2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എസും യു.കെയുമല്ല; 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളത് ഈ അഞ്ച് രാജ്യങ്ങളില്‍; പുതിയ റിപ്പോര്‍ട്ട്

യു.എസും യു.കെയുമല്ല; 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളത് ഈ അഞ്ച് രാജ്യങ്ങളില്‍; പുതിയ റിപ്പോര്‍ട്ട്

   

വിദേശ കുടിയേറ്റ മേഖല ഒരേസമയം പ്രതിസന്ധിയും, പ്രതീക്ഷയും നേരിട്ട വര്‍ഷമാണ് 2023. യു.എസ്, യു.കെ, കാനഡ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കണിശത വരുത്താന്‍ തീരുമാനിച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, അയര്‍ലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ ജീവിതം സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസകരമാവുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഒരു കാലത്ത് യു.കെയു, അമേരിക്കയുമൊക്കെയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരവും ഉയര്‍ന്ന ശമ്പളവും, ജീവിത നിലവാരവുമൊക്കെയാണ് പലരെയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ പ്രരിപ്പിച്ച പ്രധാന ഘടകം.

എങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും സാമ്പത്തിക സ്ഥിരതയും ജനങ്ങള്‍ക്ക് കുടിയേറ്റക്കാരോടുള്ള സമീപനവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ വിദേശത്തേക്ക് വിമാനം കയറുന്നതിന് മുമ്പ് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു രാജ്യം മുന്നോട്ട് വെക്കുന്ന തൊഴിലവസരങ്ങള്‍ തന്നെയാണ് നമ്മള്‍ ആദ്യം ലക്ഷ്യം വെക്കേണ്ടത്.

2023ല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള രാജ്യങ്ങള്‍

2023ലേക്കെത്തുമ്പോള്‍ ഇന്ത്യക്കാരുടെ കുടിയേറ്റ ചിന്തകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തൊഴില്‍, ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളാണ് 2023ലെ ഹോട്ട് പിക്കുകള്‍. സ്റ്റഡി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങളാണിവ.

  1. ദക്ഷിണ കൊറിയ
    ഒരു തലമുറയുടെ മാറ്റത്തിന്റെ കഥ പറയാനുണ്ട് കൊറിയക്ക്. ഒരു ദരിദ്ര കര്‍ഷക രാഷ്ട്രത്തില്‍ നിന്ന് സ്വയമൊരു ആഗോള വിനോദ കേന്ദ്രമായും സാങ്കേതിക വിദ്യയുടെയും ബിസിനസിന്റെയും കാര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച രാജ്യമായി മാറിയത് ചുരുങ്ങിയ കാലയളവിലാണ്. സാംസങ്, ഹ്യൂണ്ടായ് തുടങ്ങിയ മൊബൈല്‍ ബ്രാന്‍ഡുകളും, കിയ, ഹ്യൂണ്ടായ്, റെനോല്‍ട്ട് മുതലായ കാര്‍ ബ്രാന്‍ഡുകളും കൊറിയ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഐ.ടി, നിര്‍മ്മാണ മേഖല, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ വമ്പന്‍ തൊഴിലവസരങ്ങളാണ് കൊറിയ മുന്നോട്ട് വെക്കുന്നത്. വിദേശികളെ സംബന്ധിച്ച് താമസച്ചെലവിലും ചില വ്യത്യാസങ്ങള്‍ കാണാനാവും. രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരം തലസ്ഥാനമായ സിയോളാണ്. ഒരു മാസം ഏകദേശം 1206.35 യു.എസ് ഡോളറാണ് (1ലക്ഷം ഇന്ത്യന്‍ രൂപ) സിയോളിലെ ശരാശരി ജീവിതച്ചെലവ്. ഇനി ശമ്പളമാണെങ്കില്‍ ബിരുദധാരികള്‍ക്ക് ശരാശരി 1,711,500 കൊറിയന്‍ വോണ്‍ (1,12000 ഇന്ത്യന്‍ രൂപ) മുതലാണ് ലഭിക്കുന്നത്.

  1. ജര്‍മ്മനി
    മികച്ച തൊഴില്‍ സാധ്യതകള്‍, താങ്ങാനാവുന്ന ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിത നിലവാരം, ശമ്പളം എന്നിവക്ക് പുറമെ 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യം കൂടിയാണ് ജര്‍മ്മനി. മാത്രമല്ല ജി.ഡി.പിയില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന റാങ്കും കയറ്റുമതി വ്യവസായത്തിലെ കുത്തകയുമാണ് ജര്‍മ്മനിയില്‍ തൊഴിലവസരങ്ങള്‍ക്ക് കാരണമെന്നാണ് സ്റ്റഡി ഇന്റര്‍നാഷണലിന്റെ കണ്ടെത്തല്‍. സ്റ്റെം വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും മികച്ച തൊഴിലവസരമാണ് ജര്‍മ്മനി മുന്നോട്ട് വെക്കുന്നത്. എഞ്ചിനീയറിങ്, സാങ്കേതിക മേഖല, നിര്‍മ്മാണ മേഖലകളിലും ജോലി ഒഴിവുകളുണ്ട്.

Glassdoor പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഞ്ചിനീയര്‍മാര്‍ക്ക് ജര്‍മ്മനിയില്‍ ശരാശരി പ്രതിവര്‍ഷം 65000 യു.എസ് ഡോളറിനടുത്ത് ശമ്പളം ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 60000 ഡോളറിനടുത്തും ശരാശരി ശമ്പളയിനത്തില്‍ ലഭിക്കും. (അതായത് 50 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). ഇനി ജീവിതച്ചെലവിന്റെ കാര്യത്തിലാണെങ്കില്‍ 990 യു.എസ് ഡോളറാണ് ആഴ്ച്ചയില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് 10000 ഇന്ത്യന്‍ രൂപക്കടുത്ത്.

  1. ഫ്രാന്‍സ്
    വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി സാധ്യതകളുള്ള രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്താണ് ഫ്രാന്‍സ്. ടെക്‌നോളജി, എയറോസ്‌പേസ്, ഫിനാന്‍സ്, ബിസിനസ്, ഹെല്‍ത്ത് എന്നീ മേഖലകളിലെ വമ്പന്‍മാരാണ് ഫ്രാന്‍സ്. ആഴ്ച്ചയില്‍ 35 മണിക്കൂറാണ് ഫ്രാന്‍സിലെ ആകെ ജോലി സമയം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഫ്രാന്‍സ് മുമ്പിലാണ്. ഈ വര്‍ഷമാദ്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷെങ്കന്‍ വിസ പ്രഖ്യാപിച്ചതും, വിദ്യാര്‍ഥി കുടിയേറ്റം വ്യാപകമാക്കുമെന്നും ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനമാണ് ഫ്രാന്‍സിനുള്ളത്.

തൊഴിലിനുള്ള ശമ്പള നിരക്കിന്റെ കാര്യത്തിലും മെച്ചപ്പെട്ട സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. ബിരുദധാരികള്‍ക്ക് ശരാശരി 53,084 യു.എസ് ഡോളര്‍ നിരക്കിലാണ് പ്രതിവര്‍ഷ ശമ്പളം ലഭിക്കുക. (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപക്ക് മുകളില്‍).

  1. കാനഡ
    ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളിലെ ഉലച്ചിലുകളും താമസ പ്രതിസന്ധിയുമൊക്കെ ഉണ്ടെങ്കിലും ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട്് വെക്കുന്ന രാജ്യമായ കാനഡ മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ തന്നെ 14മാത്തെ സാമ്പത്തിക ശക്തിയായ കാനഡ ടെക്‌നോളജി, ഹെല്‍ത്ത്് കെയര്‍, പ്രകൃതി വാതകം, ഫിനാന്‍സ് എ്ന്നീ മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും നാളുകളിലും കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.

വര്‍ഷത്തില്‍ ഏകദേശം 54630 യു.എസ് ഡോളറാണ് (45 ലക്ഷം ഇന്ത്യന്‍ രൂപ) കാനഡയിലെ ശരാശരി ശമ്പള നിരക്ക്. ഇതിന് വിപരീതമായി കേവലം ശരാശരി 11,120 യു.എസ് ഡോളര്‍ (10 ലക്ഷം) മാത്രമാണ് കാനഡയുടെ പ്രതിവര്‍ഷ ജീവിതച്ചെലവ്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയാല്‍ എന്നിവിടങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ജോലി സാധ്യതകളുള്ളതെന്നാണ് റിപ്പോര്‍ട്ട്.

  1. യു.എ.ഇ
    ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്. എന്നാല്‍ സമീപ കാലത്തായി പഠനത്തിനായി യു.എ.ഇയിലേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന തൊഴില്‍ സാധ്യതയും ജീവിത നിലവാരവുമാണ് യു.എ.ഇ പട്ടികയില്‍ ഇടംപിടിക്കാനുള്ള കാരണം.

എഞ്ചിനീയറിങ്, നിര്‍മ്മാണ മേഖല, ഫിനാന്‍സ് എന്നീ മേഖലകളിലേക്കാണ് വ്യാപകമായ തൊഴിലവസരങ്ങളുള്ളത്. സമീപ കാലത്തായി ആഗോള ബിസിനസ് കേന്ദ്രമായി വളര്‍ന്ന യു.എ.ഇയിലേക്ക് വ്യാപകമായി ഇന്ത്യക്കാരുടെ കുടിയേറ്റവും നടക്കുന്നുണ്ട്. മാത്രമല്ല യു.എ.ഇയില്‍ പണിയെടുക്കുന്ന വിദേശികള്‍ക്ക് നികുതിയിനത്തിലും ഇളവുകള്‍ ലഭ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.