തിരുവനന്തപുരം: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്ന് മുതല്‍ 10 ദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങള്‍ നിറയും. തിരുവോണ ദിവസം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുക. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.
രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.
നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് പങ്കെടുക്കുക. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.
ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തംദിനമായ ഇന്ന് കൊടിയേറും. രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തംമുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യയും നടക്കും.
Comments are closed for this post.