
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇടിഞ്ഞാണ് പോകുന്നതെന്ന് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഒരു ബില്യണ്‍ ഡോളറിന്റെ (6954 കോടി രൂപ) നഷ്ടമുണ്ടായെന്നാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐ.ആര്.എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
1985 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭീമമായ നഷ്ടം സംഭവിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക നികുതി വിവരങ്ങള്‍ ഐ.ആര്.എസ് വഴി പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. നഷ്ടം കാരണം 8-10 വര്‍ഷം വരെ ട്രംപ് നികുതി അടച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് 1990, 91 വര്‍ഷങ്ങളില്‍ 250 മില്യണ്‍ ഡോളറിലധികം (1740 കോടി രൂപ) നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെയായിട്ടും വൈറ്റ് ഹൗസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെട്ട അന്താരാഷ്ട്ര തലത്തില്‍ ബിസിനസ് നടത്തിവന്നിരുന്ന ട്രംപ് റിപ്പബ്ലിക്കന്‍ പ്രതിനിധി ആയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപിന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ പല സമയങ്ങളിലും ട്രംപ് നികുതി വിവരം പുറത്തുവിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.