ത നിലപാടുകളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ട്രംപ് എടുത്തിരുന്നത്. ലോകരാഷ്ട്രങ്ങള്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് വരെ ട്രംപ് പിന്മാറിയിരുന്നു. കൂടാതെ, കടുത്ത സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി.
Comments are closed for this post.