2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് ടു പാസായാല്‍ ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ്; പദ്ധതി ഇങ്ങനെ

പ്ലസ് ടു പാസായാല്‍ ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ്; പദ്ധതി ഇങ്ങനെ

തിരുവനന്തപുരം: റോഡ് സുരക്ഷാ അവബോധം സ്‌കൂള്‍തലത്തില്‍ നിന്നുതന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍സെക്കന്‍ഡറി വിഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി ആയതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിംഗ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങള്‍ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് പുറമെ, ലേണിങ് ടെസ്റ്റിനായി സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനും സാധിക്കും.

ഇതിന് മുന്നോടിയായി ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകള്‍, റോഡ് അടയാളങ്ങള്‍ എന്നിവയെക്കുറിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇവ എളുപ്പത്തില്‍ മനസിലാക്കാനും സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.

പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്‌സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്‌സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

traffic-lessons-to-include-curriculum


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.