തിരുവനന്തപുരം: ട്രാന്‍സ്ലേഷണല്‍ ഗവേഷണ കേന്ദ്രങ്ങളും അന്താരാഷ്ട്ര ഹോസ്റ്റലുകളുമടക്കം കിഫ്ബി അനുവദിച്ച 611.75 കോടി രൂപ ഉന്നതവിദ്യാഭ്യാസ വളര്‍ച്ചക്ക് കുതിപ്പേകുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു.
കണ്ണൂരില്‍ പിണറായി എജുക്കേഷണല്‍ ഹബ്ബിന് 232.05 കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മഞ്ചേശ്വരം ക്യാംപസില്‍ വനിതാ ഹോസ്റ്റലും നീലേശ്വരം ക്യാംപസില്‍ മെന്‍സ് ഹോസ്റ്റലും ധര്‍മ്മശാല ക്യാംപസില്‍ അന്താരാഷ്ട്ര ഹോസ്റ്റലും നിര്‍മിക്കാനാണ് 18.73 കോടി രൂപ.
ഗവേഷണഫലങ്ങള്‍ സാമൂഹികാവശ്യങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുകയെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കാഴ്ചപ്പാട് നിറവേറ്റി ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് 12.95 കോടി രൂപയും കേരള സര്‍വ്വകലാശാലയ്ക്ക് 24.64 കോടി രൂപയും ലഭിക്കും. അന്താരാഷ്ട്ര ഹോസ്റ്റലും വനിതാ ഹോസ്റ്റലും നിര്‍മിക്കാന്‍ കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാംപസിനായി 28.21 കോടി രൂപയും തൃക്കാക്കര കുസാറ്റ് ക്യാംപസിനായി 30 കോടി രൂപയും അനുവദിച്ചു.
തിരുവനന്തപുരം എന്‍ജിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കിന് വിളപ്പില്‍ശാലയില്‍ അമ്പതേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 203.92 കോടി രൂപ കിഫ്ബി നല്‍കും. കേരള സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാന്‍ ഉപകരണ സമാഹരണത്തിനാണ് 48.72 കോടി രൂപ ലഭിക്കുക. നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് സ്ഥലം ഏറ്റെടുക്കാനാണ് 12.53 കോടി രൂപ.
Comments are closed for this post.