അമിത വെളിച്ചം അപകടമാണ് ! കടുത്ത പ്രകാശം അര്‍ബുദത്തിനും മാനസിക വൈകല്യങ്ങള്‍ക്കും കാരണമാകുന്നതായി പഠനം
സി.പി സുബൈര്‍
തിരുവനന്തപുരം• കൃത്രിമമായുണ്ടാക്കുന്ന കടുത്ത പ്രകാശം അര്‍ബുദത്തിനും പ്രത്യുത്പാദനം കുറയ്ക്കാനും മാനസിക വൈകല്യങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ജൈവഘടികാരം താളംതെറ്റിക്കുന്നതായും അസ്വസ്ഥത, ഉറക്കമില്ലായ്മ, ക്ഷീണം, ഉത്പാദനക്ഷമത കുറയല്‍ എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ അളവിലുള്ള പ്രകാശം പോലും മനുഷ്യരുടെ ഉറക്കത്തിന്റെ സമയത്തെയും ഗുണനിലവാരത്തെയും ബാധിക്കുമെന്നും പഠനം പറയുന്നു. അന്താരാഷ്ട്ര ഗവേഷണ മാഗസിനായ കറന്റ് സയന്‍സിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയാണ് പ്രകാശ മലിനീകരണം ഉണ്ടാക്കുന്നത്. ടൈപ്പ്2 ഡയബറ്റിസിനും ഇതു കരാണമാകും. രാത്രിയില്‍ ഉയര്‍ന്ന അളവിലുള്ള വെളിച്ചത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
വിഷാദം, ഉത്കണ്ഠ, മറ്റു മാനസിക വൈകല്യങ്ങള്‍ക്കും ഇതു കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം മെലറ്റോണിന്‍ സ്രവത്തെ തടയുകയും ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും വിഷാദരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. രാത്രി കാലങ്ങളിലെ അമിത വെളിച്ചം കുട്ടികളിലെ കാഴ്ച സംവിധാനങ്ങളുടെ വികാസത്തെ തടസപ്പെടുത്തുകയും വൈജ്ഞാനിക വികസനം ഉള്‍പ്പെടെയുള്ള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു.
Comments are closed for this post.