2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശത്ത് ബിസിനസ് ചെയ്യാന്‍ ആഗ്രഹമുണ്ടോ? സ്റ്റാര്‍ട്ട്-അപ്പ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്; ഒ.ഇ.സി.ഡി റിപ്പോര്‍ട്ട്

വിദേശത്ത് ബിസിനസ് ചെയ്യാന്‍ ആഗ്രഹമുണ്ടോ? സ്റ്റാര്‍ട്ട്-അപ്പ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്; ഒ.ഇ.സി.ഡി റിപ്പോര്‍ട്ട്

യുവ സംരംഭകരെ സ്വന്തം നാട്ടിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല രാജ്യങ്ങളും സ്റ്റാര്‍ട്ട്-അപ്പ് വിസകള്‍ക്ക് പ്രചാരം നല്‍കി തുടങ്ങിയത്. കുടിയേറ്റക്കാരായ സംരംഭകര്‍ പുതിയ ജോലി സാധ്യതകള്‍ ഉണ്ടാക്കിയെടുക്കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാവാറുണ്ട്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും കഴിവുറ്റ സംരംഭകരെ സ്വന്തം രാജ്യത്തെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സംരഭകരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയാണ് ഒ.ഇ.സി.ഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എകണോമിക് കോ-ഒപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) രാജ്യങ്ങള്‍ എന്ന് പറയുന്നത്. 2023ലെ ഒ.ഇ.സി.ഡി സ്റ്റാര്‍ട്ട് അപ്പ് സംരംഭക കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കി കാനഡയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.

ഒ.ഇ.സി.ഡി രാജ്യങ്ങള്‍
ആസ്‌ട്രേലിയ, ഓസ്ട്രിയ, കാനഡ, ചിലി. ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, അയര്‍ലാന്റ്, ഇസ്രഈല്‍, ഇറ്റലി, ജപ്പാന്‍, കൊറിയ, ലാത്വിയ, ലിത്വാനിയ, ദി നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, പോളണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, യു.കെ, യു.എസ്.എ എന്നിവയാണ് ഒ.ഇ.സി.ഡി രാജ്യങ്ങള്‍.

കാനഡ
OECD പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ലിസ്റ്റില്‍ 25 ശതമാനം സ്‌കോര്‍ നേടി കാനഡയാണ് ഒന്നാമതെത്തിയത്. ബിസിനസ് സൗഹൃദ അന്തരീക്ഷം, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനുള്ള അനുകൂലമായ നിയമങ്ങള്‍, ജനങ്ങളുടെ കുടിയേറ്റ സൗഹൃദ മനോഭാവം, അനൂകൂലമായ ജീവിത സാഹചര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ റാങ്കിങ് നടത്തിയത്. ഇതുകൂടാതെ അന്താരാഷ്ട്ര സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകരെ ലക്ഷ്യമിടുന്ന പൊതു ഘടകങ്ങളും നിലവിലുള്ള ഇമിഗ്രേഷന്‍ നയങ്ങളും പരിഗണിച്ചാണ് വിദേശ സറ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന രാജ്യമായി കാനഡയെ തെരഞ്ഞെടുത്തത്.

ആദ്യ അഞ്ച് രാജ്യങ്ങള്‍
22 ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവയില്‍ യു.എസ്.എ, ഫ്രാന്‍സ്, യു.കെ, അയര്‍ലാന്റ് എന്നിവയാണ് രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

റിപ്പോര്‍ട്ട് പ്രകാരം യു.കെയും യു.എസ്.എയുമാണ് സമീപ കാലത്ത് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ച നേടിയ രാജ്യങ്ങള്‍. അന്താരാഷ്ട്ര സംരംഭക പ്രോഗ്രാം എന്ന പേരില്‍ 2.5 വര്‍ഷത്തേക്കാണ് സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് യു.എസ് വിസ നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഇത് വീണ്ടും 2.5 വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവും നല്‍കുന്നുണ്ട്. പക്ഷെ സംരംഭകര്‍ക്ക് നേരിട്ട് പെര്‍മനന്റ് റസിഡന്‍സ് നല്‍കുന്ന സംവിധാനം ഇതുവരെ നടപ്പാകാത്തത് പോരായ്മയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിലാണെങ്കില്‍ സ്റ്റാര്‍ട്ട് അപ്പുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ നിലവിലുണ്ട്. ഫ്രാന്‍സിന് പുറത്തുള്ള സംരംഭകരെ ലക്ഷ്യം വെച്ചുള്ള ദി ഫ്രഞ്ച് ടെക് വിസ അത്തരത്തിലൊന്നാണ്. മത്സര രൂപത്തില്‍ തെരഞ്ഞെടുക്കുന്ന ഈ വിസയില്‍ ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വക ധനസഹായവും നാല് വര്‍ഷ താമസ പെര്‍മിറ്റും ലഭിക്കും. ഈ ഘടകങ്ങളാണ് ഫ്രാന്‍സിനെ പട്ടികയില്‍ മുന്നിലെത്തിച്ചത്.

ആദ്യ പത്തിലെ പ്രമുഖര്‍
ഇവയെ കൂടാതെ യൂറോപ്പലെ തന്നെ മറ്റ് ചില രാജ്യങ്ങളുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. അയര്‍ലാന്റ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകളെ താങ്ങാനുള്ള സമ്പദ് വ്യവസ്ഥയില്ലെങ്കിലും താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഉദാരമായ നികുതി വ്യവസ്ഥയും, സംരംഭകര്‍ക്കായുള്ള ഫാമിലി വിസയും, രാജ്യത്തെ തൊഴില്‍ നിയമങ്ങളുമാണ് അയര്‍ലാന്റിനെ ലിസ്റ്റില്‍ ആദ്യ പത്തിലെത്തിച്ചത്.

അവസാന സ്ഥാനത്തെത്തിയവര്‍
ജപ്പാന്‍, എസ്‌തോണിയ, ഇസ്രഈല്‍ എന്നീ രാജ്യങ്ങളാണെങ്കില്‍ വളരെ ശക്തമായ സമ്പദ് വ്യവസ്ഥയും കൂടൂതല്‍ അവസരങ്ങളും മുന്നോട്ട് വെക്കുന്നവയാണ്. പക്ഷെ ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പട്ടികയില്‍ ഇവര്‍ അവസാന സ്ഥാനത്താണ്. അതിന് കാരണമായി പറയുന്നത് രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ സുതാര്യമല്ലാത്തത് കൊണ്ടാണ്. ജപ്പാന്‍ വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് സംരംഭകത്വ വിസകള്‍ അനുവദിക്കുന്നത്. അതില്‍ തന്നെ ആറ് മാസങ്ങള്‍ക്ക് ശേഷം വലിയ രീതിയിലുള്ള ഓഡിറ്റിങ്ങും നടക്കും. ഇസ്രഈല്‍ ആണെങ്കില്‍ സ്റ്റാര്‍ട്ട് അപ്പ് സംരഭകര്‍ക്ക് താമസ പെര്‍മിറ്റ് തീരെ അനുവദിക്കുന്നുമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.