
ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി ഹൗസില്‍ ബുധനാഴ്ച വോട്ടെടുപ്പ്
വാഷിങ്ടണ്‍: യു.എസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി അക്രമം നടത്തിയതിനു പിന്നാലെ തുടങ്ങിയ ഇംപീച്ച്മെന്റ് നടപടിയുടെ ഭാഗമായി ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ്. 25-ാം ഭേദഗതി നടപ്പാക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ഡെമോക്രാറ്റുകള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
പ്രസിഡന്റായി തുടരാന്‍ എട്ടു ദിവസം മാത്രമാണ് ഇനി ട്രംപിന് സമയമുള്ളത്. ഇതിനിടയിലാണ് ഇംപീച്ച്മെന്റ് നടപടി വരുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുന്നത്.
രാജ്യതാല്പര്യത്തിന് നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞാണ് ട്രംപിനെ പുറത്താക്കുന്ന നടപടിയില്‍ നിന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പിന്മാറിയത്. ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിക്ക് കൈമാറിയ കത്തിലാണ് പെന്‍സിന്റെ പരാമര്‍ശം.
അതിനിടെ, ട്രംപിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി നാല് റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിവിട്ടു. ഇവര്‍ ഇംപീച്ച്മെന്റിനു വേണ്ടി വോട്ടുചെയ്യും.