2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടോ? ഫൈനടയ്ക്കാന്‍ വരെട്ടേ… പരിഹാരം ഇവിടെയുണ്ട്

ദീര്‍ഘദൂര യാത്രയ്ക്കും അല്ലാതെയും നല്ലൊരു ശതമാനം ആളുകളും ആശ്രയിക്കുന്നത് ട്രെയിനാണ്. സാങ്കേതിക വിദ്യ അത്രമേല്‍ സുപരിചിതമായ സാഹചര്യത്തില്‍ അധികമാളുകളും ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈനിലൂടെയാണ് എന്നാല്‍ വരിനിന്ന് ടിക്കറ്റ് എടുക്കുന്നവരും കുറവല്ല. പെട്ടെന്നുള്ള യാത്രയ്ക്കും മറ്റും നേരിട്ടെത്തി ടിക്കറ്റെടുക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെ ടിക്കറ്റ് കയ്യില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ എടുക്കാന്‍ മറന്നുപോകുന്നതും കളഞ്ഞുപോകുന്നതും കീറി പോവുന്നതും സ്വാഭാവികമാണ്. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആകെ ടെന്‍ഷനടിച്ച് ഫൈനടിക്കാനോ, ടി.ടി ആറിനെ കണ്ട് മുങ്ങാനോ വരട്ടെ പരിഹാരമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സഹായത്തിനായി റെയില്‍വേയുണ്ട്.

ഓണ്‍ലൈനായാണ് ടിക്കറ്റ് എടുത്തതെങ്കില്‍ ഐ.ആര്‍.ടി.സി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് ടിക്കറ്റെടുക്കാം.യാത്രക്കിടെ ടിക്കറ്റ് ചോദിക്കുമ്പോള്‍ ഇത് കാണിച്ചാല്‍ മതി.

പകരം റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റെടുത്തതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ടിക്കറ്റ് കയ്യിലില്ലാത്ത വിവരം റെയില്‍ വേ റിസര്‍വേഷന്‍ ഓഫിസറെ അറിയിക്കുക.

ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് indianrail.gov.in അനുസരിച്ച്, റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചതോ ആര്‍എസി സ്റ്റാറ്റസ് ഉള്ളതോ ആയ ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട് ചെയ്യപ്പെട്ടാല്‍ പകരം ഒരു ഡൂപ്ലിക്കറ്റ് ടിക്കറ്റ് നല്‍കും. പക്ഷേ ഇതിന് ചാര്‍ജ് നല്‍കേണ്ടിവരും.

ഇങ്ങനെ എടുത്ത ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ ആദ്യം തന്നെ റിസര്‍വേഷന്‍ കൗണ്ടറില്‍ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറെ കണ്ട് വിവരം അറിയിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപയോഗിച്ച ഐഡി പ്രൂഫ് കാണിക്കുകയും ചെയ്യണം. കണ്‍ഫേം ചെയ്തതോ അല്ലെങ്കില്‍ ആര്‍എസി സ്റ്റാറ്റസിലോ ഉള്ള ടിക്കറ്റുകള്‍ ആണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവര്‍ അതേ പിഎന്‍ആര്‍ നമ്പറുള്ള ഡൂപ്ലിക്കേറ്റ് ടിക്കറ്റ് കോപ്പി ലഭിക്കും.

സ്ലീപ്പര്‍ ക്ലാസുകളില്‍ ആണെങ്കില്‍ 50 രൂപ നല്‍കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. മറ്റു ക്ലാസുകളില്‍ യാത്രചെയ്യുന്നവര്‍ 100 രൂപ നല്‍കണം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ട വിവരം ലഭിക്കുന്നതെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കാന്‍ ടിക്കറ്റ് നിരക്കിന്റെ 50% നല്‍കണം. അതേസമയം കീറിയതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ ടിക്കറ്റുകളുടെ ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ നിരക്കിന്റെ 25% റെയില്‍വേ ഈടാക്കും.

അതേസമയം വെയിറ്റിങ് ലിസ്റ്റിലുള്ള കീറിയതോ വികലമായതോ ആയ ടിക്കറ്റുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതല്ല.

ഇനി ഡൂപ്ലിക്കേറ്റ് ടിക്കറ്റ് എടുത്ത ശേഷം നിങ്ങളുടെ പഴയ ഒറിജിനല്‍ ടിക്കറ്റ് ലഭിക്കുകയാണെങ്കില്‍ രണ്ട് ടിക്കറ്റുകളും ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് അധികൃതരെ കാണിക്കുക. ഇങ്ങനെയുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അടച്ച ഫീസ് തിരികെ ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അടച്ച തുകയില്‍ നിന്നും നിന്നും 5% അല്ലെങ്കില്‍ 20 രൂപയോ പിടിച്ചശേഷമായിരിക്കും തുക തിരികെ നല്‍കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.