2023 December 11 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആത്മീയ വെളിച്ചംതേടി ബാബാ ബുധന്‍ഗിരിയില്‍

ഇന്ത്യയുടെ സമ്മിശ്രസംസ്‌കാരത്തിന്റെ അടയാളകേന്ദ്രമായിരുന്നു ബാബാ ബുധന്‍ഗിരി. ബാബാ ബുധന്‍ എന്നും ഗുരു ദത്താത്രേയ എന്നും അറിയപ്പെടുന്ന സൂഫിവര്യനായ ദാദാ ഹയാത്ത് മിര്‍ കലന്തറിന്റെ വാസസ്ഥലമായിരുന്നു സമുദ്ര നിരപ്പില്‍നിന്ന് ആറായിരം അടി ഉയരത്തിലുള്ള സദാ കാറ്റും, കോളും, മഞ്ഞും നിറയുന്ന ഈ ഗിരിശൃംഗങ്ങള്‍. ഹിന്ദുക്കളും, മുസ്‌ലിംകളും ഒരുപോലെ പുണ്യകേന്ദ്രമായി ഇന്നും കരുതുന്ന ഭൂപ്രദേശം

കെ.എം ശാഫി

 

ചരിത്രവും, ഐതിഹ്യവും ഇടകലര്‍ന്നൊഴുകുന്ന ശ്രാവണ ബെലഗോളയില്‍നിന്നാണ് ഞങ്ങള്‍ ചിക്ക്മംഗളൂരിലേക്കുള്ള യാത്ര തുടങ്ങിയത്. ഗോമതേശ്വര ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറി തളര്‍ന്ന കാലുകളോടെ കാറിലിരിക്കുമ്പോള്‍ സായാഹ്ന കിരണങ്ങള്‍ ചില്ലുജാലകം തുളച്ച് ഇടക്കിടെ ദേഹത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്. പച്ചപുതച്ചു കിടക്കുന്ന കര്‍ണാടയുടെ കാര്‍ഷിക സ്ഥലങ്ങളായ ചിന്നരായ പട്ടണവും, ഹാസനും, ബേലൂരും കടന്ന്ചിക്ക്മംഗളൂരിലെത്താന്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കണം. ഈ യാത്രപോലും കാഴ്ചയുടെ വൈവിധ്യങ്ങള്‍ പകര്‍ന്നുകൊണ്ടേയിരിക്കും.

ചരിത്രവും, വര്‍ത്തമാനവും കഥ പറയുന്ന വഴിയമ്പലങ്ങള്‍ താണ്ടുമ്പോള്‍ മനസ് പൊറുതിമുട്ടിക്കൊണ്ടിരിക്കും വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം തീര്‍ക്കുന്ന അസ്വസ്ഥതകള്‍ പേറുന്ന സ്ഥലനാമങ്ങളെ വായിക്കുമ്പോള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടയാളങ്ങളിപ്പോഴും ഊര്‍ന്ന് തുടങ്ങിയിട്ടില്ല. മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്യുന്നുണ്ട് ഇടക്കിടെ. കര്‍ഷക ജനതയുടെ അവകാശസമരങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഔന്നിത്യങ്ങളിലെത്തിയ ദേവഗൗഡയുടെ സ്വന്തം ദേശവും, പഴയ മണ്ഡലവുമൊക്കെയാണ് ഹാസന്‍. എന്നാല്‍ ഇത്തവണ ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആ വലിയ നേതാവ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിരിമുറുക്കങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞു. ഈ മേഖലകളിലൊക്കെ സമീപകാലങ്ങളിലായി വര്‍ഗീയരാഷ്ട്രീയം പടര്‍ത്തിയ പുകപടലങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

   

മുള്ളയന ഗിരിയിലെ
മഞ്ഞിലലിഞ്ഞ്

നഗരം ഉണര്‍ന്നുതുടങ്ങുന്നേയുള്ളൂ ഞങ്ങള്‍ ബാബാബുധന്‍ഗിരിയിലേക്ക് യാത്ര തിരിക്കുമ്പോള്‍. കോട വീണ് കിടക്കുന്ന വീതിയേറിയ പാതകള്‍ വിജനമാണ്. സഞ്ചാരികളെ കുത്തിനിറച്ച ബസുകള്‍ മാത്രം ഇടക്കിടെ ഞങ്ങളെ കടന്നുപോയി. മുന്‍പ് ഫെവികോളിന്റെ പരസ്യത്തില്‍ കണ്ടപോലെ മേല്‍ക്കൂരയ്ക്ക് മുകളില്‍പോലും ആളുകള്‍ തിങ്ങിയിരിക്കുന്ന വിനോദയാത്രികരുടെ ഒരു ബസ് ഞങ്ങള്‍ക്ക് മുന്‍പില്‍ ഹെയര്‍പിന്‍ വളവുകള്‍ മുരണ്ടു കയറുന്നു. ബാബാ ബുധന്‍ഗിരിയിലേക്കുള്ള വഴിയിലാണ് മുള്ളയന ഗിരി. സമുദ്രനിരപ്പില്‍നിന്ന് 6300 അടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊടുമുടി. കേട്ടറിഞ്ഞ ഓര്‍മകളില്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ് കുളിരുന്നു. ഇരു പാര്‍ശ്വങ്ങളിലും കാപ്പിത്തോട്ടങ്ങളാല്‍ സമ്പന്നമായ ഇടുങ്ങിയ പാതയിലൂടെ അങ്ങോട്ടേക്കുള്ള യാത്ര. ഇടക്ക് അകലേക്ക് നോക്കിയാല്‍ തൂവാല പോലെ പാറിയകലുന്ന കോടമഞ്ഞ്. ചുരത്തിന്റെ പാതി പിന്നിട്ടാല്‍ സീതാലയന ഗിരിയിലെത്തും. ഒഴിഞ്ഞ ചില കെട്ടിടങ്ങള്‍ കലാമേല്‍പിച്ച പോറലുകളോടെ സഞ്ചാരികളെ മുള്ളയന ഗിരിയിലേക്ക് വഴിതിരിച്ച് വിടും. ചിക്ക്മംഗളൂര്‍ നഗരത്തില്‍നിന്നുള്ള ഒന്നരമണിക്കൂര്‍ യാത്ര കഴിഞ്ഞിരിക്കുന്നു മുള്ളയന ഗിരിയില്‍ ഞങ്ങളിറങ്ങുമ്പോള്‍. വായിച്ചും, കേട്ടുമറിഞ്ഞ അളവില്‍ കാറ്റും, മഞ്ഞുമൊന്നും ഇക്കുറിയില്ല. എന്നാലും പ്രകൃതിയൊരുക്കുന്ന കാഴ്ചയുടെ കേതാരം തന്നെയാണ് ഈ കൊടുമുടി.

 

സഞ്ചാരികളെ കാത്ത് ചില്ലറ കച്ചവടക്കാര്‍, ഈ തണുപ്പിലും ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ ചുറ്റിലും കുട്ടികളുടെ വട്ടമുണ്ട്. അകലെ കുന്നിന്‍ മുകളിലുള്ള അമ്പലത്തിലേക്ക് അഞ്ഞൂറില്‍ പരം പടിക്കെട്ടുകള്‍ ചവിട്ടിക്കയറണം. പാദരക്ഷകള്‍ കാറിലഴിച്ചിട്ട് എപ്പോഴോ പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചവിട്ടിയാണ് ആദ്യം നടന്നത്. പിന്നീടാണറിഞ്ഞത് ഉച്ചിയിലെ ക്ഷേത്രത്തിലേക്ക് കേറുമ്പോള്‍ മാത്രം ചെരിപ്പൂരിയാല്‍ മതിയെന്ന്. പടിക്കെട്ടുകളില്‍ ഇരുന്നും, കിടന്നുമൊക്കെ തങ്ങളുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന ന്യൂജെന്‍ ചെറുപ്പക്കാര്‍ അവിടെയുമുണ്ട്. ഒരു കൂട്ടം മലയാളി ക്യാംപസ് വിനോദയാത്രികര്‍ ഞങ്ങള്‍ക്കും മുന്‍പേ മുള്ളയന ഗിരിയില്‍ എത്തിയിരുന്നു. അവരോട് വര്‍ത്തമാനം പറഞ്ഞാണ് ഞാന്‍ മുകളിലെത്തിയത്. അവിടെനിന്നും കണ്ണിലൊതുങ്ങുന്ന കാഴ്ചകള്‍ അവാച്യമാണ്. കിലോമീറ്ററുകള്‍ അകലെയുള്ള നഗരദൃശ്യംപോലും പനോരമിക്ക് വ്യൂ പോലെ കണ്ണില്‍ കാഴ്ചയുടെ വിരുന്ന് കൂട്ടും. കാറ്റിലുലയുന്ന മഞ്ഞു കണങ്ങളോട് കിന്നാരം പറഞ്ഞ് നഗ്‌നപാദനായി ക്ഷേത്രത്തിലേക്കുള്ള കരിങ്കല്‍ പടവുകള്‍ കയറി. കാല്‍വിരലുകളോട് അതിക്രമം കാണിച്ച തണുപ്പ് തലച്ചോറ് വരെ ഇരച്ചു കയറി. ക്ഷേത്രത്തിന് ചുറ്റും കരിങ്കല്‍ഭിത്തിയാല്‍ സംരക്ഷണവലയമുണ്ട്. അതിനകത്ത് ഗോക്കള്‍ മേഞ്ഞു നടക്കുന്നു. അവറ്റകള്‍ പുറംതള്ളുന്ന ചാണകം അന്നേരം തന്നെ വാരിയെടുത്ത് ചുറ്റുമതിലില്‍ തേച്ചുപിടിപ്പിക്കുകയാണ് ഒരു മനുഷ്യന്‍. തൊട്ട് താഴെ ഗുഹകളില്‍ ധ്യാനിച്ചിരുന്ന മുളപ്പ സ്വാമിക്ക് സമര്‍പ്പിച്ച അമ്പലം ചുറ്റിക്കണ്ട് ഒരിടത്ത് കണ്ണടച്ചിരുന്നു. ഏറെ നേരം പ്രകൃതിയുടെ മായികവലയത്തില്‍ ബോധാബോധങ്ങളോട് വിടപറഞ്ഞിരുന്നു. മനസ് തണുത്തപ്പോള്‍ എണീറ്റ് സഹയാത്രികരെ പരതി. മൊബൈല്‍ ക്യാമറകളുമായി അവരപ്പോഴും പരസ്പരം പോരടിക്കുകയായിരുന്നു, അങ്ങകലെ മറ്റൊരു കുന്നിന്‍ ചെരുവില്‍ അരഞ്ഞാണം പോലെ ചുറ്റിവളഞ്ഞ പാത ബാബാ ബുധന്‍ഗിരിയിലേക്കാണ്. ഗുഹാ മുഖങ്ങളിലേക്ക് പോകാതെ തിരിച്ചിറങ്ങി, ചില കാഴ്ചകള്‍ ബാക്കി വയ്ക്കണമല്ലോ..

 

ഇനി ബാബാ ബുധന്‍ഗിരിയിലേക്ക്, മുള്ളയന ഗിരിയില്‍നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമേയുള്ളൂ ബാബാ ബുധന്‍ഗിരി ദര്‍ഗയിലേക്ക്. വീതികുറഞ്ഞ കറുത്ത പാതയിലൂടെ തീര്‍ഥാടകരുടെ ഒഴുക്കാണ്. കര്‍ണാടകയുടെ നാനാ ദിക്കില്‍നിന്നും, ആന്ധ്രയുടെയും, മഹാരാഷ്ട്രയുടെയും വിവിധ കോണുകളില്‍നിന്നും ലോറികളില്‍ പോലും താല്‍കാലിക മേല്‍ക്കൂര കെട്ടി അവദൂദന്റെ സമാധിയിലേക്ക് തീര്‍ഥാടകര്‍ വന്നുകൊണ്ടേയിരുന്നു. കുടുംബത്തോടെ പുറപ്പെട്ടവര്‍ വഴിവക്കുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നു, കുട്ടികളെ മുലയൂട്ടുന്നു, വസ്ത്രമലക്കുന്നു, കുളിക്കുന്നു. അങ്ങോട്ടുള്ള വഴിനീളെ കാഴ്ചകളുടെ കളിയാട്ടമാണ്. വ്യൂ പോയിന്റുകള്‍, തടാകങ്ങള്‍, മാമരങ്ങള്‍, സുന്ദരമായ കാപ്പിത്തോട്ടങ്ങള്‍, മലമടക്കുകള്‍. ഇടക്കൊരു വെള്ളച്ചാട്ടത്തിന് മുന്‍പില്‍ ഞങ്ങളിറങ്ങി. നുരഞ്ഞു പതയുന്ന ജലമര്‍മരം കേട്ട് ഇത്തിരി നേരം. പുല്‍മേടുകള്‍ക്കിടയിലൂടെ ഇടുങ്ങിയ വഴികള്‍ താണ്ടി മനുഷ്യജീവനുകള്‍ കുത്തിനിറച്ച വാഹനങ്ങള്‍ അരിച്ചു നീങ്ങുന്നു. പെരുന്നാള് കഴിഞ്ഞുള്ള രണ്ടാം ദിവസമായതുകൊണ്ടാണത്രെ ഇത്ര തിരക്ക്. മണിക്കൂറുകളെടുത്തു ദര്‍ഗക്കരികിലെ തടാകക്കരയിലെത്താന്‍. വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടം തേടി ഒത്തിരി നേരം.

വിദ്വേഷത്തിന്റെ വിത്തുവിതച്ചവര്‍

ദര്‍ഗയിലേക്കുള്ള വഴികളും, പരിസരവും ജനനിബിഡമാണ്. വിശ്വാസത്തിന്റെ ആത്മീയ ലഹരി പിടിച്ചവര്‍ ദര്‍ഗയിലര്‍പ്പിക്കാനുള്ള പൂക്കളും, സാബ്രാണിത്തിരികളുമായി നീളമേറിയ വരികളില്‍ ഊഴം കാത്തുനില്‍ക്കുന്നു. വെറുംകയ്യോടെ ഞാനും അവരിലൊരാളായി. മുന്നൂറോളം മീറ്റര്‍ താഴെ ഗുഹക്കകത്തുള്ള ദര്‍ഗയിലേക്ക് കമ്പിക്കൂട്ടിനകത്തുകൂടെ കടന്നുപോണം. ഹിന്ദു, മുസ്‌ലിം മതവിശ്വാസികള്‍ ഒരുപോലെ തീര്‍ഥാടനം നടത്തിയിരുന്ന പുണ്യസ്ഥലമായിരുന്നു ബാബാ ബുധന്‍ഗിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടേയും ഫാസിസ്റ്റുകള്‍ സ്പര്‍ധയുണ്ടാക്കി. ഇന്ത്യയുടെ സമ്മിശ്രസംസ്‌കാരത്തിന്റെ അടയാളകേന്ദ്രമായിരുന്നു ബാബാ ബുധന്‍ഗിരി. ബാബാ ബുധന്‍ എന്നും ഗുരു ദത്താത്രേയ എന്നും അറിയപ്പെടുന്ന സൂഫിവര്യനായ ദാദാ ഹയാത്ത് മിര്‍ കലന്തറിന്റെ വാസസ്ഥലമായിരുന്നു സമുദ്ര നിരപ്പില്‍നിന്ന് ആറായിരം അടി ഉയരത്തിലുള്ള സദാ കാറ്റും, കോളും, മഞ്ഞും നിറയുന്ന ഈ ഗിരിശൃംഗങ്ങള്‍. ഹിന്ദുക്കളും, മുസ്‌ലിംകളും ഒരുപോലെ പുണ്യകേന്ദ്രമായി ഇന്നും കരുതുന്ന ഭൂപ്രദേശം. തര്‍ക്കങ്ങളേതുമില്ലാതെ നാനാജാതി മതസ്ഥര്‍ തീര്‍ഥാടകാരായെത്തുന്ന പുണ്യസ്ഥലം.

 

പ്രവാചകന്‍ മുഹമ്മദിന്റെ ശിഷ്യനായിരുന്നു ദാദാ ഹയാത്ത് മിര്‍ കലന്തറെന്നും മത പ്രബോധനത്തിനായി ലോകം പരന്നൊഴുകിയ ശിഷ്യരുടെ കൂട്ടത്തില്‍ അദ്ദേഹം ഇവിടെയാണെത്തിയതെന്നുമാണ് ഐതിഹ്യം. ബാബയാണ് ഇന്ത്യയില്‍ കാപ്പിക്കൃഷിക്ക് നാന്ദി കുറിച്ചെതെന്നാണ് പറയപ്പെടുന്നത്. യമനില്‍നിന്നും കൊണ്ടുവന്ന കാപ്പിക്കുരു ചിക്ക്മംഗളൂരിന്റെ മലനിരകളെ സമൃദ്ധിയിലേക്ക് വഴിതെളിച്ചു. ഭൂജന്മികളാല്‍ ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളി വര്‍ഗ്ഗത്തേയും, സാധാരണക്കാരെയും സൂഫിവര്യനായിരുന്ന ബാബ സമരസജ്ജരാക്കി. പ്രഭുവര്‍ഗ്ഗത്തിന്റെ തോന്ന്യാസങ്ങള്‍ക്കെതിരെ മിര്‍ കലന്തറിന്റെ പോരാട്ടം അദ്ദേഹത്തെ സര്‍വ്വാദരണീയനാക്കി. ജാതി, മത വൈജാത്യങ്ങള്‍ക്കപ്പുറത്ത് ബാബ ആരധ്യപാത്രമായി മാറിയെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ കാലശേഷം തങ്ങളുടേതായ വിശ്വാസാചാരങ്ങളോടെ അവിടത്തെ ജനത ബാബയെ പരിഗണിച്ചുപോന്നു. മഹാ വിഷ്ണുവിന്റെ അവസാന അവതാരമായ ദത്താത്രേയയുടെ പ്രതിപുരുഷനാണ് ബാബയെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ ബാബാ ബുധന്‍ഗിരിയെ ദത്താത്രേയ പീഠമായി കരുതിപ്പോന്നു. കലഹങ്ങളേതുമില്ലാതെ ദര്‍ഗയിലും, ദത്താത്രേയ പീഠത്തിലും ഹിന്ദുവും മുസ്‌ലിമും ഒരുമിച്ച് ദര്‍ശനം നടത്തി.

ഗൗരി ലങ്കേഷ് തുടങ്ങിയിടം

രണ്ടിന്റേയും നടത്തിപ്പവകാശം പാരമ്പര്യമായി കൈമാറി വന്ന മുസ്‌ലിം കുടുംബത്തിനായിരുന്നു. 1970കള്‍ക്ക് ശേഷമാണ് ഇവിടെ ചില അസ്വസ്ഥതകള്‍ മുളക്കാന്‍ തുടങ്ങിയതത്രെ. വിശ്വഹിന്ദു പരിഷത്തിന്റെ ആസൂത്രിതമായ നുണപ്രചാരങ്ങള്‍ മഹിതമായൊരു വൈവിധ്യസംസ്‌കാരത്തിന്റെ ആണിക്കല്ലിളക്കാന്‍ ഹേതുവായി. ഈ സ്ഥലം ദത്തപീഠം ആയിരുന്നെന്നും ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാര്‍ അതിനെ പിടിച്ചെടുത്ത് ദര്‍ഗയാക്കുകയായിരുന്നെന്നും അവര്‍ കല്ലുവച്ച നുണ പ്രചരിപ്പിച്ചു. ശേഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ബാബാ ബുധന്‍ഗിരിയിലേക്ക് ഹിന്ദുക്കളുടേതെന്ന പേരില്‍ ഘോഷയാത്ര നടത്തി. അതിന് ശേഷമാണ് ഇവിടെ ഹിന്ദുക്കള്‍ക്കും, മുസ്‌ലിംകള്‍ക്കും പ്രത്യേകമായ സന്ദര്‍ശന സ്ഥലമാക്കിയതും കമ്പിവേലികള്‍ കെട്ടി തിരിച്ചതും. 1990കള്‍ക്ക് ശേഷം എല്ലാ വര്‍ഷവും സംഘ്പരിവാര്‍ നേതൃത്വത്തില്‍ ഇവിടെ ദത്തുപീഠ ആഘോഷം അരങ്ങേറുന്നു. ബാബാ ബുധന്‍ഗിരി പിടിച്ചെടുത്ത് ഹിന്ദുക്ഷേത്രം മാത്രമാക്കി മാറ്റാനുള്ള കപട ഹിന്ദുത്വ വാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ, സാംസ്‌കാരിക, ജനകീയ പ്രതിരോധങ്ങള്‍ക്ക് പ്രദേശത്തെ ജനത തുടക്കം കുറിച്ചു. പൗരാവകാശ സംഘടനകളടക്കം ആ സമരത്തില്‍ പങ്കാളികളായി.

 

ഫാസിസ്റ്റ് വെടിയുണ്ടകള്‍ക്കിരയായ ഗൗരി ലങ്കേഷിന്റെ പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ തുടക്കം ബാബാ ബുധന്‍ഗിരിയിലെ പ്രധിരോധസമരത്തിലൂടെയായിരുന്നു. നീലച്ഛായം പൂശിയ ഭീമന്‍ കമ്പിക്കൂടിനുള്ളിലൂടെ താഴേക്ക് പടികളിറങ്ങുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. ആണ്‍പെണ്‍ വിത്യാസമില്ലാതെ, മത ജാതി വൈജാത്യമറിയാതെ ഇപ്പോഴും ബാബയുടെ ദര്‍ഗയിലേക്കൊഴുകിയെത്തിയ ആയിരങ്ങള്‍ ഒരേ മനസോടെ ഈ കമ്പി വേലിക്കകത്ത്. അസ്വസ്ഥതയുടെ ഒരു തരിപോലും അവരുടെ മുഖത്തില്ല, ആത്മീയ വെളിച്ചം മാത്രം പ്രസരിക്കുന്നു ആ തിക്കിമുട്ടലുകള്‍ക്കിടയിലും. ഗുഹക്കകത്തേക്കുള്ള വിശാലമല്ലാത്ത പ്രവേശന കവാടത്തില്‍ ഒരു പൊലിസുകാരന്‍ മൊബൈലില്‍ ആഴ്ന്നിറങ്ങിയിരിപ്പുണ്ട്. ചിലര്‍ അപ്പുറത്തെ പൂജാ സ്ഥലത്ത് പോയി തേങ്ങ എറിഞ്ഞുടക്കുന്നു. ഗുഹക്കകത്ത് ആരുടെയൊക്കെയോ ശവകുടീരങ്ങളുണ്ട്. വിശാലമായ ഗുഹാന്തരം സൂചികുത്താനിടമില്ലാത്ത വിധം മനുഷ്യസാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. സമാധികളില്‍ പൂക്കളര്‍പ്പിച്ച് കരയുന്നുണ്ട് ചിലര്‍, മേല്‍ക്കൂരയിലെ പാറപ്പൊത്തുകളില്‍ നാണയങ്ങള്‍ തിരുകിവയ്ക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് മറ്റുചിലര്‍. ഗുഹക്കകത്ത് എവിടെന്നൊക്കെയോ വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ട്. ആ ജലം കുപ്പികളില്‍ ശേഖരിക്കാന്‍ തിരക്ക് കൂട്ടുകയാണ് തീര്‍ഥാടകര്‍. ചിലരാകട്ടെ ഗുഹക്കകത്തെ മണ്ണ് ചുരണ്ടിയെടുക്കാനുള്ള തത്രപ്പാടിലാണ്. വേഗം വേഗം കടന്നുപോകാന്‍ കാവല്‍ക്കാര്‍ ഒച്ചയിട്ടുകൊണ്ടേയിരുന്നു. സ്ത്രീകളുടെയും, കുട്ടികളുടെയും കലപിലകള്‍ക്കിടയിലൂടെ നിര്‍വികാരനായി നടന്നു.

 

മനസ് കുളിരണിഞ്ഞിടം

ശരീരം പോലെ ആത്മാമാവിലും തണുപ്പ് പടരുന്നത് അറിയുന്നുണ്ട്. ആചാരങ്ങളുടെ കുത്തിയൊഴുക്കില്‍ ആത്മീയത പടിയിറങ്ങുന്ന കാഴ്ചയാണോ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്…? ഒരുള്‍വിളി പോലെ എന്നിലൊരു ചോദ്യം. അല്ല, മനസിന്റെ ശാന്തിയും, സ്വാതന്ത്ര്യവുമാണ് ആത്മീയത. ഇവിടെ മനുഷ്യര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും അലൗകികമായ ആ കുളിര് തന്നെയാണ്. ജലംകൊണ്ട് നനഞ്ഞ കാല്‍പാദങ്ങളിലൂടെ ജന്മാന്തരങ്ങളിലേക്ക് പടരുന്ന ആത്മീയകുളിര് വരിഞ്ഞു മുറുകുകയാണെന്നില്‍. പുറത്ത് കടന്നപ്പോള്‍ നല്ല പകല്‍ വെളിച്ചത്തിലും ചുറ്റിലും ഇരുട്ട് പരന്ന പോലെ. പടവുകള്‍ കയറുമ്പോഴും ശാന്തിയുടെ തണുപ്പും, സാംബ്രാണിയുടെ മണവും കൂടെയുണ്ടായിരുന്നു. കച്ചവട ബഹളങ്ങള്‍ക്കിടയിലൂടെ വീണ്ടും തടാകത്തിന്റെ കരയിലേക്ക്. അപ്പുറത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു. ഒട്ടിയ വയറുമായി ഒരു പെണ്‍കുട്ടി മുന്‍പില്‍ വന്ന് കൈനീട്ടി. ഈര്‍ഷ്യയോടെ തിരിഞ്ഞു നടന്നു, പിന്നെ അവളുടെ പിന്നാലെയോടി പോക്കറ്റിലുള്ളത് നീട്ടിയപ്പോള്‍ പത്ത് രൂപ മാത്രമെടുത്ത് അവള്‍ നടന്നകന്നു. കീറിപ്പറിഞ്ഞ അവളുടെ നീലപ്പാവാടയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ തോറ്റവന്റെ മനോഗതിയിലായിരുന്നു ഞാന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.