2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പ്രിയം യു.എസിനോടെന്ന് റിപ്പോര്‍ട്ട്; കാരണമിത്

വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പ്രിയം യു.എസിനോടെന്ന് റിപ്പോര്‍ട്ട്; കാരണമിത്

വിദേശ പഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാണ് അമേരിക്ക. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള ലോകത്തിലെ തന്നെ ആദ്യ അഞ്ച് രാജ്യങ്ങളിലൊന്ന് യു.എസ്.എയാണെന്ന് വ്യക്തമാക്കുന്നു. യു.കെ, കാനഡ, ജര്‍മ്മനി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളേക്കാള്‍ യു.എസ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നതായാണ് റിപ്പോര്‍ട്ട്.

എങ്കിലും എന്തുകൊണ്ടായിരിക്കും ഇന്ത്യക്കാര്‍ക്ക് യു.എസിനോട് ഇത്ര പ്രിയം? ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ വിസ നിയമങ്ങളും, ഏറ്റവും കൂടുതല്‍ ജീവിതച്ചെലവും നിലനില്‍ക്കുന്ന രാജ്യമാണെങ്കിലും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും യു.എസ് വിസക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആ കാരണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

   

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം
ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുന്ന മിക്ക യൂണിവേഴ്‌സിറ്റികളും സ്ഥിതി ചെയ്യുന്നത് യു.എസിലാണ്. അക്കാദമിക മികവിന്റെയും, ലോകോത്തര നിലവാരമുള്ള ഫാക്കല്‍റ്റികളുടെയും ഈറ്റില്ലമാണ് യു.എസ് സര്‍വ്വകലാശാകള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ ബിസിനസ്, ടെക് വിഷയങ്ങളില്‍ ലോകത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളാണ്.

സ്‌കോളര്‍ഷിപ്പുകള്‍
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും, ഗ്രാന്റുകളും യു.എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് ചെലവ് കൂടിയ അമേരിക്കന്‍ വിദ്യാഭ്യാസത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നത്. യു.എസ് ഗവണ്‍മെന്റ് നേരിട്ടും, യു.എസ് സര്‍വ്വകലാശാലകളുമായി ചേര്‍ന്നും വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

ഗവേഷണ സാധ്യതകള്‍
ലോകത്തിലെ തന്നെ മികച്ച അക്കാദമിക സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ് യു.എസ്.എ. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്കായി മെച്ചപ്പെട്ട ഗവേഷണ സാധ്യതകളാണ് യു.എസ് മുന്നോട്ട് വെക്കുന്നത്. മെഡിക്കല്‍, ടെക്, എഞ്ചിനീയറിങ്, എ.ഐ, സോഷ്യല്‍ വിഷയങ്ങളില്‍ ഏറ്റവും മികച്ച ഗവേഷണ സാധ്യതകള്‍ നല്‍കുന്ന രാജ്യമാണ് യു.എസ്. അതുകൊണ്ട് തന്നെ പി.എച്ച്.ഡി പഠനങ്ങള്‍ക്കായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രതിവര്‍ഷം യു.എസിലേക്ക് ചേക്കേറുന്നത്.

ജോലി സാധ്യതകള്‍
ലോകത്തിലെ തന്നെ ഏറ്റവും സുസ്ഥിരമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് യു.എസ്. അതുകൊണ്ട് തന്നെ വമ്പിച്ച തൊഴില്‍ സാധ്യതകളാണ് യു.എസ് മുന്നോട്ട് വെക്കുന്നത്. ആഗോള ടെക് ഭീമന്‍മാരായ ഗൂഗിള്‍, ആപ്പിള്‍, മെറ്റ എന്നീ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് യു.എസിലാണ്. കൂടാതെ ലോകോത്തര ബിസിനസ് സ്ഥാപനങ്ങളുടെയും, സ്റ്റാര്‍ട്ട് അപ്പുകളുടെയും കുത്തകയും യു.എസിനാണ്. അതുകൊണ്ട് തന്നെ വമ്പിച്ച തൊഴില്‍ സാധ്യത ലക്ഷ്യം വെച്ചാണ് പലരും അമേരിക്കയിലേക്ക ചേക്കേറുന്നത്.

ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം
യൂറോപ്പിലെ പല രാജ്യങ്ങളിലും വിസ നേടുന്നതിന് ആ രാജ്യത്തെ ഭാഷ ഒരു തടസമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ ഭരണ ഭാഷകളിലൊന്നായത് കൊണ്ടുതന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചയമുള്ള ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും എളുപ്പത്തില്‍ പഠനം പൂര്‍ത്തിയക്കാവുന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.