ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് രാജ്യങ്ങള്‍ ഏതെന്നറിയാം; വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട്
വിദേശ പഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പതിറ്റാണ്ടിനിടെ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഉയര്‍ന്ന ജോലി സാധ്യതയുള്ള കോഴ്‌സുകളും, മെച്ചപ്പെട്ട ജീവിത നിലവാരവും, ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക ശമ്പളയിനത്തില്‍ നേടാമെന്നതുമൊക്കെയാണ് പലരെയും ഇന്ത്യ വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഉപരിപഠനത്തിനായി 1.3 മില്ല്യണ്‍ (13 ലക്ഷം) ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ലോകത്താകമാനമുള്ള 79 രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എസ്, കാനഡ, യു.എ.ഇ, ആസ്‌ട്രേലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് 2022ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യങ്ങള്‍.
അമേരിക്ക
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദേശ രാജ്യം അമേരിക്കയാണ്. 4,65,791 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. കാലാകാലങ്ങളായുള്ള കുടിയേറ്റവും ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, ജോലി സാധ്യതകളുമാണ് അമേരിക്കയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
കാനഡ
ഇന്ത്യയുമായുള്ള പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള വിദേശ രാജ്യമാണ് കാനഡ. ലിസ്റ്റില്‍ രണ്ടാമതുള്ളത് കാനഡയാണ്. കാലാകാലങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷനാണ് കാനഡ. എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ് പലരും കാനഡയിലേക്ക് ചേക്കേറുന്നത്. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇടംപിടിച്ച പല യൂണിവേഴ്‌സിറ്റികളും കാനഡയിലുണ്ട്. മാത്രമല്ല പല കനേഡിയന്‍ പ്രവിശ്യകളും യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥിര താമസത്തിനുള്ള സൗകര്യവും നല്‍കുന്നുണ്ട്. 2022ല്‍ 1,83,310 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.
യു.എ.ഇ
ജോലിക്കായി വിദേശത്തേക്ക് കടക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബുകളിലൊന്നായ യു.എ.ഇ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യവും. റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1,64,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എ.ഇയില്‍ പഠിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ആസ്‌ട്രേലിയ
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യത്തില്‍ പ്രശസ്തമാണ് ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍. പഠന ശേഷം ലഭിക്കുന്ന ജോലി അവസരങ്ങളിലും മെച്ചപ്പെട്ട സാധ്യതകളാണ് ആസ്‌ട്രേലിയ മുന്നോട്ട് വെക്കുന്നത്. വിദേശ വിദ്യാര്‍ഥികളുടെ രാജ്യത്തേക്കുള്ള കടന്ന് വരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും വിസ പ്രോഗ്രാമുകളും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1,00,009 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ആസ്‌ട്രേലിയയില്‍ പഠിക്കുന്നത്.
സഊദി അറേബ്യ
ലിസ്റ്റില്‍ അഞ്ചാമതുള്ള രാജ്യം സഊദിയാണ്. സഊദിയിലെ യൂണിവേഴ്‌സിറ്റികള്‍ ലോക നിലവാരമുള്ള പ്രോഗ്രാമുകള്‍ക്കും സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കും പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി 2022ല്‍ സഊദി മാറുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ജോലിയാവശ്യാര്‍ത്ഥം കുടിയേറിയ വലിയൊരു സംഖ്യ മലയാളികളും സഊദിയിലുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 65,800 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സഊദിയിലുള്ളത്.
Comments are closed for this post.