റിയാദ്: സഊദി അറേബ്യ പുതുതായി അവതരിപ്പിച്ച സ്റ്റോപ്പ്ഓവര്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചവര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുമതിയുള്ള നാല് ദിവസങ്ങളില്‍ വാടക കാറുകള്‍ ഓടിക്കാം. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പൊതുസുരക്ഷാ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘അബ്ഷിര്‍ ബിസിനസ്’ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി കാറുകളുടെ വാടക നടപടിക്രമങ്ങള്‍ നടത്താം. ട്രാന്‍സിറ്റ് വിസയില്‍ വരുന്നവര്‍ക്ക് ഡ്രൈവിങ് ഓതറൈസേഷന്‍ അബ്ഷിറില്‍ ലഭിക്കും. ഇതിനായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസ് നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല.
കഴിഞ്ഞ ജനുവരി 30 മുതലാണ് എല്ലാ ആവശ്യങ്ങള്‍ക്കും വിമാനമാര്‍ഗം എത്തുന്നവര്‍ക്ക് ഇലക്ട്രോണിക് സ്റ്റോപ്പ്ഓവര്‍ ട്രാന്‍സിറ്റ് വിസ നല്‍കുന്ന സേവനം ആരംഭിച്ചത്. നാല് ദിവസം രാജ്യത്ത് തങ്ങാം. സൗജന്യ വിസയുടെ കാലാവധി മൂന്ന് മാസമാണ്. വിമാന ടിക്കറ്റിനൊപ്പം തല്‍ക്ഷണം വിസ നല്‍കും. ദേശീയ വിമാനക്കമ്പനികളുമായ സഊദിയ, ഫ്‌ളൈനാസ് എന്നിവയുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഈ സേവനം നടപ്പാക്കുന്നത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും രാജ്യത്തിനകത്ത് യാത്ര ചെയ്യാനും ടൂറിസം പരിപാടികളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്.
Comments are closed for this post.