2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂസിലാന്റില്‍ ജോലി; ഏത് തെരഞ്ഞെടുക്കണം? ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലകള്‍ പരിചയപ്പെടാം

ന്യൂസിലാന്റില്‍ ജോലി; ഏത് തെരഞ്ഞെടുക്കണം? ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലകള്‍ പരിചയപ്പെടാം

വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്ന മലയാളികള്‍ സമീപകാലത്തായി ഏറ്റവും കൂടുതല്‍ തിരയുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ന്യൂസിലാന്റ്. മനോഹരമായ ഭൂപ്രകൃതിയും, മെച്ചപ്പെട്ട ജീവിത സാഹചര്യവുമാണ് ന്യൂസിലാന്റിനെ പ്രവാസികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അതോടൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും, ഉയര്‍ന്ന തൊഴില്‍ സാധ്യതകളും, പഠനാന്തരീക്ഷവും, കുടിയേറ്റക്കാരോടുള്ള ജനങ്ങളുടെ സമീപനവും എടുത്ത് പറയേണ്ട ഘടകങ്ങളാണ്. കൂടാതെ രാജ്യത്തിന്റെ കരുത്തുറ്റ സമ്പദ് വ്യവസ്ഥയും, തൊഴിലാളി സൗഹൃദ തൊഴില്‍ മേഖലകളും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്.

ബിരുദം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി മൂന്ന് വര്‍ഷ കാലാവധിയുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും ന്യൂസിലാന്റ് മുന്നോട്ട് വെക്കുന്നുണ്ട്. ഇത് ഉപരി പഠന സാധ്യതകള്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന ചെലവുകള്‍ കുറക്കാനുള്ള സാധ്യതകളും തുറന്നിടുന്നു.

   

സമീപകാലത്തായി ന്യൂസിലാന്റിലെ വിവിധ തൊഴില്‍ മേഖലകളില്‍ ഉടലെടുത്ത തൊഴിലാളി ക്ഷാമം വരും നാളുകളില്‍ വമ്പിച്ച ജോലി സാധ്യതകളാണ് വിദേശികള്‍ക്കായി മുന്നോട്ട് വെക്കുന്നത്.

ന്യൂസിലാന്റില്‍ വരും നാളുകളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന മേഖലകളെ നമുക്കൊന്ന് പരിചയപ്പെടാം.

 1. ഐ.ടി
  സാങ്കേതിക വിദ്യ ദേശാന്തരങ്ങള്‍ കടന്ന് വ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള മേഖലയായി ഐ.ടി മേഖല വളര്‍ന്നിട്ടുണ്ട്. ഇതേ ലിസ്റ്റിലാണ് ന്യൂസിലാന്റിന്റെയും സ്ഥാനം. രാജ്യത്തെ ടെക് മേഖല കഴിഞ്ഞ കുറച്ച് നാളുകളായി അഭൂത പൂര്‍വ്വമായ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ വിദേശികളായ ടെക് പ്രൊഫഷണലുകള്‍ക്കായി തങ്ങളുടെ വാതില്‍ തുറന്നിടുകയാണ് ന്യൂസിലാന്റിപ്പോള്‍. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡാറ്റ അനാലിസിസ്, സൈബര്‍ സെക്യൂരിറ്റി, ഐ.ടി പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവര്‍ക്ക് വമ്പിച്ച ഡിമാന്റാണ് രാജ്യത്തുള്ളത്. കൂടാതെ ടെക് മേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ നേരിട്ട് വ്യാപകമായ ഫണ്ടിങ്ങും നടത്തുന്നുണ്ട്.
 2. ആരോഗ്യ മേഖല
  ലോകത്ത് എല്ലായിടത്തും ഏത് കാലത്തും ജോലി സാധ്യതയുള്ള മേഖലയാണ് ആരോഗ്യ രംഗം. സമാനമായ സാഹചര്യമാണ് ന്യൂസിലാന്റിലും. ആരോഗ്യ രംഗത്തെ വിദഗ്ദരായ പ്രൊഫഷണലുകള്‍ക്ക് എല്ലാ കാലത്തും ന്യൂസിലാന്റില്‍ വന്‍ ഡിമാന്റാണ്. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും. മലയാളി മെഡിക്കല്‍ പ്രൊഫഷണലുകളുടെ വിദേശ കുടിയേറ്റ പ്രിയം കൂടി കണക്കിലെടുക്കുമ്പോള്‍ വരും നാളുകളില്‍ പരീക്ഷിക്കാവുന്ന സാധ്യതയാണ് ന്യൂസിലാന്റിലുള്ളത്. രാജ്യത്തെ ഉയര്‍ന്ന വാര്‍ധക്യ നിരക്ക് മെഡിക്കല്‍ ജോലിക്കാരുടെ ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
 3. നിര്‍മ്മാണ മേഖലയും എഞ്ചിനീയറിങ്ങും
  ന്യൂസിലാന്റില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയുമാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും, ഹൗസിങ് പ്ലാനുകളും ഈ മേഖലയിലെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നു. സാധാരണ നിര്‍മാണ തൊഴിലാളികളെയും അഭ്യസ്ഥ വിദ്യരായ എഞ്ചിനീയര്‍മാരെയും ന്യൂസിലാന്റിന് ആവശ്യമുണ്ട്. സിവില്‍ എഞ്ചിനീയര്‍മാര്‍, ആര്‍കിടെക്റ്റുകള്‍, പ്രൊജക്ട് മാനേജര്‍മാര്‍ എന്നിവരോടൊപ്പം കോണ്‍ട്രാക്ടര്‍മാരെയും ന്യൂസിലാന്റ് കാത്തിരിക്കുന്നു.
 4. കൃഷി
  ന്യൂസിലാന്റിന്റെ സമ്പദ് വ്യവസ്ഥയില്‍ വമ്പിച്ച സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന മേഖലയാണ് കാര്‍ഷിക രംഗം. കാര്‍ഷിക വൃത്തിയില്‍ ഉപജീവനം കണ്ടെത്തുന്ന വലിയൊരു സമൂഹം അവിടെയുണ്ട്. അതുകൊണ്ട് തന്നെ അഗ്രിബിസിനസ്, ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി ഫാമുകള്‍, എന്നിവയിലൊക്കെ വമ്പിച്ച തൊഴിലവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ചെയ്തവര്‍ക്കും വലിയ സാധ്യതകളുണ്ടായിരിക്കും.
 5. ടൂറിസം
  കോവിഡ് കാലത്ത് ഒന്ന് പതറിയെങ്കിലും ന്യൂസിലാന്റിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം. അതുകൊണ്ട് തന്നെ ന്യൂസിലാന്റിലെ ഏറ്റവും ഡിമാന്റുള്ള കോഴ്‌സുകളില്‍ ഒന്നായി ടൂറിസവും ഹോസ്പിറ്റല്‍ മാനേജ്‌മെന്റും മാറിയിരിക്കുന്നു. പല സര്‍വ്വകലാശാലകളും ഇത്തരം കോഴ്‌സുകള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ടൂറിസം മേഖലയില്‍ കഴിവ് തെളിയിച്ച അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വമ്പിച്ച തൊഴിലവസരമാണ് ന്യൂസിലാന്റ് മുന്നോട്ട് വെക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.