കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ആരോപണ വിധേയമായ സോണ്‍ട കമ്പനിയുടെ ഗോഡ് ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി. സോണ്‍ട കമ്പനി മേതാവികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും നെതര്‍ലാന്‍ഡില്‍ വച്ച് അവരുമായി കൂടിക്കാഴ്ച നടത്തിയെന്നും പിന്നാലെ മൂന്ന് കരാറുകള്‍ അവര്‍ക്ക് ലഭിച്ചെന്നും ടോണി ചമ്മിണി ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ സോണ്‍ട കമ്പനി മേധാവിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ടോണി ചമ്മിണി പുറത്തുവിട്ടു.
‘2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുടെ കണ്‍സോര്‍ഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്‍ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. അതാണെങ്കില്‍ കമ്പനിയെ വെള്ളപൂശുന്ന നിലയിലുമായിരുന്നു.ടെന്‍ഡറില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ ടോണി ചമ്മിണി പറഞ്ഞു.
കമ്പനി പ്രതിനിധികളില്‍ വിദേശ പൗരന്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു.
Comments are closed for this post.